കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പരോക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനപ്രീതി ആർജിച്ചുവരുന്ന മെക് സെവൻ വ്യായാമത്തെ അടുത്തിടെ അബൂബക്കർ മുസ്ലിയാർ വിമർശിച്ചിരുന്നു. സ്ത്രീകളും പുരുഷൻമാരും ഇടകലർന്നുളള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അബൂബക്കർ മുസ്ലിയാരിന്റെ ഈ നിലപാടിനെയാണ് ഗോവിന്ദൻ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. ‘പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ച് നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരും.’- ഗോവിന്ദൻ പ്രതികരിച്ചു.
ഇന്നലെ കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അബൂബക്കർ മുസ്ലിയാർ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്. വിശ്വാസ സംരക്ഷണമാണ് പ്രധാനം എന്നതിൽ ഉറച്ചുനിന്നുകൊണ്ടാണ് അബൂബക്കർ മുസ്ലിയാർ തന്റെ നിലപാടിനെ ന്യായീകരിച്ചത്. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കിഴിശ്ശേരിയിൽ നടന്ന പരിപാടിയിലും മെക് സെവൻ കൂട്ടായ്മകൾക്കെതിരെ അബൂബക്കർ മുസ്ലിയാർ വിമർശനം ഉന്നയിച്ചിരുന്നു. വ്യായാമം എന്ന പേരിൽ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും മെക് സെവൻ സദസൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് അവർ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.