ന്യൂഡൽഹി : മോദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു.
“പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്കാരം. നമ്മുടെ മന് കീ ബാത് ഉം കൊറോണയുടെ സ്വാധീനത്തില്‍ നിന്നു മുക്തമല്ല. നിങ്ങളോട് കഴിഞ്ഞ മന് കീ ബാത് സംസാരിക്കുന്ന സമയത്ത് യാത്രാ ട്രെയിനുകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു, ബസ്സുകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു, വിമാനസേവനങ്ങള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇപ്രാവശ്യം പലതും പുനരാരംഭിച്ചിട്ടുണ്ട്, ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്, മറ്റു സ്പെഷ്യല്‍ ട്രെയിനുകളും ആരംഭിച്ചിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളോടും കൂടി യാത്രാവിമാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്, സാവധാനം വ്യവസായങ്ങളും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അതായത് സമ്പദ്വ്യവസ്ഥയുടെ ഒരു ഭാഗം പ്രവര്‍ത്തനനിരതമാകുന്നു. ഈ പരിതഃസ്ഥിതിയില്‍ നമുക്കു കൂടുതല്‍ മുന്‍കരുതലിന്റെ ആവശ്യമുണ്ട്. ആറടി അകലം പാലിക്കണമെന്നതും, മാസ്ക് ധരിക്കുന്ന കാര്യത്തിലും വീട്ടിലിരിക്കുന്ന കാര്യത്തിലാണെങ്കിലും ഒക്കെ ചിട്ട പാലിക്കുന്നതില്‍ അല്പവും ദാക്ഷിണ്യം വിചാരിക്കാന്‍ പാടില്ല.
രാജ്യത്ത് എല്ലാവരുടെയും ഒത്തുചേര്‍ന്നുള്ള ശ്രമഫലമായി കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. ലോകത്തിന്റെ സ്ഥിതി നോക്കിയാല്‍ ഭാരതീയരുടെ നേട്ടം എത്ര വലുതാണെന്നു മനസ്സിലാകും. നമ്മുടെ ജനസംഖ്യ ഭൂരിപക്ഷം രാജ്യങ്ങളുമായി നോക്കിയാല്‍ പലമടങ്ങ് കൂടുതലാണ്. നമ്മുടെ രാജ്യത്തെ വെല്ലുവിളികളും വ്യത്യസ്ത രീതിയിലുള്ളതാണ്, എന്നാലും നമ്മുടെ രാജ്യത്ത് കൊറോണ ലോകത്തിലെ മറ്റു രാജ്യങ്ങളില്‍ പകരുന്നിടത്തോളം വേഗതയില്‍ പകര്‍ന്നില്ല. കൊറോണകൊണ്ടുണ്ടാകുന്ന മരണത്തിന്റെ നിരക്കും നമ്മുടെ രാജ്യത്ത് വളരെ കുറവാണ്. ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് നമുക്കെല്ലാം വളരെ ദുഃഖമുണ്ട്. എന്നാല്‍ നമുക്കു കാത്തുരക്ഷിക്കാനായത്, തീര്‍ച്ചയായും രാജ്യത്തെ സാമൂഹികമായ ദൃഢനിശ്ചയത്തിന്റെ ഫലമായിട്ടാണ്. ഇത്രയും വലിയ രാജ്യത്ത് ഓരോ ദേശവാസിയും സ്വയം ഈ പോരാട്ടം നടത്താന്‍ നിശ്ചയിച്ചു, ഈ മുന്നേറ്റമെല്ലാം ജനങ്ങള്‍ നയിക്കുന്നതാണ്.
സുഹൃത്തുക്കളേ, രാജ്യത്തെ ജനങ്ങളുടെ ദൃഢനിശ്ചയത്തോടൊപ്പം ഒരു ശക്തികൂടി ഈ പോരാട്ടത്തില്‍ നമ്മുടെ വലിയ ബലമാണ് – അതാണ് രാജ്യത്തെ ജനങ്ങളുടെ സേവനശക്തി. വാസ്തവത്തില്‍ ഈ മഹാമാരിക്കൊപ്പം, ഭാരതവാസികളുടെ, നമ്മുടെ സേവനത്തിന്റെയും ത്യാഗത്തിന്റെയും മനോഭാവം നമ്മുടെ ആദര്‍ശം മാത്രമല്ല, മറിച്ച് ഭാരതത്തിലെ ജീവിതരീതിയാണ്, നമ്മുടെ ആദര്ശവാക്യമെന്നപോലെ പറയപ്പെടുന്നതാണ് – സേവാ പരമോ ധര്‍മ്മഃ എന്നത്. സേവനംതന്നെ സുഖം, സേവനംതന്നെ സന്തോഷം.
മറ്റൊരാളെ സേവിക്കുന്നതില്‍ മുഴുകിയിരിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ ഒരിക്കലും ഒരു മാനസിക സമ്മര്‍ദ്ദങ്ങളും ഉണ്ടാവില്ല. അവരുടെ ജീവിതത്തില്‍, ജീവിതത്തെക്കുറിച്ചുള്ള അവരുടെ വീക്ഷണത്തില്‍ നിറയെ ആത്മവിശ്വാസം, സകാരാത്മമനോഭാവം, സജീവമായ ഉത്സാഹം അനുനിമിഷം കാണാനാകും.
സുഹൃത്തുക്കളേ, നമ്മുടെ ഡോക്ടര്‍മാര്‍, നേഴ്സിംഗ് സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, പോലീസുകാര്‍, മാധ്യമസുഹൃത്തുക്കള്‍ എല്ലാംതന്നെ നടത്തുന്ന സേവനത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും സൂചിപ്പിക്കുകയുണ്ടായിട്ടുണ്ട്. മന് കീ ബാത്തിലും ഞാന്‍ അതിനെക്കുറിച്ചു പറയുകയുണ്ടായി. സേവനത്തിനായി തങ്ങളുടെ സര്‍വ്വതും സമര്‍പ്പിക്കുന്ന ആളുകളുടെ എണ്ണം അസംഖ്യമാണ്.
ഇക്കൂട്ടത്തില്‍ തമിഴ്നാട്ടിലെ ഒരു പുണ്യാത്മാവുണ്ട്, സി.മോഹന്‍. സി.മോഹന്‍ മധുരയില്‍ ഒരു സലൂണ്‍ നടത്തുന്നു. തന്റെ അധ്വാനത്തിലുടെ ഇദ്ദേഹം സ്വന്തം മകളുടെ വിദ്യാഭ്യാസത്തിനായി അഞ്ചുലക്ഷം രൂപ സമ്പാദിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം ഈ മുഴുവന്‍ തുകയും ഈ രോഗവുമായി ബന്ധപ്പെട്ട അത്യാവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും ഉപയോഗിക്കുന്നതിനായി ചെലവു ചെയ്തു.
ഇതേപോലെ, അഗര്‍ത്തലയില്‍ ഉന്തുവണ്ടി വലിച്ച് ഉപജീവനം നടത്തുന്ന ഗൗതംദാസും തന്റെ ദൈനംദിനമുള്ള സമ്പാദ്യത്തില്‍ നിന്ന് സൂക്ഷിച്ചുവച്ച തുകയില്‍ നിന്ന് എല്ലാദിവസവും അരിയും പയറും വാങ്ങി അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്കുന്നു.
പഞ്ചാബിലെ പത്താന്‍കോട്ടില്‍ നിന്നും ഇതുപോലെ ഒരു ഉദാഹരണം ശ്രദ്ധയില്‍ പെട്ടു. ഇവിടെ ദിവ്യാംഗനായ സഹോദരന് രാജു, മറ്റുള്ളവരുടെ സഹായംകൊണ്ടു സ്വരൂപിച്ച ഒരു തുകകൊണ്ട് മൂവായിരത്തിലധികം മാസ്കുകള്‍ ഉണ്ടാക്കി ആളുകള്‍ക്ക് വിതരണം ചെയ്തു. സഹോദരന് രാജു, ഈ കഷ്ടപ്പാടിന്റെ സമയത്ത് ഏകദേശം നൂറു കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള റേഷനും എത്തിച്ചുകൊടുത്തു.
രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും മഹിളാ സ്വാശ്രയ സംഘങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെയും അസംഖ്യം കഥകള്‍ നമ്മുടെ മുന്നിലെത്തുന്നുണ്ട്. ഗ്രാമങ്ങളിലും ചെറിയ തെരുവുകളിലും നമ്മുടെ സഹോദരിമാരും പുത്രിമാരും എല്ലാ ദിവസവും ആയിരക്കണക്കിന് മാസ്കുകള്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാ സാമൂഹിക സംഘടനകളും ഈ കാര്യത്തില്‍ ഇവരുമായി സഹകരിക്കുന്നുണ്ട്.
സുഹൃത്തുക്കളേ, ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ എല്ലാ ദിവസവും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. എത്രയോ ജനങ്ങള്‍ സ്വയം എനിക്ക് നമോ ആപ്പിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് അറിയിക്കുന്നുണ്ട്.
പലപ്പോഴും സമയക്കുറവു കാരണം പല ആളുകളുടെയും പല സംഘടനകളുടെയും, പല സ്ഥാപനങ്ങളുടെയും പേരു പറയാന്‍ എനിക്കു സാധിക്കുന്നില്ല. സേവനമനോഭാവത്തോടെ, ആളുകളെ സഹായിക്കുന്ന എല്ലാവരെയും ഞാന്‍ പ്രശംസിക്കുന്നു, അവരെ ആദരിക്കുന്നു, അവരെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഈ ആപദ്ഘട്ടത്തില്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ച ഒരു കാര്യം കൂടിയുണ്ട് – പുതിയ കണ്ടുപിടുത്തങ്ങള്‍. രാജ്യത്തെ എല്ലാ ജനങ്ങളും, ഗ്രാമങ്ങള്‍ മുതല്‍ നഗരങ്ങളില്‍ വരെ, നമ്മുടെ ചെറിയ കച്ചവടക്കാര്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ പലരും, നമ്മുടെ ലാബോറട്ടറികളും കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ പുതിയ രീതികള്‍ കണ്ടെത്തുകയാണ്, പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ്.
ഉദാഹരണത്തിന് നാസിക്കിലെ രാജേന്ദ്രയാദവ് മുന്നോട്ടു വയ്ക്കുന്ന ഉദാഹരണം വളരെ രസമുള്ളതാണ്. രജേന്ദ്രജി നാസിക്കില്‍ സതനാ ഗ്രാമത്തിലെ കര്‍ഷകനാണ്. തന്റെ ഗ്രാമത്തെ കൊറോണ പടരുന്നതില്‍ നിന്നു രക്ഷിക്കാനായി അദ്ദേഹം ട്രാക്ടറുമായി ബന്ധിപ്പിച്ച് ഒരു സാനിട്ടൈസര്‍ മെഷീനുണ്ടാക്കി. ഈ പുതിയ മെഷീന് വളരെ ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇതുപോലെ ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ അനേകം ചിത്രങ്ങള്‍ കാണുന്നുണ്ട്. പല കടക്കാരും ആറടി അകലം ഉറപ്പാക്കാന്‍ കടയില്‍ വലിയ പൈപ് ലൈന്‍ വച്ചിരിക്കുന്നു, അതില്‍ ഒരറ്റത്തുനിന്ന് കടക്കാരന് സാധനം വച്ചുകൊടുക്കുന്നു, മറ്റേ അറ്റത്ത് ഉപഭേക്താവിന് സാധനം എടുക്കാന്‍ സാധിക്കുന്നു.
ഈ സമയം പഠനരംഗത്തും പുതിയ വ്യത്യസ്തങ്ങളായ കണ്ടുപിടുത്തുങ്ങള്‍ അധ്യാപകരും കുട്ടികളും ഒരുമിച്ച് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍, വീഡിയോ ക്ലാസുകള്‍ ഒക്കെയും വ്യത്യസ്തങ്ങളായ രീതികളില്‍ പുതുമ നിറഞ്ഞതാക്കുന്നു.
കൊറോണയ്ക്കെതിരെയുള്ള വാക്സിന്റെ കാര്യത്തില്‍ നമ്മുടെ ലാബുകളില്‍ ജോലികള്‍ നടക്കുന്നുണ്ട്. ലോകമെങ്ങും നിന്നുള്ളവര്‍ അത് ശ്രദ്ധിക്കുന്നുണ്ട്. നാമതില്‍ പ്രതീക്ഷയും പുലര്‍ത്തുകയാണ്.
ഏതൊരു പരിസ്ഥിതിയിലും മാറ്റമുണ്ടാക്കുന്നതിന് ഇച്ഛാശക്തിക്കൊപ്പം അത് വളരെയധികം പുതുമയെയും ആശ്രയിച്ചിരിക്കുന്നു. ആയിരക്കണക്കിനു വര്‍ഷത്തെ മനുഷ്യസമൂഹത്തിന്റെ യാത്ര, നിരന്തരം പുതുമകളിലൂടെയാണ് ഇത്രയും ആധുനികമായ കാലത്തിലെത്തിയിട്ടുള്ളത്. അതുകൊണ്ട് ഈ മഹാമാരിയെ കീഴടക്കുന്നതിന് നമ്മുടെ ഈ പുതിയ കണ്ടുപിടുത്തങ്ങളും വലിയ അടിസ്ഥാനങ്ങളായിരിക്കും.
സുഹൃത്തുക്കളേ, കൊറോണയ്ക്കെതിരായ ഈ പോരാട്ടത്തിന്റെ പാത വളരെ നീണ്ടതാണ്. ലോകത്തിന്റെയാകെയും മുന്നില്‍ ഒരു ചികിത്സയില്ലാത്ത, ഇതിനുമുമ്പ് നേരിട്ട അനുഭവമില്ലാത്ത ഈ രോഗത്തിന്റെ പുതിയ പുതിയ വെല്ലുവിളികളും അതുകാരണം ബുദ്ധിമുട്ടുകളും നാം നേരിടേണ്ടി വരുന്നുണ്ട്. ഇത് കൊറോണ ബാധിച്ചിട്ടുള്ള ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അനുഭവപ്പെടുന്നുണ്ട്, ഭാരതവും അതിന്റെ പിടിയില്‍ നിന്ന് മുക്തമല്ല. നമ്മുടെ രാജ്യത്തും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്ത, കഷ്ടപ്പാടില്ലാത്ത ഒരു സമൂഹവുമില്ല. ഈ ആപത്തിന്റെ ഏറ്റവും വലിയ ആഘാതമേറ്റിരിക്കുന്നത് നമ്മുടെ ദരിദ്രരായ, തൊഴിലാളി-അധ്വാനവര്‍ഗ്ഗമാണ്. അവരുടെ ബുദ്ധിമുട്ട്, അവരുടെ വേദന, അവരുടെ കഷ്ടപ്പാട്, എന്നിവ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല. അവരുടെയും അവരുടെ കുടുംബത്തിന്റെയും കഷ്ടപ്പാട് മനസ്സിലാക്കാത്തവര്‍ നമ്മളില്‍ ആരാണുള്ളത്. നമുക്കെല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് ഈ കഷ്ടപ്പാടിനെ, ഈ വേദനയെ പങ്കുവയ്ക്കാന്‍ ശ്രമിക്കാം, രാജ്യംമുഴുവന്‍ അതിനുള്ള ശ്രമത്തിലാണ്.
നമ്മുടെ റെയില്‍വേയിലെ സുഹൃത്തുക്കള്‍ രാപകല്‍ അധ്വാനിക്കുകയാണ്. കേന്ദ്രസര്‍ക്കാരാണെങ്കിലും സംസ്ഥാന സര്ക്കരാണെങ്കിലും, പ്രാദേശിക സ്വയംഭരണസംവിധാനങ്ങളാണെങ്കിലും എല്ലാവരും രാപകല്‍ അധ്വാനിക്കുകയാണ്. റെയില്‍വേ ജോലിക്കാര്‍ ഇന്ന് കൊറോണാ പോരാളികളെപ്പോലെതന്നെയാണ് സേവനത്തിലേര്പ്പെട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളെ, ട്രെയിനുകളിലും ബസ്സുകളിലും സുരക്ഷിതരായി കൊണ്ടുപോവുക, അവര്‍ക്ക് തിന്നാനും കുടിക്കാനുമുള്ള ഏര്‍പ്പാടുകളുണ്ടാക്കുക, എല്ലാ ജില്ലകളിലും ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഏര്‍പ്പാടാക്കുക, എല്ലാവരെയും ടെസ്റ്റിംഗും ചെക്കപ്പും ചെയ്യുക, ചികിത്സയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുക ഈ കാര്യങ്ങളെല്ലാം നിരന്തരം വലിയ അളവിലാണ് നടന്നുപോരുന്നത്.
എന്നാല്‍ സുഹൃത്തുക്കളേ, ഇന്നു നാം കാണുന്ന ദൃശ്യം നമ്മെ മുമ്പു കാലത്ത് എന്തു നടന്നു, എന്നത് അവലോകനം ചെയ്യുന്നതിനും ഭാവിയിലേക്കുള്ള പാഠം ഉള്‍ക്കൊള്ളാനും അവസരമൊരുക്കുന്നു. ഇന്ന് നമ്മുടെ തൊഴിലാളികളുടെ വേദനയില്‍ നമുക്ക് കാണാന്‍ കഴിയുന്നത് രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തിന്റെ വേദനയാണ്. ഏതൊരു കിഴക്കന്‍ ഭാഗത്തിനാണോ രാജ്യത്തിന്റെ വളര്‍ച്ചയുടെ എഞ്ചിനാകാനുള്ള കഴിവുള്ളത്, ആരുടെ തൊഴിലാളികളുടെ ബാഹുബലം കൊണ്ടാണോ രാജ്യത്തിന്, പുതിയ ഉയരങ്ങളില്‍ എത്താനാകുന്നത്, ആ കിഴക്കന്‍ മേഖലയുടെ വികസനം അത്യാവശ്യമാണ്. കിഴക്കന്‍ ഭാരതത്തിന്റെ വികസനത്തിലൂടെയേ രാജ്യത്തിന്റെ സന്തുലിതമായ സാമ്പത്തിക വികസനം സാധ്യമാകൂ. രാജ്യം എനിക്ക് സേവനത്തിന് അവസരം നല്കിയപ്പോള്മുതല് കിഴക്കന്‍ ഭാരതത്തിന്റെ വികസനത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ കാര്യത്തില്‍ വളരെയധികം കാര്യങ്ങള്‍ നടന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ പ്രവാസികളായ തൊഴിലാളികളുടെ കാര്യം കാണുമ്പോള്‍ വളരെ പുതിയ ചുവടുവയ്പ്പുകള്‍ ആവശ്യമായി വരുന്നു. നാം നിരന്തരം ആ കാര്യത്തില്‍ മുന്നേറുകയാണ്. ഉദാഹരണത്തിന് തൊഴിലാളികളുടെ സ്കില്‍ മാപ്പിംഗ് ന്റെ ജോലി നടക്കുന്നു. ചിലേടത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു, മൈഗ്രേഷന്‍ കമ്മീഷന് ഉണ്ടാക്കേണ്ട കാര്യം ചര്‍ച്ചയാകുന്നു. ഇതുകൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനത്തിലൂടെയും ഗ്രാമങ്ങളില്‍ തൊഴില്‍, സ്വയം തൊഴില്‍, ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട് വലിയ സാധ്യതകള്‍ തുറന്നിരിക്കുന്നു. ഈ തീരുമാനങ്ങള്‍, ഇപ്പോഴത്തെ സ്ഥിതിഗതികള്‍ക്കു സമാധാനമുണ്ടാക്കാനുള്ളതാണ്. ആത്മനിര്‍ഭര്‍ – സ്വയംപര്യാപ്ത ഭാരതം ഉണ്ടാക്കാന്‍ വേണ്ടി, നമ്മുടെ ഗ്രാമങ്ങള്‍ സ്വയംപര്യാപ്തങ്ങളായിരുന്നെങ്കില്‍, നമ്മുടെ ചെറുനഗരങ്ങള്‍ സ്വയംപര്യാപ്തങ്ങളായിരുന്നെങ്കില്‍, നമ്മുടെ ജില്ലകള്‍ സ്വയംപര്യാപ്തങ്ങളായിരുന്നെങ്കില്‍ പല പ്രശ്നങ്ങളും ഇപ്പോള്‍ നമ്മുടെ മുന്നില്‍ പ്രകടമായിരിക്കുന്നുതുപോലെ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്കു നീങ്ങുകയെന്നത് മനുഷ്യസ്വഭാവമാണ്. എല്ലാ വെല്ലുവിളികള്‍ക്കുമിടയില്‍ സ്വാശ്രയ ഭാരത് എന്ന വിഷയത്തില്‍ രാജ്യമെങ്ങും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ആളുകള്‍ ഇപ്പോള്‍ ഇത് തങ്ങള്‍ നയിക്കുന്ന ജനമുന്നേറ്റമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ ദൗത്യത്തിന്റെ നേതൃത്വം രാജ്യത്തെ ജനങ്ങള്‍ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. വളരെയധികം ആളുകള്‍ തങ്ങളുടെ പ്രദേശത്ത് ഉണ്ടാക്കപ്പെടുന്ന സാധനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിരിക്കുന്നു എന്നു പറയുന്നു. ഈ ആളുകള്‍ പ്രാദേശികതലത്തില്‍ ഉണ്ടാക്കിയ ഉത്പന്നങ്ങള്‍ വാങ്ങുന്നു, അവയ്ക്ക് വാമൊഴിയായി പ്രചാരം നല്‍കുകയും ചെയ്യുന്നു. മേക് ഇന്‍ ഇന്ത്യയ്ക്ക് പ്രോത്സാഹനം ലഭിക്കാന്‍ എല്ലാവരും തങ്ങളുടേതായ ദൃഢനിശ്ചയങ്ങളെടുക്കുകയാണ്.
ബിഹാറിലെ നമ്മുടെ ഒരു സുഹൃത്ത് ശ്രീ.ഹിമാംശു എനിക്ക് നമോ ആപ് ല്‍ എഴുതിയിരിക്കുന്നു, ഭാരതം വിദേശത്തുനിന്നുള്ള ഇറക്കുമതി ഏറ്റവും കുറച്ച് ചെയ്യുന്ന ഒരു ദിനം കാണാനാഗ്രഹിക്കുന്നുവത്രേ! പെട്രോളാണെങ്കിലും, ഡീസലാണെങ്കിലും ഇന്ധനങ്ങളാണെങ്കിലും, ഇലക്ട്രോണിക് ഇനങ്ങളാണെങ്കിലും യൂറിയ ആണെങ്കിലും ഭക്ഷ്യ എണ്ണയുടെ കാര്യമാണെങ്കിലും ഇവയുടെ ഒക്കെ ഇറക്കുമതി വളരെ കുറച്ചാകട്ടെ എന്ന്. ഞാന്‍ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. നമ്മുടെ രാജ്യത്ത് നമ്മുടെ വിശ്വസ്തരായ നികുതിദാതാക്കളുടെ പണം ചിലവാകുന്ന എത്രയോ സാധനങ്ങള്‍ പുറത്തുനിന്നുവരുന്നു, എന്നാല്‍ അവയ്ക്കു പകരമുള്ളത് നിഷ്പ്രയാസം ഭാരതത്തില്‍ ഉണ്ടാക്കാന്‍ ആകുന്നതാണ്.
അസമില്‍ നിന്നുള്ള സുദീപ് എനിക്കെഴുതിയിരിക്കുന്നത് അദ്ദേഹം സ്ത്രീകളുണ്ടാക്കുന്ന മുള ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്നു; വരുന്ന രണ്ട് വര്‍ഷങ്ങളില്‍ അദ്ദേഹം മുള ഉത്പന്നങ്ങള്‍ക്ക് ഒരു ആഗോള ബ്രാന്‍ഡ് ഉണ്ടാക്കുമെന്നാണ്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്’, ഈ ദശകത്തില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, കൊറോണ വിപത്തിന്റെ ഈ സമയത്ത് ഞാന്‍ ലോകനേതാക്കളുമായി സംസാരിക്കുകയുണ്ടായി. എന്നാല്‍ ഞാനൊരു രഹസ്യം പറയാനാഗ്രഹിക്കുന്നു – ലോകനേതാക്കളുമായി സംസാരിക്കുമ്പോള്‍ ഈ നാളുകളില്‍ ആളുകള്‍ക്ക് യോഗയുടെയും ആയുര്‍വ്വേദത്തിന്റെയും കാര്യത്തില്‍ വളരെയധികം താത്പര്യമുണ്ടെന്നാണ് ഞാന്‍ കണ്ടത്. കൊറോണയുടെ ഈ കാലത്ത് യോഗയും ആയുര്‍വ്വേദവും എങ്ങനെ സഹായിക്കും എന്നാണ് ചില നേതാക്കള്‍ എന്നോടു ചോദിച്ചത്.
സുഹൃത്തുക്കളേ, അന്തര്‍രാഷ്ട്രീയ യോഗ ദിവസം വേഗം സമീപിക്കുകയാണ്. യോഗ ആളുകളുടെ ജീവിതവുമായി ബന്ധപ്പെടുന്നതനുസരിച്ച് ആളുകളില്‍ തങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ജാഗരൂകത വര്‍ധിക്കുന്നുണ്ട്. ഇപ്പോള്‍ കൊറോണ വിപത്തിനിടയില് ഹോളിവുഡ് മുതല്‍ ഹരിദ്വാര്‍ വരെ, വീട്ടിലിരുന്നുകൊണ്ട് യോഗയുടെ കാര്യത്തില്‍ ആളുകള്‍ വളരെ ശ്രദ്ധ ചെലത്തുന്നു എന്നു കാണാനാകുന്നുണ്ട്. എല്ലായിടത്തും ആളുകള്‍ യോഗയോടൊപ്പം ആയുര്വ്വേദത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഒരിക്കലും യോഗ ചെയ്തിട്ടില്ലാത്ത എത്രയോ ആളുകള്‍ ഒന്നുകില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെങ്കില്‍ വീഡിയോയിലൂടെ യോഗ പഠിക്കുന്നു. യഥാര്‍ത്ഥത്തില്‍ യോഗ കമ്യൂണിറ്റിക്കും ഇമ്യൂണിറ്റിക്കും യൂണിറ്റിക്കും നല്ലതാണ്.
കൊറോണയെന്ന വിപത്തിന്റെ ഈ സമയത്ത് യോഗ ഇന്ന് വിശേഷിച്ചും പ്രാധാന്യം നേടുന്നത്, ഇത് ഈ വൈറസ് നമ്മുടെ ശ്വാസോച്ഛ്വാസസംവിധാനത്തെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്നതുകൊണ്ടാണ്. യോഗയില്‍ ശ്വാസോച്ഛ്വാസസംവിധാനത്തെ ശക്തിപ്പെടുത്തുന്ന അനേകം പ്രാണായാമങ്ങളുണ്ട്. അതിന്റെ ഗുണം നമ്മള് വളരെ കാലമായി കാണുന്നുണ്ട്. ഇത് ടൈം ടെസ്റ്റഡ് ടെക്നിക്കാണ്, കാലം തെളിയിച്ച സാങ്കേതികവിദ്യയാണ്, ഇതിന് വേറിട്ട മഹത്വമുണ്ട്. കപാലഭാതിയും അനുലോംവിലോമുമായി പ്രാണായാമത്തെക്കാളധികം ആളുകള്‍ക്ക് പരിചയമുണ്ടായിരിക്കാം. എന്നാല്‍ വളരെ ഗുണങ്ങളുള്ള ഭസ്ത്രികാ, ശീതളീ, ഭ്രാമരീ പോലെ പല പ്രാണായാമരീതികളുമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ യോഗയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ഇപ്രാവശ്യം ആയുഷ് മന്ത്രാലയം വളരെ വിശേഷപ്പട്ട ഒരു കാര്യം ചെയ്തിട്ടുണ്ട്. ആയുഷ് മന്ത്രാലയം ‘മൈ ലൈഫ്, മൈ യോഗ’ എന്ന പേരില്‍ അന്താരാഷ്ട്ര വീഡിയോ ബ്ലോഗ് മത്സരം ആരംഭിച്ചിട്ടുണ്ട്. ഭാരതത്തില്‍ നിന്നുമാത്രമല്ല ലോകമെങ്ങും നിന്നുള്ള ആളുകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതില്‍ പങ്കെടുക്കുന്നതിന് നിങ്ങള്‍ മൂന്നു മിനിറ്റു നേരത്തേക്കുള്ള ഒരു വീഡിയോ ഉണ്ടാക്കി അപ്ലോഡ് ചെയ്യണം. ഈ വീഡിയോയില്‍ നിങ്ങള്‍, യോഗാസനം ചെയ്തുകൊണ്ടിരിക്കുന്നതു കാണാനാകണം. യോഗ കൊണ്ട് നിങ്ങളുടെ ജീവിതത്തില്‍ എന്തു മാറ്റമാണോ ഉണ്ടായിരിക്കുന്നത്, അതെക്കുറിച്ച് പറയണം. എനിക്കു നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് നിങ്ങളേവരും ഈ മത്സരത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണം, അന്താരാഷ്ട്ര യോഗ ദിവസത്തില്‍ ഇങ്ങനെ പുതിയ രീതിയില്‍ നിങ്ങളും പങ്കാളിയാകൂ.
സഹൃത്തുക്കളേ, നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ദരിദ്രര്‍, ദശകങ്ങളായി ഒരു വലിയ വേവലാതിയില്‍ പെട്ടിരിക്കയാണ്. രോഗം വന്നാല്‍ എന്തു ചെയ്യും? സ്വന്തം ചികിത്സ നടത്തുമോ അതോ കുടുംബത്തിനായി ഭക്ഷണത്തിനെക്കുറിച്ച് വേവലാതിപ്പെടുമോ? ഈ വിഷമം മനസ്സിലാക്കിക്കൊണ്ട് ഈ വേവലാതി ദൂരീകരിക്കുന്നതിന് ഏകദേശം ഒന്നര വര്‍ഷം മുമ്പ് ആയുഷ്മാന്‍ ഭാരത് പദ്ധതി ആരംഭിക്കുകയുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആയുഷ്മാന്‍ ഭാരത് കൊണ്ട് ഗുണം കിട്ടുന്നവരുടെ എണ്ണം ഒരു കോടിയിലധികമായി. ഒരു കോടിയിലധികം രോഗികള്‍, അതായത് രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ക്ക് സേവനം ചെയ്യാനായി. ഒരു കോടിയിലധികം രോഗികള്‍ എന്നു പറഞ്ഞാലെന്താണ്? ഒരു കോടിയിലധികം രോഗികള്‍ എന്നാല്‍ നോര്വ്വേയെപ്പോലെയോ സിംഗപ്പൂര്‍ പോലെയോ ഒരു രാജ്യത്തുള്ള ആകെ ജനസംഖ്യയെക്കാള്‍ രണ്ടിരട്ടിയലധികം ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ നല്കി എന്നാണ്. ദരിദ്രര്‍ക്ക് ആശുപത്രിയില്‍ സൗജന്യമായി ചികിത്സ നല്കപ്പെട്ടിരുന്നില്ലെങ്കില്, ഒരു ഏകദേശ കണക്കു കൂട്ടിയാല്‍ പതിനാലായിരം കോടി രൂപയിലധികം സ്വന്തം കീശയില്‍ നിന്ന് ചിലവാകുമായിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി എല്ലാ ഗുണഭോക്താക്കള്ക്കുമൊപ്പം രോഗികളെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും ആശംസകള്‍ നേരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഒരു വലിയ വൈശിഷ്ട്യം പോര്‍ട്ടബിലിറ്റി സൗകര്യമുണ്ടെന്നതാണ്. പോര്‍ട്ടബിലിറ്റി രാജ്യത്തിന് ഐക്യത്തിന്റെ നിറമേകുന്നതിലും സഹായകമായിരിക്കുന്നു. അതായത് ബിഹാറിലെ ഒരു രോഗിക്ക് വേണമെങ്കില്‍, സ്വന്തം സംസ്ഥാനത്ത് ലഭിക്കുന്ന അതേ സൗകര്യം കര്‍ണ്ണാടകയിലും ലഭിക്കും. ഇങ്ങനെ മഹാരാഷ്ട്രയിലെ ഒരു രോഗിക്ക്, ലഭിക്കുന്ന ചികിത്സയ്ക്കുള്ള അതേ സൗകര്യം തമിഴ്നാട്ടിലും ലഭിക്കും. ഈ പദ്ധതി കാരണം ഏതെങ്കിലും പ്രദേശത്ത്, ആരോഗ്യചികിത്സാ സൗകര്യം കുറവാണെങ്കില്‍, അവിടത്തെ ദരിദ്രനായ ഒരാള്‍ക്ക് രാജ്യത്തിന്റെ ഏതൊരു കോണിലും ചെന്ന് നല്ല ചികിത്സ നേടാനുള്ള സൗകര്യം ലഭിക്കുന്നു.
സുഹൃത്തുക്കളേ, ഒരു കോടി ഗുണഭോക്താക്കളില്‍ നിന്നും 80 ശതമാനം ഗുണഭോക്താക്കള്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലാണെന്നറിയുമ്പോള് നിങ്ങള്‍ക്ക് അത്ഭുതം തോന്നാം. ഇതില്‍ത്തന്നെ ഏകദേശം 50 ശതമാനം ഗുണഭോക്താക്കള്‍ നമ്മുടെ അമ്മമാരും സഹോദരിമാരും ബാലികമാരുമാണ്. ഈ ഗുണഭോക്താക്കളില്‍ അധികം പേരും സാധാരണ മരുന്നുകള്‍കൊണ്ടൊന്നും ചികിത്സ സാധ്യമല്ലാത്തവരാണ്. ഇവരില്‍ 70 ശതമാനം ആളുകള്‍ക്ക് ഓപ്പറേഷന് വേണ്ടി വന്നു. എത്ര വലിയ ബുദ്ധിമുട്ടുകളില്‍ നിന്നാണ് ഇവര്‍ക്ക് മോചനം ലഭിച്ചതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. മണിപ്പൂരിലെ ചുരാചാംദപുര് എന്ന സ്ഥലത്തെ ആറുവയസ്സുള്ള കുട്ടി കേലേന്സാംഗിനും ഇങ്ങനെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ പുതുജീവന്‍ ലഭിക്കുകയുണ്ടായി. കേലന്സാംഗിന് വളരെ ചെറിയ പ്രായത്തില്‍ തലച്ചോറിന് രോഗം പിടിപെട്ടു. ഈ കുട്ടിയുടെ അച്ഛന് ഗ്രാമീണ തൊഴിലാളിയാണ്, അമ്മ നെയ്ത്ത് ജോലി ചെയ്യുന്നു. അതുകൊണ്ടുതന്നെ കുട്ടിയുടെ ചികിത്സ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അവരുടെ കുട്ടിക്ക് സൗജന്യ ചികിത്സ ലഭിച്ചിരിക്കുന്നു. ഏകദേശം ഇതേ തരത്തിലുള്ള അനുഭവമാണ് പുതുച്ചേരിയിലുള്ള അമൃതവല്ലിക്കുണ്ടായത്. അവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി ആപദ്ബന്ധുവായി മാറിയിരിക്കുന്നു. അമൃതവല്ലിയുടെ ഭര്‍ത്താവ് ഹൃദയസ്തംഭനം മൂലം മരിച്ചുപോയിരുന്നു. അവരുടെ 27 വയസ്സുള്ള മകന് ജീവയ്ക്കും ഹൃദയരോഗമായിരുന്നു. ഡോക്ടര്‍മാര്‍ ജീവയ്ക്ക് സര്‍ജറി വേണമെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഗ്രാമീണ തൊഴിലിലേര്‍പ്പെടുന്ന ജീവയ്ക്ക് സ്വന്തം ചെലവില്‍ ഇത്രയും വലിയ ഓപ്പറേഷന് ചെയ്യിക്കുക സാധ്യമായിരുന്നില്ല, എന്നാല്‍ അമൃതവല്ലി മകനെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിച്ചിരുന്നു. ഒമ്പതു ദിവസത്തിനുള്ളില്‍ മകന് ജീവയുടെ ഹൃദയശസ്ത്രക്രിയ സാധ്യമായി.
സുഹൃത്തുക്കളേ, ഞാന്‍ മൂന്നുനാലു സംഭവങ്ങളെക്കുറിച്ച് മാത്രമേ പറഞ്ഞുള്ളൂ. ആയുഷ്മാന്‍ ഭാരത് മായി ബന്ധുപ്പെട്ട് ഇങ്ങനെ കോടിക്കണക്കിനു കഥകളുണ്ട്. ഈ കഥകള്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടേതാണ്, ദുഖത്തില്‍നിന്നും കഷ്ടപ്പാടുകളില്‍ നിന്നും രക്ഷപ്പെട്ട നമ്മുടെ സ്വന്തം കുടുംബാംഗങ്ങളുടേതാണ്. എനിക്ക് നിങ്ങളോട് അഭ്യര്‍ഥിക്കാനുള്ളത് സമയം കിട്ടിയാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി വഴി ചികിത്സ നടത്തിയിട്ടുള്ളവരോട് തീര്‍ച്ചയായും സംസാരിക്കൂ എന്നാണ്. ഒരു ദരിദ്രന് രോഗമുക്തനാകുമ്പോള്‍ അവന് ദാരിദ്ര്യത്തോടു പോരാടാനുള്ള ശക്തി ലഭിക്കുന്നതായി തോന്നാന്‍ തുടങ്ങുന്നു എന്നു നിങ്ങള്‍ക്കു കാണാം. ഞാന്‍ നമ്മുടെ രാജ്യത്തെ വിശ്വസ്തരായ നികുതിദായകരോടു പറയുന്നു, ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരം ദരിദ്രരായയവരുടെ ചികിത്സ നടന്നതിന്റെ, അവരുടെ ജീവതം സുഖമായതിന്റെ, സന്തോഷം ലഭിച്ചതിന്റെ യഥാര്‍ഥ അവകാശികള്‍ നിങ്ങളും കൂടിയാണ്, വിശ്വസ്ഥരായ നികുതിദായകരും ഈ പുണ്യത്തിന് പങ്കാളികളാണ്.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഒരു വശത്ത് നാം ഒരു മഹാമാരിയോടു പോരാടുകയാണ്, മറുവശത്ത് അടുത്ത സമയത്ത് കിഴക്കന്‍ ഭാരതത്തിന്റെ ചില ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളേയും നേരിടേണ്ടി വരുന്നുണ്ട്. കഴിഞ്ഞ ചില ആഴ്ചകളില്‍ നാം പശ്ചിമബംഗാളിലും ഓഡീശയിലും സൂപര്‍ സൈക്ലോണ്‍ ഉം-പുനിന്റെ പ്രഹരം കണ്ടു. കൊടുങ്കാറ്റില്‍ അനേകം വീടുകള്‍ തകര്‍ന്നടിഞ്ഞു. കര്‍ഷകര്‍ക്കും വമ്പിച്ച നഷ്ടങ്ങളുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഞാന്‍ കഴിഞ്ഞ ആഴ്ച ഓഡീശയിലും പശ്ചമബംഗാളിലും പോയിരുന്നു. അവിടത്തെ ജനങ്ങള്‍ എത്രത്തോളം സാഹസത്തോടും ധൈര്യത്തോടും കൂടെ സ്ഥിതിവിശേഷത്തെ നേരിട്ടുവെന്നത് പ്രശംസനീയമാണ്. ഈ ആപദ്ഘട്ടത്തില്‍ രാജ്യം എല്ലാ തരത്തിലും അവിടുത്തെ ജനങ്ങള്‍ക്കൊപ്പമുണ്ട്.
സുഹൃത്തുക്കളേ, ഒരുവശത്ത് പൂര്വ്വഭാരത്തില് കൊടുങ്കാറ്റുവന്നതിന്റെ ആപത്തിനെ നേരിടുമ്പോള്‍ മറുവശത്ത് രാജ്യത്തിന്റെ പല ഭാഗത്തും വെട്ടുകിളികളുടെ ആക്രമണം ഉണ്ടായിരികയാണ്. ഒരു ചെറിയ ജീവിക്ക് ജീവിതത്തെ എത്രത്തോളം കഷ്ടത്തിലാക്കാനാകും എന്നു കാട്ടിത്തരുകയാണ് വെട്ടുകിളിസംഘത്തിന്റെ ആക്രമണം. ഇത് പല ദിവസങ്ങളായി നടക്കുകയാണ്, വലിയ മേഖലയില്‍ ഇതിന്റെ വിപത്ത് ഉണ്ടാകുന്നു. ഭാരത സര്‍ക്കാരാണെങ്കിലും സംസ്ഥാന സര്‍ക്കാരാണെങ്കിലും കൃഷി വകുപ്പാണെങ്കിലും ഭരണസംവിധാനവും ഈ അപകടത്തിന്റെ ദുഷ്ഫലത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്, കര്‍ഷകരെ സഹായിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പുതിയ പുതിയ കണ്ടുപിടുത്തുങ്ങളിലേക്ക് ശൃദ്ധ തിരിക്കുന്നുണ്ട്. നമ്മുടെ കൃഷിമേഖലയില്‍ ഉണ്ടായിരിക്കുന്ന വിപത്തിനെ നമുക്കെല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് നേരിടാനാകും എന്നെനിക്കു വിശ്വാസമുണ്ട്. ഇതിനെയും നാം നേരിടും, വളരെയധികം കാത്തുരക്ഷിക്കാനാകും.
പ്രിയപ്പെട്ട ദേശവാസികളേ, അല്പദിവസങ്ങള്ക്കുള്ളില് ജൂണ്‍ 5 ന് ലോകം മുഴുവന്‍ വിശ്വ പര്യാവരണ്‍ ദിവസം- ആഗോള പരിസ്ഥിതി ദിനം ആഘോഷിക്കും. ആഗോള പരിസ്ഥിതി ദിനത്തില്‍ ഈ വര്‍ഷം തീം – ബയോ ഡൈവേഴ്സിറ്റി, അതായത് ജൈവ വൈവിധ്യമാണ്. ഇപ്പോഴത്തെ ചുറ്റുപാടില്‍ ഈ തീം വിശേഷാല്‍ മഹത്തായതാണ്. ലോക്ഡൗണിന്റെ അവസരത്തില്‍ കഴിഞ്ഞ ചില ആഴ്ചകളായി ജീവിതത്തിന്റെ ഗതിവേഗം കുറച്ച് കുറഞ്ഞിരിക്കയാണെങ്കിലും ഇത് നമുക്ക് ചുറ്റുപാടും, പ്രകൃതിയുടെ സമൃദ്ധമായ വൈവിധ്യത്തെ, ജൈവ വൈവിധ്യത്തെ, അടുത്തുനിന്നു കാണാന്‍ അവസരം ലഭിച്ചു. മലിനീകരണവും ശബ്ദകോലാഹലങ്ങളും കാരണം അപ്രത്യമായിരുന്ന എത്രയോ പക്ഷികളുടെ ശബ്ദം വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ വീടുകളില്‍ നാം കേള്‍ക്കുകയാണ്. പല ഇടങ്ങളിലും മൃഗങ്ങള്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെക്കുറിച്ചും വിവരം ലഭിക്കുന്നുണ്ട്. എന്നെപ്പോലെ നിങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതൊക്കെ കണ്ടിരിക്കും, വായിച്ചിരിക്കും. പലരും പറയുന്നത്, എഴുതുന്നത്, ചിത്രങ്ങള്‍ പങ്കു വയ്ക്കുന്നത് അവര്‍ക്ക് വീട്ടില്‍ നിന്ന് അകലെയുള്ള പര്‍വ്വതങ്ങള്‍ കാണാനാകുന്നു, ദൂരെ എരിയുന്ന പ്രകാശം കാണാനാകുന്നു എന്നാണ്. ഈ ചിത്രങ്ങള്‍ കണ്ട്, പലരുടെയും മനസ്സില്‍ തോന്നിയിട്ടുണ്ടാവുക ഈ ദൃശ്യങ്ങളെ ഇങ്ങനെതന്നെ നിലനിര്‍ത്താനാകുമോ എന്നാണ്. ഈ ചിത്രങ്ങള്‍ ആളുകളെ പ്രകൃതിയ്ക്കായി ചിലതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. നദികള്‍ എപ്പോഴും സ്വച്ഛമായിരിക്കുക, പക്ഷിമൃഗാദികള്‍ക്കും സ്വതന്ത്രമായി ജീവിക്കാന്‍ അവസരം ലഭിക്കുക, ആകാശവും നിര്മ്മലമായിരിക്കുക- ഇതിനായി പ്രകൃതിയുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ പ്രേരണ ഉള്‍ക്കൊള്ളാവുന്നതാണ്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, നാം പലപ്പോഴും കേള്‍ക്കുന്നതാണ് ‘ജലമുണ്ടെങ്കില്‍ ജീവനുണ്ട്, ജലമുണ്ടെങ്കില്‍ നാളെയുണ്ട്’ എന്ന്. എന്നാല്‍ ജലത്തോടൊപ്പം നമ്മുടെ ഉത്തരവാദിത്തം കൂടിയുണ്ട്. മഴവെള്ളം, ഇത് നാം കാക്കേണ്ടതുണ്ട്, ഓരോ തുള്ളിയും കാക്കേണ്ടതുണ്ട്. ഗ്രാമങ്ങള്‍ തോറും പെയ്യുന്ന മഴവെള്ളം നാമെങ്ങനെ കാത്തു സൂക്ഷിക്കും?പരമ്പരാഗതങ്ങളായ പല വഴികളുമുണ്ട്, ആ ലളിതമായ ഉപായങ്ങള്‍ കൊണ്ട് നമുക്ക് മഴവെള്ളത്തെ കാത്തുസൂക്ഷിക്കാം. അഞ്ച് അല്ലെങ്കില്‍ ഏഴുനാള്‍ വെള്ളം കെട്ടിനിന്നാല്‍ ഭൂമാതാവിന്റെ ദാഹം ശമിക്കും, പിന്നെയത് ഭൂമിയിലേക്ക് ആണ്ടുപോകും, അതേ ജലം ജീവന്റെ ശക്തിയാകും. അതുകൊണ്ട് ഈ വര്‍ഷകാലത്ത് ജലം സംരക്ഷിക്കാനായിരിക്കണം, സൂക്ഷിച്ചുവയ്ക്കാനായിരിക്കണം നമ്മുടെയെല്ലാം പരിശ്രമം.
പ്രിയപ്പെട്ട ജനങ്ങളേ, നിര്‍മ്മലമായ പരിസ്ഥിതി നമ്മുടെ ജീവന്റെയും നമ്മുടെ കുട്ടികളുടെ ഭാവിയുടെയും പ്രശ്നമാണ്. അതുകൊണ്ട് നാം വ്യക്തിപരമായും ഇതെക്കുറിച്ചു ചിന്തിക്കണം. ഈ പരിസ്ഥിതി ദിനത്തില്‍ കുറെ വൃക്ഷങ്ങള്‍ തീര്‍ച്ചയായും നടണം, പ്രകൃതിയെ സേവിക്കാനായി എല്ലാ ദിവസവും നിങ്ങളുടെ ബന്ധം നിലനില്‍ക്കുന്ന ചില ദൃഢനിശ്ചയങ്ങള്‍ എടുക്കണം. അതെ ചൂടേറുകയാണ്, അതുകൊണ്ട് പക്ഷികള്‍ക്ക് ജലം വച്ചുകൊടുക്കാന്‍ മറക്കരുത്.
സുഹൃത്തുക്കളേ, ഇത്രയും കഠിനമായ തപസ്സിനുശേഷം, ഇത്രയും വലിയ കഷ്ടപ്പാടുകള്‍ക്കുശേഷം ഒരു തരത്തില്‍ നിയന്ത്രിച്ചിരിക്കുന്ന സ്ഥിതിഗതികള്‍ കുഴപ്പത്തിലാകാന്‍ ഇടയാക്കരുതെന്ന കാര്യത്തില്‍ ശ്രദ്ധ വേണം. ഈ പോരാട്ടം ദുര്‍ബ്ബലമാകാന്‍ അനുവദിക്കരുത്. നാം അശ്രദ്ധ കാട്ടരുത്, ജാഗരൂകത കൈവിടരുത് കോറോണയ്ക്കെതിരായ പോരാട്ടം ഇപ്പോഴും ഗൗരവമേറിയതാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും കൊറോണ ഇപ്പോഴും പഴയതുപോലെതന്നെ ഭീഷണിയാകാം. നമുക്ക് എല്ലാ മനുഷ്യരുടെയും ജീവന് രക്ഷിക്കേണ്ടതുണ്ട്, അതുകൊണ്ട് ആറടി അകലം, മുഖത്ത് മാസ്ക്, കൈകഴുകള്‍, ഈ മുന്‍കരുതലുകള്‍ ഇതുവരെ ഉണ്ടായിരുന്നതുപോലെ ഇനിയും തുടരണം. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി, നിങ്ങളുടെ രാജ്യത്തിനുവേണ്ടി, ഈ മുന്‍കരുതല്‍ തീര്‍ച്ചയായും പാലിക്കുമെന്ന് എനിക്കു തികഞ്ഞ വിശ്വാസമുണ്ട്. ഈ വിശ്വാസത്തോടെ നിങ്ങളുടെ നല്ല ആരോഗ്യത്തിനുവേണ്ടി എന്റെ ഹൃദയംനിറഞ്ഞ ശുഭാശംസകള്‍. അടുത്ത മാസം വീണ്ടും മന് കീ ബാത്തിലൂടെ എത്താം.”