തൊടുപുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം മണി. രാഹുൽ ഗാന്ധിയുടെ ശിക്ഷ അസംബന്ധമാണെന്നും ശിക്ഷയിൽ ന്യായമില്ലെന്നും മണി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. നരേന്ദ്ര മോദി വലിയ ദ്രോഹം ചെയ്ത ഭരണാധികാരിയാണെന്നാണ് താൻ കരുതുന്നത്. വിമര്‍ശനം നേരിടാൻ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാൻ കൂട്ടുനിന്നതാണ്. കൊലക്കേസ് പ്രതികളെ വിട്ടയച്ച ആളാണ്. എന്ത് വൃത്തികെടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്റെ പാർട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആർഎസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗങ്ങളും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗാന്ധിജിയെ കൊന്നതിനെ ന്യായീകരിക്കുന്ന ആളുകളാണ് ഇവര്‍. അവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുകയാണ്. മാർപ്പാപ്പയെ അവിടെ പോയി കെട്ടിപ്പിടിക്കും. എന്നിട്ട് ഇവിടെ വന്ന് അദ്ദേഹത്തിന്റെ അനുയായികളെ കൊന്ന് കുഴിച്ചുമൂടും. അയാളെ വിമർശിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്നും മണി പറഞ്ഞു. താൻ പറഞ്ഞത്ര പോലും രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല, അങ്ങനെയെങ്കിൽ തന്നെയും ശിക്ഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആയിരം വർഷമായി പോരാടുകയാണെന്നാണ് ഇവർ പറയുന്നത്. എന്താണിവർ പോരാടുന്നത്. ജാതിവ്യവസ്ഥ പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണ് അവർ. ഗാന്ധിയും ഒരു ഹിന്ദുമത വിശ്വാസിയായിരുന്നു, പക്ഷേ അദ്ദേഹം ഇവരെപോലെ ഭ്രാന്തനായിരുന്നില്ല. അദാനി എന്ന കള്ളനെ വളർത്തി രാജ്യത്തിന്റെ ദശലക്ഷക്കണക്കിന് രൂപ മോദി കൊള്ളയടിച്ചെന്നും മണി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രണ്ട് സീറ്റുകളിൽ മത്സരിച്ചതിനെയും അദ്ദേഹം വിമർശിച്ചു. രണ്ട് സീറ്റുകളിലാണ് സുരേന്ദ്രൻ മത്സരിച്ചത്, സഞ്ചരിച്ചത് ഹെലിക്കോപ്റ്ററില്‍. ഞാനൊക്കെ പൊട്ട ജീപ്പില്‍. എവിടുന്നു കിട്ടി ഇതിനൊക്കെയുള്ള പണം. ഇന്ത്യന്‍ മുതലാളിമാരുടെ കൗപീനം പിഴിഞ്ഞ് ഉണ്ടാക്കിക്കൊടുക്കുവാ. അവര്‍ കൊടുക്കുകയല്ലാതെ എവിടുന്നാ. അല്ലേപ്പിന്നെ കള്ളനോട്ട് അടിക്കണം’, അദ്ദേഹം കുറ്റപ്പെടുത്തി.