കുവൈത്ത്: കുവൈത്തില്‍ അനധികൃത താമസക്കാരായ പ്രവാസികളെ നാട് കടത്തുന്നതിന് ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നു. ഒരു ലക്ഷത്തോളം വരുന്ന അനധികൃത പ്രവാസികളെ പിടികൂടി നാടുകടത്തുന്നതിനുള്ള സമഗ്ര പദ്ധതി മന്ത്രാലയം തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍-ഖാലിദിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യ വ്യാപകമായി ശക്തമായ സുരക്ഷാ പരിശോധന നടത്തി വരികയാണ്. ഈ വര്‍ഷം ആദ്യം മുതല്‍ ആരംഭിച്ച പരിശോധന മുടക്കമില്ലാതെ തുടരുകയുമാണ്.
ഇത്തരത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് 19 വരെയുള്ള കാലയളവില്‍ 25,000 പ്രവാസികളാണ് നാടു കടത്തലിനു വിധേയരായത്. അതായത് പ്രതിദിനം ശരാശരി 108 പ്രവാസികളെ നാടുകടത്തി. ഇവരില്‍ പതിനായിരം പേര് സ്ത്രീകളാണ്.