
മനാമ: അസുഖബാധിതനായി സൽമാനിയ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കൊല്ലം തേവലക്കര സ്വദേശിക്ക് സഹായഹസ്തവുമായി കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ). രോഗബാധയെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പ്രവാസിക്കാണ് കെപിഎയുടെ സഹായം ലഭിച്ചത്.
കെപിഎയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിൽ കെപിഎ ചാരിറ്റി വിംഗ് നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റ് കൈമാറി. പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി കെപിഎയുടെ നേതൃത്വത്തിൽ തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.


