കോട്ടയം: കെ. ബി. ഗണേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് തുറന്നുനൽകാറുള്ളതെന്നും, ആവശ്യപ്പെടാത്ത സമയങ്ങളിൽ അത് തുറന്നുവെക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാൻ കഴിയില്ല. ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് സമാധി മന്ദിരം തുറന്നുനൽകുന്നത്,” എന്ന് സുകുമാരൻ നായർ പറഞ്ഞു.
മുഖ്യമന്ത്രിയെ പിന്തുണച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. “മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? അദ്ദേഹം സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല,” എന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ഇതിന് മുമ്പ്, വി. ഡി. സതീശനെ പിന്തുണച്ച് ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. വി. ഡി. സതീശൻ ഒരു സമുദായത്തെയും ആക്ഷേപിച്ചിട്ടില്ലെന്നും, വർഷങ്ങളായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തതായി താൻ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.
അതേസമയം, എൻഎസ്എസിൽ ഏകാധിപത്യ പ്രവണതയ്ക്ക് ഇടമുണ്ടാകരുതെന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. “എവിടെയായാലും ഏകാധിപത്യ പ്രവണതകൾ തകരും. വിരട്ടലല്ല വേണ്ടത്, കൂടുതൽ സ്നേഹവും ബഹുമാനവുമാണ് വേണ്ടത്. ബാലകൃഷ്ണപിള്ളയുടെയും എന്റെയും തണലിൽ വളർന്നവരാണ് ഇന്ന് എനിക്കെതിരെ രംഗത്തിറങ്ങുന്നത്. എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് തന്നെ പുറത്താക്കിയ നടപടിയിൽ നീതിയുണ്ടോയെന്ന് സമൂഹം വിലയിരുത്തണം,” എന്നും അദ്ദേഹം പറഞ്ഞു.

