തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന ഏക സന്നദ്ധസേനാ വിഭാഗത്തിൽ കേരളത്തിന്റെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുക; ഉജ്ജ്വലമായ പ്രകടനങ്ങൾകൊണ്ട് ദേശീയതലത്തിൽ ശ്രദ്ധനേടുക – നമ്മുടെ കലാലയങ്ങളിലെ കുട്ടികൾക്ക് ജീവിതകാലത്തേക്കുള്ള ഓർമ്മയും ഓജസ്സും നൽകുന്ന അനുഭവം. റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ താരങ്ങളായി മാറിയ കേരള സംഘം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിനെ സന്ദർശിച്ച് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു.
ആദ്യവിമാനയാത്രയുടെ ത്രിൽ തൊട്ട്, ആറും ഏഴും ഡിഗ്രി കൊടുംതണുപ്പിൽ മാസം നീണ്ട പരിശീലനവും, രാജ്പഥിൽ തുടങ്ങി ഇന്ത്യാഗേറ്റിൽ ചെന്നുതൊട്ടപ്പോഴത്തെ കോരിത്തരിപ്പും എല്ലാം കുട്ടികൾ ആവേശപൂർവ്വം വിവരിച്ചു. ഒപ്പനതൊട്ടുള്ള നൃത്തങ്ങളും ഉടുക്ക് തൊട്ടുള്ള വാദ്യങ്ങളും കഥകളി തൊട്ടുള്ള ക്ലാസിക്കൽ രൂപങ്ങളും കളരി തൊട്ടുള്ള ആയോധന മുറകളും ഗോത്രകലകളുമെല്ലാം ‘കേരളദിന’ത്തിൽ അവതരിപ്പിച്ച് അവിടെ കണ്ണിലുണ്ണികളായത് മന്ത്രിയോടവർ പറഞ്ഞു.
കെ എ ഗായത്രി (മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ്), എസ് വാണി (ആലപ്പുഴ എസ് ഡി കോളേജ്), എം കെ അലീന (ചേളന്നൂർ എസ്എൻ കോളേജ്), എസ് സ്നേഹ (പെരുമൺ കോളേജ് ഓഫ് എൻജിനീയറിങ്), അഖിൽ എസ് രാജ് (ചാത്തന്നൂർ എസ്എൻ കോളേജ്), എസ് അഭിജിത് (പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളേജ്), സി കെ സുനീഷ് (പുൽപ്പള്ളി ട്രൈബൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്), എ അജ്മൽ (കായംകുളം എംഎസ്എം കോളേജ്) എന്നിവരായിരുന്നു സംഘാംഗങ്ങൾ. ഇവരും, ഇവരെ നയിച്ച മലപ്പുറം ജില്ലയിലെ എൻഎസ്എസ് കോർഡിനേറ്റർ എം പി സമീറയുമാണ് മന്ത്രിയെ സന്ദർശിച്ചത്.
കാട്ടുനായ്ക്ക ഗോത്രത്തിൽനിന്നുള്ള സി കെ സുനീഷ് പരേഡിൽ കേരളത്തിനുവേണ്ടി പങ്കെടുത്ത ആദ്യ ആദിവാസിവിദ്യാർത്ഥിയാണ്. കാട്ടുനായ്ക്ക ഗോത്രത്തിൽനിന്നുള്ള സുനീഷിലൂടെ വയനാട് ജില്ലയും ഇതാദ്യമായി പരേഡിൽ ദേശീയതലത്തിൽ പ്രതിനിധീകരിക്കപ്പെട്ടു. നിലമ്പൂർ ഗവ. കോളേജിൽ അധ്യാപികയായ സമീറ സംസ്ഥാനത്തിന്റെ കണ്ടിൻജന്റ് ലീഡറായ ആദ്യ വനിതയാണ്.
മന്ത്രി ഡോ. ആർ ബിന്ദു ഇവർക്ക് ഉപഹാരങ്ങൾ നൽകി. സംസ്ഥാനത്തെ കലാലയങ്ങളുടെയാകെ പേരിലുള്ള സ്നേഹബഹുമാനങ്ങളാണ് സംഘാംഗങ്ങൾക്ക് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. കഠിനാധ്വാനവും മികച്ച ആസൂത്രണവും വഴി കേരളത്തിന് ഈ ഉന്നതി നേടിത്തന്ന സംസ്ഥാന എൻഎസ്എസ് ഘടകത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. അൻസർ ആർ എൻ, എൻഎസ്എസ് മേഖലാ ഡയറക്ടർ ശ്രീധർ ജി, ബ്രഹ്മനായകം മഹാദേവൻ, പ്രസൂൺ മംഗലത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായി.