ബെംഗളുരു: ഈസ്റ്ററിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. ഏപ്രിൽ 5, 6 തീയതികളിലായി 12 അധിക ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. എറണാകുളത്തേക്ക് അഞ്ചും ആറും തീയതികളിൽ മൈസുരുവിൽ നിന്നും ബെംഗളുരുവിൽ നിന്നും ഓരോ ബസ്സുകൾ വീതം സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് അഞ്ചിന് രണ്ട് ബസുകളും ആറിന് ഒരു ബസുമാണ് ക്രമീകരിച്ചിരിക്കുന്നത്.
5, 6 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഓരോ ബസുകൾ വീതമുണ്ടാകും. അഞ്ചിന് തൃശൂരിലേക്ക് ഒരു ബസും ആറിന് രണ്ട് ബസും ക്രമീകരിച്ചിട്ടുണ്ട്. ഇവയെല്ലാം ഐരാവത് ക്ലബ് ക്ലാസ് ബസുകളായിരിക്കുമെന്നും കർണാടക ആർടിസി അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നവരാത്രി, ദസറ അവധി ദിവസങ്ങളിൽ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന യാത്രകളിൽ നിന്ന് കർണാടക ആർടിസിക്ക് വൻ ലാഭം ലഭിച്ചിരുന്നു. കർണാടക ആർടിസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കോടി രൂപയാണ് ലഭിച്ചത്.
ഇതേതുടർന്ന് ലാഭകരമായ കേരള റൂട്ടിലേക്ക് കൂടുതൽ വോൾവോ ബസുകൾ അനുവദിക്കാൻ കർണാടക ആർടിസിയിൽ ചർച്ച നടന്നിരുന്നു. കേരള ആർടിസികളിലെ ഫ്ലെക്സി നിരക്ക് കർണാടക ആർടിസിയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ടിക്കറ്റ് ബുക്കിങ്ങിന് സീസണ് ഓഫര്‍ വരെ നൽകിയാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരെ ഉറപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരിയിൽ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ബസിൽ സഹയാത്രികൻ വനിതാ യാത്രക്കാരുടെ സീറ്റിൽ മൂത്രമൊഴിച്ചത് വൻ വിവാദമായിരുന്നു.