കോഴിക്കോട്: മാദ്ധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി പി എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എ കെ ജി ഭവന്റെ ചിലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോയെന്ന് മുരളീധരൻ ചോദിച്ചു.
2016ൽ മാദ്ധ്യമപ്രവർത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കിൽ ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് കെ മുരളീധരൻ ഇങ്ങനെ പ്രതികരിച്ചത്. സംസ്ഥാനത്ത് ഓരോ ദിവസവും ഓരോ മാദ്ധ്യമങ്ങൾക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ മുരളീധരൻ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കെതിരെ ലവ്ലിൻ കേസ് ഉയർന്നുവന്നപ്പോൾ പ്രതികാര നടപടികളിലേയ്ക്ക് നീങ്ങരുതെന്നായിരുന്നു കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.