
കോഴിക്കോട്: താമരശ്ശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥികൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇവരെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് വിദ്യാർഥികൾ മർദിച്ചിട്ടുണ്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇത് തെളിയിക്കുന്ന രീതിയിൽ കുട്ടികൾ തമ്മിലുള്ള വാട്സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ചെവിയുടേയും കണ്ണിന്റേയും ഭാഗത്തും തലയ്ക്കും ഷഹബാസിന് ഗുരുതര പരിക്ക് ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന വിവരം. പുറമെ കാണുന്ന പരിക്ക് ഇല്ലെങ്കിലും ആന്തരികക്ഷതമാണ് മരണ കാരണമെന്നാണ് സൂചന. ഷഹബാസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. അൽപ്പ സമയത്തിനകം പോസ്റ്റ് മോർട്ടം നടപടികൾ തുടങ്ങും.
എളേറ്റിൽ എം.ജെ. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാൽ-റംസീന ദമ്പതിമാരുടെ മകനാണ്. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് എന്ന സ്വകാര്യ ട്യൂഷൻ സെന്ററിനു സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നടന്ന സംഘർഷത്തിലാണ് തലയ്ക്ക് പരിക്കേറ്റത്.
