ന്യൂഡൽഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയർവേയ്സ് സിഇഒ സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്തതും കണ്ണുകൾക്ക് വെറുപ്പുളവാക്കുന്നതുമായ കോൺക്രീറ്റ് വസ്തു മാത്രമാണെന്ന് കപൂർ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യയിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ടാണ് സഞ്ജീവ് കപൂറിൻ്റെ ട്വീറ്റ്.
ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത… എന്തുകൊണ്ടാണ് നമ്മുടെ ഓവർ ഗ്രൗണ്ട് / ഓവർഹെഡ് മെട്രോ സ്റ്റേഷനുകൾ കലാപരമല്ലാത്ത, കണ്ണിന് വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തുവായി മാറിയത്. ദുബായ് മെട്രോ ശ്രദ്ധിക്കുക. ദുബായ് സ്റ്റേഷൻ കുറഞ്ഞത് 10 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും സഞ്ജീവ് കപൂർ ദുബായ്, ബെംഗളൂരു സ്റ്റേഷനുകളുടെ ചിത്രം ഉൾപ്പെടുത്തിയ ട്വീറ്റിൽ പറഞ്ഞു.
സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. സ്വന്തം നാടിനെ വിലമതിക്കാത്തവരുടെ പതിവ് പ്രതികരണം മാത്രമാണിതെന്നാണ് ചിലരുടെ അഭിപ്രായം. രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് തങ്ങളുടെ വാദം ശക്തിപ്പെടുത്താനും നിരവധി ട്വിറ്റർ ഉപയോക്താക്കൾ ശ്രമിച്ചിട്ടുണ്ട്.