കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ഉദ്ഘാടനത്തിനെത്തിയ നടൻ ദുൽഖർ സൽമാനെ കാണാനെത്തിയത് വൻ ജനക്കൂട്ടം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദുൽഖർ സ്റ്റേജിൽ എത്തിയപ്പോൾ ആര്‍ത്തിരമ്പുന്ന ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ഒപ്പം ദുൽഖർ ‘സുന്ദരി പെണ്ണേ’ എന്ന ഗാനം ആലപിക്കുകയും ചുവടുവയ്ക്കുകയും ചെയ്തു.
കൊണ്ടോട്ടിയിലെ റോഡ് ജനസാഗരമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് പോലീസ് ഗതാഗതം നിയന്ത്രിച്ചതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാകുന്നു.
ദുൽഖർ സൽമാനൊപ്പം സെൽഫിയെടുത്ത യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സജു ഉൾപ്പെടെയുള്ളവരെയും ദുൽഖറിനൊപ്പമുള്ള ഫോട്ടോയിൽ കാണാം. നടനെ കാണാനെത്തിയ ആരാധകരുടെ തിരക്ക് കാരണം കൊണ്ടോട്ടിയിൽ മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ.