
പത്തനംതിട്ട: ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികൾക്കുള്ളിൽ ഒരു രാഷ്ട്രീയ സംഘടനയുടെയും പ്രവർത്തനം അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങൾ എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികൾക്കുള്ളിൽ കമ്മ്യൂണിറ്റി കിച്ചൻ മുഖേന മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നയം. വിഷയത്തിൽ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി പത്തനംതിട്ടയിൽ അറിയിച്ചു.
ഡിവൈഎഫ്ഐ മാത്രമല്ല, യൂത്ത് കോൺഗ്രസ്, സേവാഭാരതി തുടങ്ങിയ സംഘടനകളുടെയും രാഷ്ട്രീയ പ്രവർത്തനങ്ങൾ ആശുപത്രികൾക്കുള്ളിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു. വകുപ്പിന് ഇത്തരമൊരു അംഗത്വത്തിന്റെ ആവശ്യമില്ലെന്നും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


