ആലപ്പുഴ: മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ ആര്യാട് സ്വദേശി സുമൻ ജേക്കബിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ കുറിച്ച് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് എസ്ഐ ടോൾസൺ പി തോമസ് ആശുപത്രിയിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് രേഖാമൂലം റിപ്പോർട്ടും സമർപ്പിച്ചു.
തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴിലെ ആറ് ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി. ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തി.
പോളിയോ മരുന്ന് ലഭിക്കാൻ വൈകിയതോടെ ബൂത്തുകളിൽ മാതാപിതാക്കളും കുട്ടികളും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന്, മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരനും ജീവനക്കാരും ചേർന്ന് ഈ ബൂത്തുകളിലേയ്ക്ക് മരുന്നുകൾ എത്തിക്കുകയായിരുന്നു.
