തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഡ്രസിങ് റൂമിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ ആശുപത്രിയിൽ മരിച്ചു. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ രാധാകൃഷ്ണനാണ്(53) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചത്. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശിയാണ് രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തു മണിയോടുകൂടിയായിരുന്നു ആത്മഹത്യ ശ്രമം ഉണ്ടായത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. തുണിയിൽ കെട്ടി തൂങ്ങി മരിക്കാൻ ശ്രമിച്ച രാധാകൃഷ്ണനെ അബോധാവസ്ഥയിൽ സഹപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ആദ്യം ഇയാളെ വിളപ്പിൽശാലയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടന്ന് ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രാധാകൃഷ്ണന്റെ ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമായിരുന്നില്ല. ഇത് സംബന്ധിച്ച് വിളപ്പിൽശാല പോലീസ് അന്വേഷണം ആരംഭിച്ചു. രാധാകൃഷ്ണൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് സഹപ്രവർത്തകരായ പൊലീസുകാർ വ്യക്തമാക്കുന്നത്. അതേസമയം എസ്എച്ച്ഒയുടെ മാനസികപീഡനം മൂലമാണ് രാധാകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ആരോപിച്ചിരുന്നു.