കൊച്ചി : റഷ്യ-യുക്രൈന് സംഘര്‍ഷത്തെതുടര്‍ന്നുള്ള അനിശ്ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലെ കുതിപ്പാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.
അസംസ്കൃത എണ്ണവില, ഓഹരി വിപണിയിലെ വില്പന സമ്മര്‍ദം, ഭൗമ രാഷ്ട്രിയ സംഘര്‍ഷം, കരുത്താര്‍ജിക്കുന്ന ഡോളര്‍, സംസ്ഥനങ്ങളിലെ തിരഞ്ഞെടുപ്പ് തുടങ്ങിയവയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ആഗോളതലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം നേട്ടമാക്കി തിങ്കളാഴ്ച പവന്റെ വില 800 രൂപ കൂടി 39,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ കൂടി 4940 രൂപയുമായി. 38,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.
ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിവുമാണ് സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണം. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,000 ഡോളര്‍ നിലവാരത്തിലേയ്ക്കാണ് ഉയര്‍ന്നത്. ഈ വര്‍ഷംമാത്രം സ്വര്‍ണവിലയിലുണ്ടായത് 11.7 ശതമാനം വര്‍ധനവാണ്.