മനാമ: മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത മാസം ബഹ്റൈൻ ബഹ്റൈനിലെത്തുന്നു. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്എൻസിഎസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്), ഗുരു സേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. സെപ്റ്റംബർ 7 മുതൽ 9 വരെയാണ് ശ്രീ നാരായണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. സെപ്തംബർ ആറിന് ബഹ്റൈനിലെത്തുന്ന അദ്ദേഹം 7,8,9 എന്നീ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കുമെന്ന് വാർത്തസമ്മേളനത്തിൽ സംഘാടകർ വ്യക്തമാക്കി.
ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തുന്ന മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കൂടാതെ കർണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാർ, ശിവഗിരി മഠം പ്രസിഡൻറ് സ്വാമി സച്ചിത്നന്ദ, സെക്രട്ടറി സ്വാമി സുഗാനന്ദ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
സെപ്തംബർ 7ന് വൈകുന്നേരം 7 മണിക്ക് മനാമയിലെ ക്രൗൺ പ്ലാസയിൽ വെച്ച് ക്ഷണിക്കപ്പെട്ട 450ഓളം അതിഥികൾക്കായി നടക്കുന്ന എക്സിക്യൂട്ടീവ് ഡിന്നർ പരിപാടിയിൽ രാം നാഥ് കോവിന്ദ് പങ്കെടുക്കും. സെപ്തംബർ 8ന് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കുന്ന ട്രിബ്യൂട്ട് ടു ബഹ്റൈൻ എന്ന പൊതു പരിപാടിയിലും സംബന്ധിക്കും. വൈകീട്ട് 6.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ 3000 ത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ കലാപരിപാടികളും ഇതോടൊപ്പം അരങ്ങേറും.
സെപ്തംബർ 9ന് ബഹ്റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ പാർലിമെന്റിലും മുൻ രാഷ്ട്രപതി പങ്കെടുക്കും. സംസ്കാരങ്ങളുടെ സമന്വയവും, മാനവിക ഐക്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചകളും ഇവിടെ നടക്കും.