കൊച്ചി: ഭാര്യയാണെങ്കിലും 18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. 18 വയസ്സിന് താഴെയുള്ള വ്യക്തിയെ നിയമം കുട്ടിയായാണ് കണക്കാക്കുന്നതെന്നും അതിനാൽ പെൺകുട്ടി ഭാര്യയാണോ അല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.

തനിക്കെതിരായ പോക്സോ, ബലാത്സംഗ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ 27കാരൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മുസ്ലിം വ്യക്തിനിയമപ്രകാരമാണ് വിവാഹം നടന്നതെന്നും പെൺകുട്ടി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. പരാതിക്കാരി തന്റെ ഭാര്യയായതിനാൽ പോക്സോ കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.
എന്നാൽ മതാചാരപ്രകാരം വിവാഹം നടന്നിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്സോ നിയമപ്രകാരമുള്ള കുറ്റം ഇല്ലാതാകില്ലെന്ന് കോടതി വ്യക്തമാക്കി. 2021ൽ പെൺകുട്ടിക്ക് 17 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി.

15നും 18നും ഇടയിൽ പ്രായമുള്ള ഭാര്യയുമായുള്ള ശാരീരികബന്ധത്തിന് ബലാത്സംഗക്കുറ്റം ബാധകമല്ലെന്ന പഴയ നിയമപരമായ ഇളവ്, സുപ്രീംകോടതിയുടെ 2017ലെ വിധിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസിലെ തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

