തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിനായി 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബർ അവസാനം തിരുവനന്തപുരത്തെത്തും. കേന്ദ്ര സർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതിയിലൂടെ നാല് കോടിക്കാണ് ലൈലാൻഡ് കമ്പനിയുടെ ബസുകൾ വാങ്ങിയത്. രണ്ടാം നിലയിൽ ഓപ്പൺ റൂഫുള്ള ബസുകളുടെ ബോഡി നിർമ്മാണം മുംബയിൽ പുരോഗമിക്കുകയാണ്. ഇതോടെ തിരുവനന്തപുരം ഇലക്ട്രിക് ഡബിൾ ഡക്കർ ബസുള്ള ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ നഗരമാകും. തലസ്ഥാന നഗരത്തിന്റെ കാഴ്ചകളിലേക്കായിരിക്കും സർവീസ്. ബെർത്ത് ഡേ പാർട്ടിയുൾപ്പെടെ നടത്താനുള്ള സൗകര്യവുമൊരുക്കും. മുംബയ്ക്ക് ശേഷം ഹൈദരാബാദിലാണ് ഡബിൾ ഡക്കർ ഇ-ബസുകൾ ഓടിയത്.
കേന്ദ്രത്തിന്റെ തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിലൂടെയുള്ള 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഡിസംബർ അവസാനമെത്തും. ഇതോടെ തലസ്ഥാനത്തെ ഇ-ബസുകൾ 163 ആകും. നഗര യാത്രയ്ക്ക് 10 രൂപയുള്ള ഇലക്ട്രിക് സർവീസുകൾ ലാഭത്തിലാണ്.