
മനാമ: ബഹ്റൈനിൽ ദീർഘകാലമായി നിലനിൽക്കുന്ന ജീവകാരുണ്യ സഹായ സംസ്കാരം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി പുതിയ ബോധവൽക്കരണ സന്ദേശവുമായി അധികൃതർ. അർഹരായവരിലേക്ക് തന്നെ സഹായങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി അംഗീകൃതവും ലൈസൻസുള്ളതുമായ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവനകൾ നൽകണമെന്ന് ദാതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.
സഹായം അഭ്യർത്ഥിക്കുന്ന സംഘടനകളെയും വ്യക്തികളെയും കൃത്യമായി പരിശോധിക്കണമെന്നും തങ്ങൾ നൽകുന്ന പണം എങ്ങനെ ശേഖരിക്കുന്നു, വിതരണം ചെയ്യുന്നു, ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ സംഭാവനകൾ ആരിലേക്കാണ് എത്തുന്നതെന്നും ഫണ്ടുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും അറിയാൻ ദാതാക്കൾ ശ്രദ്ധിക്കണമെന്നും ബോധവൽക്കരണ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്ഫോമുകൾ എന്നിവ വഴി പ്രചരിക്കുന്ന ഫണ്ട് ശേഖരണ അഭ്യർത്ഥനകളുടെ ആധികാരികതയും അനുമതിയും പരിശോധിക്കണം. ആവശ്യമായ ഔദ്യോഗിക അനുമതിയോ ലൈസൻസോ ഇല്ലാതെ ഫണ്ട് ശേഖരിക്കുന്നത് നിയമനടപടികൾക്ക് കാരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ബഹ്റൈനിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനല്ല, മറിച്ച് ദാതാക്കളുടെയും അർഹരായ ഗുണഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ധനശേഖരണത്തിൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനാണ്.
ഉദാരമായി സഹായം നൽകുന്നതിനൊപ്പം സംഭാവനയായി നൽകുന്ന തുക കൃത്യമായ ആവശ്യത്തിനും അർഹരായവർക്കുമായി വിനിയോഗിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. രാജ്യത്തിന്റെ ജീവകാരുണ്യ പാരമ്പര്യം സുരക്ഷിതമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഔദ്യോഗികമായി അംഗീകൃതമായ സംഘടനകളെയും ധനശേഖരണ മാർഗങ്ങളെയും മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.


