ബീജിംഗ്: കൊറോണയുടെ പ്രഭവ കേന്ദ്രത്തെ കുറിച്ച് പുതിയ അന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യം ചൈന നിരസിച്ചു. വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനുള്ള ശാസ്ത്രീയമായ ശ്രമങ്ങളെ പിന്തുണച്ചിരുന്നുവെന്നും, എന്നാൽ രാഷ്ട്രീയ നീക്കങ്ങളെ എതിർക്കുമെന്നുമാണ് ചൈനീസ് വാദം.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്താനും വൈറസിനെ കുറിച്ച് പഠിക്കാനുമുള്ള രാജ്യാന്തര പദ്ധതി തയ്യാറാക്കാൻ, പുതിയ ഉപദേശകസമിതിയെ രൂപീകരിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണമെന്ന ആവശ്യത്തെ എതിർത്ത് ചൈന രംഗത്തെത്തിയത്. കൊറോണയെ കുറിച്ച് കൂടുതൽ അറിയുന്നതിന് ലോകാരോഗ്യ സംഘടനയെ സഹായിക്കുക എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം.
വൈറസിന്റെ ഉത്ഭവത്തെ കുറിച്ചുള്ള രണ്ടാം ഘട്ട പഠനം നടത്തണമെന്ന നിർദ്ദേശം കഴിഞ്ഞ മാസമാണ് ഡബ്ല്യുഎച്ച്ഒ മുന്നോട്ട് വച്ചത്. വുഹാനിലെ ലാബുകളും മാർക്കറ്റുമുൾപ്പെടെ വിവിധ ഇടങ്ങളിലെ പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.