
കൊച്ചി: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രിക വെച്ച് സെന്‍സര്‍ ബോര്‍ഡ്.
ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായി അറിയുന്നു.
നിര്‍ദേശമനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ എഡിറ്റിംഗ് പൂര്‍ത്തിയായിട്ടുണ്ട്.
ഇതടക്കമുള്ള മാറ്റങ്ങളുമായി മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. നേരത്തെ സംസ്ഥാനത്തെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. തിയേറ്ററില്‍ സിനിമയുടെ കലക്ഷന്റെ നിര്‍മാണ- വിതരണ വിഹിതം നിര്‍മാതാവ് കൂട്ടിച്ചോദിച്ചതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ചര്‍ച്ചയില്‍ വിലക്ക് പിന്‍വലിച്ചു.
18 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.


