മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മഹാത്മാഗാന്ധിക്ക് പുഷ്പങ്ങൾ അർപ്പിച്ച് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. തുടർന്ന് പതാക ഉയർത്തൽ ചടങ്ങും ദേശീയ ഗാനം ആലപിക്കലും നടന്നു. അംബാസഡർ പിയൂഷ് ശ്രീവതവ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. കൊവിഡ് അണുബാധയുടെ വർദ്ധനയും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത്, പതാക ഉയർത്തൽ ചടങ്ങിൽ ആളുകളുടെ പങ്കാളിത്തം കുറച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പ്രതിനിധികൾക്കും ഇന്ത്യൻ തൊഴിലാളികൾക്കും മാത്രമായി പരിമിതപ്പെടുത്തി. പരിപാടി എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തത്സമയം പ്രദർശിപ്പിച്ചു.
ഈ അവസരത്തിൽ എംബസി eoibahrain.gov.in എന്ന ഒരു പുതിയ ഉപയോക്തൃ സൗഹൃദ വെബ്സൈറ്റും പുറത്തിറക്കി. കൂടാതെ, എംബസി വളപ്പിൽ ട്രൈബ്സ് ഇന്ത്യ ആത്മനിർഭർ കോർണറും ആയുർവേദ ഗാർഡനും ഉദ്ഘാടനം ചെയ്തു.
ട്രൈബ്സ് ഇന്ത്യ കോർണർ, ഇന്ത്യൻ ഗോത്ര സംസ്ക്കാരം, അറിവ്, പരമ്പരാഗത വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗോത്ര ഉൽപ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഗോത്രവർഗ്ഗക്കാർ നിർമ്മിച്ച കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്നു. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ഗോത്രകലയും കരകൗശലവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
ആയുർവേദ ഗാർഡൻ, ആയുർവേദത്തിന്റെ വിശാലവും പുരാതനവുമായ നമ്മുടെ ശാസ്ത്രത്തെക്കുറിച്ചും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഔഷധസസ്യങ്ങളുടെ ഉപയോഗത്തെക്കുറിച്ചും അവബോധം വളർത്തും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 250-ലധികം ആളുകൾ പങ്കെടുക്കുന്ന വെർച്വൽ ഇവന്റ് സംഘടിപ്പിക്കും. പാർലമെന്റ് അംഗങ്ങൾ, ബഹ്റൈൻ ഗവൺമെന്റിന്റെ പ്രതിനിധികൾ, വിശിഷ്ട ബഹ്റൈൻ പ്രമുഖർ, നയതന്ത്രജ്ഞർ, വ്യവസായികൾ, ഇന്ത്യൻ സമൂഹം എന്നിവർ വെർച്വൽ ഇവന്റിൽ പങ്കെടുക്കും. അതിൽ ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യവും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികളും സാംസ്കാരിക പ്രകടനങ്ങളും അവതരിപ്പിക്കും.