മനാമ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വിടവാങ്ങി. വിദേശത്തുള്ള അദ്ദേഹത്തിന്റെ മൃതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം ബഹറിനിൽ എത്തിച്ചു സംസ്കാരം നടത്തും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുമതി നല്‍കുകയുള്ളു. ഇന്ന് രാവിലെ അമേരിക്കയിലെ മയോ ക്ലിനിക് ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. അദ്ദേഹത്തിന് 84 വയസായിരുന്നു.
പ്രധാനമന്ത്രിയുടെ വിയോഗത്തെ തുടർന്ന് സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അവധിയായിരിക്കും. പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
1970 മുതല്‍ ബഹ്റൈന്റെ പ്രധാനമന്ത്രിയാണ് ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്റൈന്‍ സ്വാതന്ത്ര്യമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ശൈഖ് ഖലീഫ.