Author: news editor

മനാമ: ബഹ്‌റൈനിലെ ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഗോപിനാഥ മേനോന്‍ മനഃശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമൂഹ്യ- ഭാവനാത്മക പഠനം പാഠ്യപദ്ധതിയില്‍ എങ്ങനെ സംയോജിപ്പിക്കാമെന്ന ഗവേഷണ പ്രബന്ധത്തിനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.മൂന്നു ദശാബ്ദക്കാലമായി വിദ്യാഭ്യാസരംഗത്തുള്ള അദ്ദേഹം 16 വര്‍ഷമായി ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിക്കുന്നു. നേരത്തെ 12 വര്‍ഷം സൗദി അറേബ്യയില്‍ പീവീസ് ഗ്രൂപ്പ്‌സ് ഓഫ് സ്‌കൂള്‍സില്‍ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ അദ്ദേഹം മുംബൈക്കടുത്തുള്ള ബി.കെ. ബിര്‍ല സെന്റര്‍ ഫോര്‍ എജുക്കേഷനിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. എജുക്കേഷന്‍ ഇന്ത്യ, നെക്‌സ്റ്റ് എജുക്കേഷന്‍, പേഴ്‌സണ്‍ ഗ്രൂപ്പ്, സി.ബി.എസ്.ഇ. എക്‌സലന്‍സ് അവാര്‍ഡുകളും കെ.ടി.കെ. ഫൗണ്ടേഷന്റെ ജ്യുവല്‍ ഓഫ് ഇന്ത്യ അവാര്‍ഡും ഭാരത് ഗുരുദേവ് അവാര്‍ഡും നേടിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ പൂട്ടിയിട്ട വാഹനത്തിനുള്ളില്‍ നാലര വയസുകാരന്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡ്രൈവറെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വാഹനത്തില്‍ ദമിസ്ഥാനിലെ കിന്റര്‍ഗാര്‍ട്ടനിലേക്ക് പോകുകയായിരുന്നു ഹസ്സന്‍ അല്‍ മഹരി എന്ന ബാലന്‍. മറ്റു കുട്ടികളെ ഇറക്കിയ ശേഷം വാഹനത്തില്‍ വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടിയെ ശ്രദ്ധിക്കാതെ വാഹനം പൂട്ടിയിട്ട് ഡ്രൈവര്‍ പോകുകയായിരുന്നു. നാലു മണിക്കൂറിനു ശേഷം കുട്ടിയെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുട്ടികളെ വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ലൈസന്‍സില്ലാതെയാണ് ഈ വനിത വാഹനമോടിച്ചിരുന്നത്.

Read More

മനാമ: ബഹ്‌റൈനില്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച കേസില്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും വിധിച്ചു.കഴിഞ്ഞ ഓഗസ്റ്റ് 28നാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.52ന് കിംഗ് ഫഹദ് കോസ് വേയുടെ അടിയന്തരപാതയില്‍ ഒരാളോട് സംസാരിച്ചുനിന്നിരുന്ന ആളാണ് അപകടത്തില്‍ മരിച്ചത്. പ്രതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അയാളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ അയാള്‍ പിറകിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു. സംഭവം കണ്ടിട്ടും പ്രതി നിര്‍ത്താതെ വാഹനമോടിച്ചുപോയി. പിന്നീട് ഇയാളെ പിടികൂടിയുകയായിരുന്നു.പ്രതി അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു.

Read More

മനാമ: വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിന്റെ ഉദ്ഘാടന മത്സരം ബുധനാഴ്ച ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ചു.സൗദി ഓട്ടോമൊബൈല്‍ ആന്റ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്റെ (എസ്.എ.എം.എഫ്) മേല്‍നോട്ടത്തില്‍ അല്‍തവക്കല്‍ത്ത് മോട്ടോര്‍സ്പോര്‍ട്ട് പിന്തുണയോടെ നടന്ന മത്സരത്തില്‍ 14 പുരുഷ-വനിതാ ഡ്രൈവര്‍മാര്‍ പങ്കെടുത്തു.ചെക്കേര്‍ഡ് ഫ്‌ളാഗില്‍, എമിറാത്തി ഡ്രൈവര്‍ ആദം അല്‍ അസ്ഹാരി (വാല്‍വോലിന്‍) ആധിപത്യ വിജയം നേടി. സ്വീഡിഷ് ഡ്രൈവര്‍ സ്‌കോട്ട് കിന്‍ ലിന്‍ഡ്‌ബ്ലോം (റെഡ് ബുള്‍) രണ്ടാം സ്ഥാനത്തും ബ്രിട്ടീഷ് ഡ്രൈവര്‍ കിറ്റ് ബെലോഫ്സ്‌കി (പിയാക്‌സ്) മൂന്നാം സ്ഥാനത്തുമെത്തി. ബെലോഫ്സ്‌കി മികച്ച റൂക്കി ഡ്രൈവര്‍ക്കുള്ള അവാര്‍ഡും നേടി. അമേരിക്കന്‍ ഡ്രൈവര്‍ അവാ ഡോബ്സണ്‍ (പിയാക്‌സ്) മികച്ച വനിതാ ഡ്രൈവറായി.ഏഴാം ലാപ്പില്‍ സ്വിസ് ഡ്രൈവര്‍ ചിയാര ബാറ്റിഗും (റെഡ് ബുള്‍) ബ്രിട്ടീഷ് ഡ്രൈവര്‍ മേഗന്‍ ബ്രൂസും (കരാഗി) തമ്മില്‍ കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് സേഫ്റ്റി കാര്‍ ഓട്ടം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, ശക്തമായ പ്രകടനത്തിലൂടെ ജര്‍മ്മന്‍ പുതുമുഖം എസ്മി കുസ്റ്റര്‍മാന്‍ ഗ്രിഡില്‍…

Read More

മനാമ: ബഹ്‌റൈനിലെ സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോട്ട് സാഖിര്‍ പാലസില്‍നിന്ന് റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്‌സ്‌റേസിംഗ് ക്ലബ് ജംഗ്ഷന്‍ വരെയുള്ള പാത അടുത്ത വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 5 മണി വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.ക്ലബ്ബിന്റെ പുതിയ പ്രവേശനകവാടം വരെയുള്ള റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് കാരണമാണിത്. പകരം സഞ്ചാരത്തിനായി മറ്റു രണ്ടു പാതകള്‍ തുറന്നുകൊടുക്കും. എല്ലാ റോഡ് ഉപയോക്താക്കളും പൊതുസുരക്ഷ കണക്കിലെടുത്ത് ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ബിസിനസ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിക്കുന്ന ശില്‍പശാലകള്‍ക്ക് തുടക്കമായി.ഉദ്ഘാടന ശില്‍പശാലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും രണ്ടാമത്തെ ശില്‍പശാലയില്‍ ടൂറിസം ഏജന്‍സികള്‍, ഹോട്ടല്‍ നടത്തിപ്പുകാര്‍ തുടങ്ങിയവരും പങ്കെടുത്തു.സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും വരുമാന സ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിലും ബഹ്‌റൈനികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടൂറിസം മേഖല നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രിയും ബി.ടി.ഇ.എ. ചെയര്‍പേഴ്‌സണുമായ ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി ഉദ്ഘാടന ശില്‍പശാലയില്‍ പറഞ്ഞു. ബഹ്‌റൈന്റെ ടൂറിസം ആക്ടിവേഷന്‍ പ്ലാനിന്റെ വിശദവിവരങ്ങള്‍ മന്ത്രി അവതരിപ്പിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ ബസ് ട്രക്കിലിടിച്ച് ഉഗാണ്ടക്കാരായ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച കേസില്‍ ബസ് ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിധി. ശിക്ഷ പൂര്‍ത്തിയായാല്‍ വിദേശിയായ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് അപകടമുണ്ടായത്. ബസ്സിന്റെ മുന്‍ഭാഗത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ജൂലിയസ് മുഹ് വേസി (33), ഐസക്ക് സെവാദുക്ക (37) എന്നിവരാണ് മരിച്ചത്.കേസ് ആദ്യം പരിഗണിച്ചത് ലോവര്‍ ക്രിമിനല്‍ കോടതിയായിരുന്നു. പിന്നീട് കൂടുതല്‍ വിശദമായ നിയമവിശകലനത്തിനായി ഹൈ ക്രിമിനല്‍ കോടതിക്ക് കൈമാറുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈന്‍ നാഷണല്‍ ഗാര്‍ഡിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഒക്ടോബര്‍ 14, 15 തിയതികളില്‍ സൈബര്‍ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശീലനം. രാജ്യത്തിന്റെ സൈബര്‍ സുരക്ഷാ പ്രതിരോധശേഷി ശക്തിപ്പെടുത്താനും സൈബര്‍ ഭീഷണികളുടെ വര്‍ധിച്ചുവരുന്ന അപകടസാധ്യതകളില്‍നിന്ന് പ്രധാന മേഖലകളെ സംരക്ഷിക്കാനുമുള്ള പരിശീലനമാണ് നല്‍കിയത്.സിമുലേറ്റഡ് സൈബര്‍ സംഭവങ്ങളോട് പ്രതികരിക്കുന്നതിലെ സന്നദ്ധതയും ഏകോപനവും പരീക്ഷിക്കുക, ഭീഷണികള്‍ കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള പങ്കാളികളുടെ കഴിവ് വിലയിരുത്തുക, ടീമുകള്‍ക്കിടയില്‍ സഹകരണവും അറിവ് പങ്കിടലും വര്‍ധിപ്പിക്കുക എന്നിവയാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് നാഷണല്‍ ഗാര്‍ഡ് സ്റ്റാഫ് ഡയറക്ടര്‍ ജനറല്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ മെക്കാനിക്ക് ചമഞ്ഞ് അറ്റകുറ്റപ്പണിക്കായി വാങ്ങിയ കാറിന്റെ ഉടമസ്ഥത തന്റെ പേരിലേക്ക് മാറ്റിയ കേസില്‍ യുവാവിന്റെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.ബുദയ്യ സ്വദേശിയായ 32കാരനാണ് പ്രതി. ഇയാള്‍ റോഡിലൂടെ നടന്നുപോകുമ്പോഴാണ് ഒരു വീട്ടുമുറ്റത്ത് തകരാറ് സംഭവിച്ച ഹ്യുണ്ടായി ആക്‌സന്റ് കാര്‍ കണ്ടത്. താന്‍ മെക്കാനിക്കാണെന്നും കാര്‍ റിപ്പയര്‍ ചെയ്തുതരാമെന്നും ഇയാള്‍ ഉടമസ്ഥനോട് പറഞ്ഞു. ഇതിനായി ഉടമസ്ഥന്‍ ഒപ്പിട്ട കരാര്‍ രേഖയും ഉടമസ്ഥന്റെ സി.പി.ആര്‍ കോപ്പിയും വാങ്ങിയിരുന്നു.പിന്നീട് ഉടമസ്ഥന്റെ വ്യാജ ഒപ്പിട്ട് കാര്‍ തനിക്ക് വിറ്റതായി വ്യാജരേഖയുണ്ടാക്കുകയായിരുന്നു. ഉടമസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Read More

മനാമ: പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പേരില്‍ വരുന്ന വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്ന് ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്.ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ അതില്‍ കാണിക്കുന്ന ലിങ്കുകളില്‍ ഉടന്‍ ക്ലിക്ക് ചെയ്യരുത്. ബന്ധപ്പെട്ട ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി പിഴയുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം അതിനോട് പ്രതികരിക്കേണ്ടത്.ഇത്തരം കെണികളില്‍പ്പെട്ടവര്‍ 992 ഹോട്ട്ലൈന്‍ നമ്പറില്‍ ഡയറക്ടറേറ്റില്‍ വിവരമറിയിക്കണം.

Read More