Author: News Desk

കൊച്ചി: വടക്കഞ്ചേരി അപകടത്തിൽ പ്രതിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പരിശോധനാഫലം. കാക്കനാട് കെമിക്കൽ ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ലഹരി ഉപയോഗം മൂലമാണോ അപകടമുണ്ടായത് എന്ന് കണ്ടെത്താനാണ് രക്തം പരിശോധനയ്ക്ക് അയച്ചത്. അതേസമയം ജോമോന്‍റെ രക്തം മണിക്കൂറുകൾ വൈകിയാണ് പരിശോധനയ്ക്ക് അയച്ചതെന്ന് ആരോപണമുണ്ട്. വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. അപകടത്തിന് ശേഷം ഒളിവിൽ പോയ ജോമോനെ കൊല്ലത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടസമയത്ത് ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

Read More

ലണ്ടൻ: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാൻ രാജിവെച്ചു. സ്വന്തം ഇമെയിലിൽ നിന്ന് ഔദ്യോഗിക രേഖ അയച്ചതിനെ തുടർന്നാണ് രാജി. ബിബിസി റിപ്പോർട്ട് അനുസരിച്ച്, സർക്കാർ രേഖ സ്വീകരിക്കാൻ അർഹതയുള്ള ഒരാൾക്കല്ല അയച്ചത്. അതേസമയം, രേഖ രാജ്യസുരക്ഷയെ ബാധിക്കുന്നതായിരുന്നില്ല. തെറ്റിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് ബ്രേവർമാൻ പ്രധാനമന്ത്രി ലിസ് ട്രസിന് അയച്ച കത്തിൽ പറഞ്ഞു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ ആശങ്കയുണ്ടെന്ന് ബ്രേവർമാൻ പറഞ്ഞു. ബ്രേവർമാന്‍റെ അച്ഛൻ ഗോവ സ്വദേശിയാണ്. അമ്മ തമിഴ് വംശജയും. 43 ദിവസങ്ങൾക്കു മുൻപാണ് സുവെല്ല ബ്രേവർമാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്. നേരത്തെ, ഋഷി സുനക്കിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ബ്രേവർമാനും ഉണ്ടായിരുന്നു.

Read More

ന്യൂഡല്‍ഹി: യുക്രൈനില്‍ തങ്ങുന്ന ഇന്ത്യക്കാര്‍ അടിയന്തരമായി തിരിച്ചുവരണമെന്ന് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. യുക്രൈനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്. യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് നിര്‍ദേശം. യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. വിദ്യാര്‍ഥികള്‍ അടക്കമുള്ള യുക്രൈനില്‍ തങ്ങുന്ന എല്ലാ ഇന്ത്യക്കാരും എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. നാല് യുക്രൈന്‍ മേഖലകളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പട്ടാള നിയമം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. റഷ്യയുമായി കൂട്ടിച്ചേര്‍ത്തെന്ന് പുടിന്‍ അവകാശപ്പെടുന്ന മേഖലകളിലാണ് പട്ടാള നിയമം. ഈ മേഖലകളിലൊന്നിലെ ഖേഴ്‌സന്‍ നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുന്നുണ്ട്.

Read More

കൊല്ലം: കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എം.ഡി.എം.എ കേസിലെ പ്രതിയെ കാണാനെത്തിയ സൈനികനും സഹോദരനും ചേർന്ന് പൊലീസിനെ ആക്രമിച്ചെന്ന കേസ് വ്യാജം. മഫ്തിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനുമായുള്ള തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. തന്നെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചതായി കൊറ്റങ്കര സ്വദേശി വിഘ്നേഷ് പറഞ്ഞു. ഓഗസ്റ്റ് 25ന് പിടികൂടിയ എം.ഡി.എം.എ കേസിലെ പ്രതികളെ കാണണമെന്നാവശ്യപ്പെട്ട് കൊറ്റങ്കര സ്വദേശികളായ വിഷ്ണുവും വിഘ്നേഷും ചേർന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന സി.പി.ഒ മണികണ്ഠൻ പ്രതികളെ ജാമ്യത്തിൽ ഇറക്കാൻ വിഘ്നേഷിനെ വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എ കേസിൽ ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് വിഘ്‌നേഷ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ച് വന്ന സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷനു മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. ഇതേതുടർന്ന് മഫ്തിയിലുണ്ടായിരുന്ന എഎസ്ഐ പ്രകാശ് ചന്ദ്രനുമായി തർക്കമുണ്ടായി. പ്രകാശ് ചന്ദ്രൻ തങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചതായി യുവാക്കൾ പറഞ്ഞു. എം.ഡി.എം.എ കേസിലെ പ്രതികളുമായി ബന്ധിപ്പിച്ച് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയും ചെയ്തു. ആക്രമണവും കള്ളക്കേസും…

Read More

ന്യൂഡല്‍ഹി: പുലിറ്റ്സർ പുരസ്കാര ജേതാവായ ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെ മതിയായ യാത്രാ രേഖകൾ ഉണ്ടായിരുന്നിട്ടും ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി. പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കുന്നതിനായി ന്യൂയോർക്കിലേക്ക് പോകുകയായിരുന്നു അവർ. കഴിഞ്ഞ 4 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തന്റെ അന്താരാഷ്ട്ര യാത്രകൾ തടയുന്നത് എന്ന് സന്ന ട്വിറ്ററിൽ കുറിച്ചു. സന്നയുടെ ആരോപണങ്ങൾക്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. “കാരണമില്ലാതെ നാലു മാസത്തിനിടെ രണ്ടാം തവണയാണ് എന്റെ യാത്ര തടയുന്നത്. അധികൃതരെ അറിയിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. പുലിറ്റ്‌സര്‍ അവാര്‍ഡ് ദാന പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയുകയെന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സാധിക്കുന്നതാണ്”. സന്ന കുറിച്ചു.

Read More

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ മനപ്പൂർവമുള്ള നരഹത്യാ കുറ്റത്തിൽ നിന്ന് വിമുക്തനാക്കിയ കോടതി വിധിയെ അപലപിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. മനപ്പൂർവമുള്ള നരഹത്യക്കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ തീരുമാനം അങ്ങേയറ്റം അപലപനീയവും നീതി നിഷേധവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകണമെന്ന് യൂണിയൻ സംസ്ഥാന ഭാരവാഹികൾ ആവശ്യപ്പെട്ടു. കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ ശ്രീറാമിന്‍റെ രക്തത്തിൽ മദ്യത്തിന്‍റെ അംശം ഇല്ലെന്നത് മാത്രമാണ് കോടതി പരിഗണിച്ചത്. അപകടം നടന്ന് 18 മണിക്കൂറിന് ശേഷമാണ് രക്തപരിശോധന നടത്തിയത്. ആശുപത്രിയിലെത്തിയ ശ്രീറാം രക്തപരിശോധനയ്ക്ക് തയ്യാറായില്ലെന്നതുൾപ്പെടെയുള്ള സാക്ഷികളുടെ മൊഴികൾ പരിഗണിക്കാതെയാണ് കോടതി തീരുമാനമെടുത്തത്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും അപകടം നടന്ന ദിവസം മുതൽ പൊലീസും ഐ.എ.എസ് ലോബിയും ശ്രമിച്ചതിന്‍റെ…

Read More

ലഖ്‌നൗ: ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ഇന്ത്യ ലോകകപ്പില്‍ കിരീടം നേടുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും സെമിയിലെത്തിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ പ്രവചനം നടത്തുന്നതില്‍ അര്‍ത്ഥമുള്ളൂവെന്നും കപില്‍ പറഞ്ഞു. “ടി20 ക്രിക്കറ്റില്‍ ഒരു മത്സരം ജയിക്കുന്ന ടീം അടുത്ത മത്സരം തോല്‍ക്കാം. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് പ്രവചിക്കുക അസാധ്യമാണ്. ഇന്ത്യ സെമിയിലെത്തുമോ എന്നാണ് ആദ്യം നോക്കേണ്ടത്. ഇന്ത്യ സെമിയിലെത്തുന്ന കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.” അദ്ദേഹം പറഞ്ഞു. ഇന്ത്യ സെമിയിലെത്താന്‍ വെറും 30 ശതമാനം സാധ്യത മാത്രമെ താന്‍ കാണുന്നുള്ളൂവെന്നും ലഖ്നൗവില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കടുക്കവെ കപില്‍ ദേവ് പറഞ്ഞു

Read More

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ആറ് റാബി വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു. ഇത് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായകമാകും. ഗോതമ്പിന്‍റെ താങ്ങുവില ക്വിന്‍റലിന് 110 രൂപയിൽ നിന്ന് 5.46 ശതമാനം വർദ്ധിപ്പിച്ച് 2,125 രൂപയാക്കി. മറ്റ് റാബി വിളകളായ ബാർലി, പയർ വർഗ്ഗങ്ങൾ, തുവര പരിപ്പ്, കടുക് എന്നിവയുടെ താങ്ങുവില സർക്കാർ 2.01 മുതൽ 9.09 ശതമാനം വരെ വർദ്ധിപ്പിച്ചു. കർഷകരിൽ നിന്ന് സർക്കാർ ധാന്യങ്ങൾ വാങ്ങുന്ന നിരക്കാണ് താങ്ങുവില. പയർ വർഗ്ഗങ്ങൾക്കാണ് ഏറ്റവും ഉയർന്ന താങ്ങുവില അനുവദിച്ചിരിക്കുന്നത്. ക്വിന്‍റലിന് 500 രൂപയാണ് വില. ക്വിന്‍റലിന് 100 രൂപയാണ് ബാർലിയുടെ വില. കഴിഞ്ഞ വർഷം ഗോതമ്പിന്‍റെ താങ്ങുവില സർക്കാർ 2.03 ശതമാനം വർധിപ്പിച്ചിരുന്നു. അതായത് ക്വിന്‍റലിന് 40 രൂപ. ഏറ്റവും വലിയ വർദ്ധനവുണ്ടായത് 2017-18 ലാണ്. 1,625 രൂപയിൽ നിന്ന് 1,735 രൂപയായാണ് അന്ന് വർദ്ധിപ്പിച്ചത്. 

Read More

പട്ന: ബിഹാറിൽ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര ചോദ്യ പേപ്പറിൽ കശ്മീരിനെ പ്രത്യേക രാജ്യമായി പരാമർശിച്ചതു വിവാദമായി. കിഷൻഗഞ്ച് ജില്ലയിലെ സർക്കാർ സ്കൂൾ അർധ വാർഷിക പരീക്ഷാ ചോദ്യ പേപ്പറിലാണു വിവാദ ചോദ്യം. കശ്മീർ ചോദ്യ വിവാദത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും സംഭവത്തെ കുറിച്ചു വിശദ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആവശ്യപ്പെട്ടു. ചൈനയിലുള്ള ജനങ്ങളെ ചൈനക്കാർ എന്നു വിളിക്കുന്നതു പോലെ നേപ്പാൾ, ഇംഗ്ലണ്ട്, കശ്മീർ, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ള ജനങ്ങളെ എന്തു വിളിക്കുമെന്നായിരുന്നു ചോദ്യം. ചോദ്യ കർത്താവിന്റെ കൈപ്പിഴയെന്നാണു ബിഹാർ വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ബിഹാർ വിദ്യാഭ്യാസ പ്രോജക്ട് കൗൺസിലിനാണ് (ബിഇപിസി) സർക്കാർ സ്കൂളുകളിലെ ചോദ്യപേപ്പർ തയാറാക്കാനുള്ള ഉത്തരവാദിത്തം. ഓരോ ജില്ലകൾക്കും പ്രത്യേക ചോദ്യപേപ്പർ തയാറാക്കി അയക്കുന്നതാണ് രീതി. വിവാദമായതിനെ തുടർന്ന് ചോദ്യപേപ്പർ തയാറാക്കിയവർക്ക് ബിഇപിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി.സിക്ക് 15 പേരേയും സ്വന്തം നിലയില്‍ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. 91 സെനറ്റ് അംഗങ്ങളേയും സര്‍വകലാശാലയേയും ഈ വിവരം അറിയിക്കുകയും ചെയ്തു. 15 പേരെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല വി.സി ഡോ. വി.പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. പുറത്താക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പുറമെ ഗവര്‍ണര്‍ പുറത്താക്കിയവര്‍ക്ക് നവംബര്‍ നാലിന് നടക്കുന്ന സ്‌പെഷ്യല്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് അയച്ച് സര്‍വകലാശാല മുന്നോട്ടുപോകുന്നതിനിടെയാണ് 15 അംഗങ്ങളേയും പുറത്താക്കി ഗവര്‍ണര്‍ തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് വി.സി.ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്നാല്‍ ശിക്ഷാനടപടി വിജ്ഞാപനം ചെയ്തിരുന്നില്ല. ഇതിനിടെ വി.സി ഉത്തരവ് നടപ്പാക്കാതെ ശബരിമലയ്ക്കു പോയി. ഇതോടെയാണ് അസാധാരണ നടപടിയുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

Read More