Author: News Desk

തിരുവനന്തപുരം: ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയായി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകും. പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം സഭയിൽ വിഷയം ഉന്നയിച്ചിരുന്നു. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശിനി ഷീബയ്ക്ക് ഏഴ് ശസ്ത്രക്രിയകൾ നടത്തിയിട്ടും രോഗമുക്തി നേടാനായില്ല. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്ന ഷീബ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭപാത്രത്തിൽ ട്യൂമർ കണ്ടെത്തിയത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കം ചെയ്തു. ഒന്നര മാസത്തിനുശേഷം ആരോഗ്യനില വഷളാവുകയും കൊല്ലം ജില്ലാ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്തു. പക്ഷേ വേദന ശമിച്ചില്ല.…

Read More

കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് സമ്പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി. ബ്രഹ്മപുരത്ത് ഇതുവരെ സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദ്ദേശങ്ങളും പൂർണ്ണമായും ലംഘിക്കപ്പെട്ടു. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നതായി സമിതി ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ മാലിന്യം നീക്കിയില്ലെങ്കിൽ ഇനിയും തീപിടിത്തമുണ്ടാകും. തീപിടിത്തമുണ്ടായാൽ അത് അണയ്ക്കാൻ കഴിയുന്ന സൗകര്യങ്ങൾ വളരെ കുറവാണ്. ഉള്ള പമ്പ് പോലും ഉപയോഗിക്കാൻ കഴിയില്ല. എവിടെ നിന്നാണ് മാലിന്യം കൊണ്ടുവരുന്നതെന്നതിന്‍റെ കൃത്യമായ വിശദാംശങ്ങൾ പോലും ബ്രഹ്മപുരത്ത് ഇല്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

Read More

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ പുരോഗതിയും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളും വിഷപ്പുക സൃഷ്ടിച്ച പ്രശ്നങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കും. കഴിഞ്ഞ രണ്ട് ദിവസം വിഷയം നിയമസഭയെ പിടിച്ചുകുലുക്കിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കുള്ള മറുപടിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയിലുണ്ടാകും.

Read More

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. കണ്ണൂർ യൂണിറ്റിനാണ് ചുമതല. നേരത്തെയും ഒത്തുതീർപ്പ് ആരോപണം ഉയർന്നപ്പോൾ സ്വപ്നയ്ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ദൂതനായി വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഡി.ജി.പി പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. വിജേഷിന്‍റെ ജില്ലയെന്ന നിലയ്ക്കാണ് കേസ് കണ്ണൂർ യൂണിറ്റ് അന്വേഷിക്കുന്നത്. സാധാരണഗതിയിൽ ഡി.ജി.പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ, പരാതിക്കാരന്‍റെ വിലാസമുള്ള ജില്ലയിലെയോ പോലീസ് മേധാവിക്ക് കൈമാറുകയാണ് പതിവ്. ഈ പതിവ് മറികടന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണച്ചുമതല നൽകിയത്.

Read More

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന് കോൺഗ്രസ് പുനഃസംഘടനയിൽ പൂർണ അധികാരം നൽകില്ല. പുനഃസംഘടനയിൽ അന്തിമ തീരുമാനമെടുക്കാൻ പ്രത്യേക സമിതി രൂപീകരിക്കും. എം.പിമാരും സമിതിയുടെ ഭാഗമാകും. എം.പിമാരുടെ നിലപാട് കൂടി കണക്കിലെടുത്താകും പട്ടികയ്ക്ക് അന്തിമരൂപം നൽകുകയെന്നാണ് സൂചന. ഇക്കാര്യത്തിൽ ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനാണ് താരിഖ് അൻവറിന്‍റെ കേരള സന്ദർശനമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെയാണ് കോൺഗ്രസിൽ വീണ്ടും ഭിന്നത ഉടലെടുത്തത്. പാർലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ തവണ മികച്ച വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി ശരിയായില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.  അച്ചടക്ക വിഷയമായതിനാൽ പരസ്യ പ്രതികരണമില്ലെങ്കിലും മുരളീധരനും എം കെ രാഘവനുമൊപ്പമാണ് കേരളത്തിലെ രണ്ട് പ്രബല ഗ്രൂപ്പുകളും. തങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും കെ.പി.സി.സി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തിൽ എലിപ്പനി മരണങ്ങളിൽ വർധന. 2023 ൽ ഇതുവരെ 13 എലിപ്പനി മരണങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രോഗം സംശയിക്കപ്പെടുന്ന 16 മരണങ്ങൾ ഉണ്ടായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന നിരക്കാണിത്. സംശയാസ്പദമായവ ഉൾപ്പെടെ ആകെ 531 എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 210 എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2021 ലെ ആദ്യ രണ്ട് മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത 186 കേസുകളിൽ ആറ് പേർ മാത്രമാണ് മരിച്ചത്. 2022 ൽ 216 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ അഞ്ച് പേർ മരിച്ചു. ഈ വർഷം എലിപ്പനി സംശയിക്കുന്ന പല കേസുകളിലും പരിശോധനാ ഫലം എത്തിയിട്ടില്ല. ഈ വർഷം 4 പേരാണ് കോഴിക്കോട് മരിച്ചത്. തൃശൂരിൽ 3 പേരും കൊല്ലത്ത് 2 പേരും തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. തിരുവനന്തപുരം-34, ആലപ്പുഴ-25, കോഴിക്കോട്-25, വയനാട്-24 എന്നീ ജില്ലകളിലാണ്…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ വേനൽമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ആദ്യം മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ വെള്ളിയാഴ്ചയോടെ മഴ ലഭിക്കും.  സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവുണ്ടായി. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്കുകൾ പ്രകാരം പാലക്കാട് എരുമയൂരിലാണ് ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Read More

കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് പിരിച്ചുവിടൽ മുന്നറിയിപ്പിന്‍റെയും പുനഃസംഘടനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിനെ മികച്ച സാങ്കേതിക കമ്പനിയാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദീർഘകാല കാഴ്ചപ്പാടോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് സക്കർബർഗ് പറഞ്ഞു. വരാനിരിക്കുന്ന മാറ്റങ്ങൾ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നോട്ടുള്ള ദുഷ്കരമായ പാതയിൽ നിന്ന് കരകയറാൻ ഉടനടി മാറ്റങ്ങൾ ആവശ്യമാണെന്നും സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പുനഃസംഘടനയുടെ വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും. റിക്രൂട്ടിംഗ് ടീമിലെ ആളുകളുടെ എണ്ണവും കുറയ്ക്കും. ഏപ്രിൽ അവസാനത്തോടെ പിരിച്ചുവിടൽ പ്രഖ്യാപിക്കും. മാറ്റങ്ങൾ ഈ വർഷം തന്നെ സംഭവിക്കും. തങ്ങളുടെ വിജയത്തിന്‍റെ ഭാഗമായ പ്രഗത്ഭരായ സഹപ്രവർത്തകരോട് വിടപറയേണ്ടി വരുന്നത് വേദനാജനകമാണ്. പക്ഷെ മറ്റൊരു വഴിയുമില്ല. പുനഃസംഘടനയ്ക്ക് ശേഷം ആളുകളെ എടുക്കുന്നതിനുള്ള നിയന്ത്രണം…

Read More

ബ്രസ്സൽസ്: റഷ്യൻ യുദ്ധവിമാനവും യുഎസ് ഡ്രോണും കരിങ്കടലിന് മുകളിൽ കൂട്ടിയിടിച്ചു. റഷ്യയുടെ സുഖോയ് -27 യുദ്ധവിമാനം യുഎസിന്‍റെ എംക്യു -9 റീപ്പർ ഡ്രോണുമായാണ് കൂട്ടിയിടിച്ചതെന്ന് യുഎസ് സൈന്യത്തിന്‍റെ യൂറോപ്യൻ കമാൻഡ് അറിയിച്ചു. എംക്യു-9 ഡ്രോൺ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് റഷ്യൻ വിമാനം ഇടിച്ചതെന്ന് യു എസ് എയർഫോഴ്സ് യൂറോപ്പ് ആൻഡ് എയർഫോഴ്സ് ആഫ്രിക്ക കമാൻഡർ ജനറൽ ജെയിംസ് ഹെക്കർ പറഞ്ഞു. എംക്യു-9 പൂർണ്ണമായും ഉപയോഗശൂന്യമായി. പ്രൊഫഷണലല്ലാത്ത സുരക്ഷിതമല്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരിങ്കടലിൽ പതിച്ച യുഎസ് ഡ്രോണുമായി തങ്ങളുടെ യുദ്ധവിമാനം കൂട്ടിയിടിച്ചി‌ട്ടില്ലെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ സൈന്യം തങ്ങളുടെ ഓൺ‌ബോർഡ് ആയുധങ്ങൾ ഉപയോഗിച്ചില്ലെന്നും ഡ്രോണുമായി കൂട്ടിയിടിച്ചില്ലെന്നുമാണ് മന്ത്രാലയം അറിയിച്ചത്.

Read More

ബെംഗളൂരു: ബ്രഹ്മപുരം തീപിടിത്തത്തിൽ ആരോപണമുന്നയിച്ച് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എം ശിവശങ്കറിന് കരാർ കമ്പനിയുമായുള്ള ഇടപാടിൽ പങ്കുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിച്ചതെന്നും സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ 12 ദിവസത്തെ മൗനം വെടിഞ്ഞിരിക്കുന്നു. കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി, ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് വ്യക്തിപരമായി അറിയാം. മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാവാം. ഈ വിഷയത്തിൽ താനെന്തിനാണ് സംസാരിക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും. കാരണം, താനും കൊച്ചിയിൽ താമസിച്ചുവെന്നും, നിങ്ങൾ കാരണം ബെംഗളൂരുവിലേക്കു രക്ഷപ്പെടേണ്ടി വന്നുവെന്നും പക്ഷേ ഇതുവരെ മരിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

Read More