Author: News Desk

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെടുകാര്യസ്ഥതയെ വിമർശിച്ചാൽ അത് സ്ത്രീവിരുദ്ധമാകുമോയെന്ന് സതീശൻ ചോദിച്ചു. ആർക്കാണ് കാപട്യം എന്ന് ജനം തീരുമാനിക്കട്ടെയെന്നും സതീശൻ പറഞ്ഞു. ഇന്നലെയാണ് പ്രതിപക്ഷ നേതാവിനെതിരെ ആരോഗ്യമന്ത്രി ആരോപണമുന്നയിച്ചത്. സ്ത്രീകളോട് പുച്ഛത്തോടെ പെരുമാറുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് പറയുന്നത് കാപട്യമാണെന്നായിരുന്നു വീണാ ജോർജ് പറഞ്ഞത്. അഭൂതപൂർവമായ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമാണ് കേരള നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് ആവർത്തിച്ച് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചു. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എം.എൽ.എമാർ ആക്രമിച്ചതായി പ്രതിപക്ഷം പരാതിപ്പെട്ടു. എം.എൽ.എമാരായ കെ.കെ രമ, സനീഷ് കുമാർ ജോസഫ് എന്നിവർക്കും സ്ത്രീകൾ ഉൾപ്പെടെ എട്ട് വാച്ച് ആൻഡ് വാർഡുകൾക്കും പരിക്കേറ്റു.

Read More

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. നൊബേൽ സമ്മാന കമ്മിറ്റി ഉപാധ്യക്ഷൻ അസ്ലെ തോജെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. മോദിയുടെ ഭരണ നയങ്ങൾ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്ന് പറഞ്ഞ അസ്ലെ തോജെ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് പറഞ്ഞതിനും പ്രധാനമന്ത്രിയെ പ്രശംസിച്ചു. 2018ൽ വിഖ്യാതമായ സോൾ സമാധാന പുരസ്കാരം നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. രാജ്യാന്തര തലത്തിലെ സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്കാരം. സോൾ പുരസ്കാരം നേടിയ പലരും പിന്നീട് നൊബേൽ സമാധാന പുരസ്കാരവും നേടിയിട്ടുണ്ട്.

Read More

ദുബായ്: ലഹരി ഇടപാടുകൾ നടത്തിയ 1,300 വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് പോലീസ്. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സൈബർ ക്രൈം ആക്ട് പ്രകാരമാണ് നടപടി. ഓൺലൈൻ വഴിയുള്ള അനധികൃത ഇടപാടുകൾ നിരീക്ഷിക്കാൻ ഇലക്ട്രോണിക് പട്രോൾ ടീമിനെയും ദുബായ് പോലീസ് ചുമതലപ്പെടുത്തി. മുൻ വർഷങ്ങളിൽ വാട്സാപ്പ് വഴി ലഹരി ഇടപാട് നടത്തിയതിന് 100 പേരെ അറസ്റ്റ് ചെയ്തിരുന്നു. സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് അറിയിക്കാൻ 901 എന്ന നമ്പറിൽ വിളിക്കാനോ ദുബായ് പോലീസിന്‍റെ വെബ്സൈറ്റുമായോ സ്മാർട്ട് ആപ്പുമായോ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു. 2022 ൽ എമിറേറ്റിൽ നിന്ന് 2.5 ടണ്ണിലധികം ലഹരി മരുന്നുകളും 130 ദശലക്ഷം വേദനസംഹാരികളുമാണ് പിടിച്ചെടുത്തത്. എമിറേറ്റിന് പുറത്ത് 69 കോടി ദിർഹം വിലമതിക്കുന്ന 4.7 ടൺ ലഹരിമരുന്ന് പിടിച്ചെടുക്കുമെന്നും ദുബായ് പോലീസ് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ലഹരിമരുന്നിന് അടിമകളായ 458 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

Read More

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ വർധിപ്പിക്കാനുള്ള വഴി തേടുകയാണ് ചൈന. രാഷ്ട്രീയ ഉപദേഷ്ടാക്കൾ ഇതിനായി 20 മാർഗ്ഗനിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്.  1980 മുതൽ 2015 വരെ ചൈന ഒറ്റക്കുട്ടി നയമായിരുന്നു പിന്തുടർന്നത്. ഇതോടെ രാജ്യത്തെ ജനനനിരക്ക് കുറയുകയും ജനസംഖ്യയെ ബാധിക്കുകയും ചെയ്തു. 2021 ൽ മൂന്ന് കുട്ടികൾ വരെ ആകാമെന്ന് ചൈന പറഞ്ഞിരുന്നു. എന്നാൽ കോവിഡ് -19 സാമൂഹിക-സാമ്പത്തിക സാഹചര്യത്തെ ബാധിച്ചതിനാൽ, പലരും കുട്ടികളെക്കുറിച്ച് ചിന്തിച്ചില്ല.  ശിശുപരിപാലനത്തിന്‍റെ ഉയർന്ന ചെലവ്, വിദ്യാഭ്യാസച്ചെലവ്, കുറഞ്ഞ വരുമാനം, ലിംഗ അസമത്വം എന്നിവയെല്ലാം കുട്ടികൾ വേണ്ടന്നുള്ളതിനുള്ള കാരണങ്ങളായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞിനെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് സബ്സിഡി മുതൽ‌ സൗജന്യ പൊതുവിദ്യാഭ്യാസം വരെ നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: ബുധനാഴ്ച നിയമസഭയിൽ നടന്ന ഭരണ-പ്രതിപക്ഷ പ്രതിഷേധത്തിൽ എം.എൽ.എമാർക്കെതിരെ കേസ്. ഭരണകക്ഷി എം.എൽ.എമാരായ എച്ച്. സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് പരാതി നൽകിയത്. അഞ്ച് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാരായ റോജി എം ജോൺ, ഉമ തോമസ്, കെ കെ രമ, പി കെ ബഷീർ, അനൂപ് ജേക്കബ് എന്നിവർക്കെതിരെയാണ് കേസ്. വാച്ച് ആൻഡ് വാർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭരണകക്ഷി എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷ എംഎൽഎമാർക്ക് പരിക്കേറ്റിരുന്നു. കെ.കെ രമയുടെ വലതുകൈ ഒടിഞ്ഞു.

Read More

തിരുവനന്തപുരം: നിയമസഭയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതിനെതിരെ സ്പീക്കർ എ.എൻ ഷംസീർ. സഭക്കുള്ളിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യരുതെന്ന് പറഞ്ഞിട്ടും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പുറത്തുവിട്ടു. ഇത്തരമൊരു സാഹചര്യത്തിൽ, മൊബൈൽ ഫോണിലെ റെക്കോർഡിംഗ് തടയുന്നതിനുള്ള നൂതന സംവിധാനങ്ങൾ സജ്ജമാണ്. അത്തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിച്ചിട്ടില്ല. എങ്കിലും ഇന്നലത്തെ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, മാധ്യമങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത നിയമസഭയിൽ സഭാ ടിവി പ്രതിപക്ഷ പ്രതിഷേധം പൂർണ്ണമായും മറയ്ക്കുകയും, പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ മന്ത്രിമാരുടെ മുഖം മാത്രം കാണിക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്പീക്കർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. അങ്ങനെയെങ്കിൽ സഭയിൽ നടക്കുന്ന സംഭവങ്ങൾ പുറത്തുവരണം. അല്ലാത്തപക്ഷം ജനം അത് തെറ്റിദ്ധരിക്കും. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നത് സഭാ ടിവിയാണ്. ഒരു കാരണവശാലും അതിനോട് യോജിക്കാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഇവിടെ നടക്കുന്നത് ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

Read More

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം കാണിക്കാത്ത സഭാ ടിവിക്കെതിരെ പ്രതിപക്ഷം. പ്രതിപക്ഷ എം.എൽ.എമാർ സഭാ ടിവിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് രാജിവയ്ക്കും. 4 പ്രതിപക്ഷ എം.എൽ.എമാരാണ് രാജിവെക്കാനൊരുങ്ങുന്നത്. ആബിദ് ഹുസ്സൈൻ തങ്ങൾ, റോജി എം ജോൺ, എം വിൻസെന്‍റ്, മോൻസ് ജോസഫ് എന്നിവരാണ് രാജിവെക്കുന്നത്. കുറച്ചുകാലമായി സഭയിലെ പ്രതിപക്ഷ പ്രതിഷേധമോ പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരുടെ പ്രതിഷേധമോ സഭാ ടിവി കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുമ്പോളുള്ള ദൃശ്യങ്ങളും കാണിച്ചില്ല. തുടർന്ന് പ്രതിപക്ഷ എം.എൽ.എമാർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി മാധ്യമങ്ങൾക്ക് നൽക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം പ്രക്ഷേപണം ചെയ്യാത്ത സഭാ ടിവിയുടെ നടപടിക്കെതിരെ നേരത്തെയും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സഭാ ടിവി ഭരണകക്ഷിക്ക് മാത്രമായി മാറിയെന്നും വി ഡി സതീശൻ ആരോപിച്ചിരുന്നു. സഭാ ടിവി ഇതുപോലെ മുന്നോട്ട് പോകുകയാണെങ്കിൽ അവരുമായി സഹകരിക്കണമോ വേണ്ടയോ എന്ന് പ്രതിപക്ഷം പുനർവിചിന്തനം നടത്തേണ്ടിവരുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More

ഇന്ത്യൻ ബോക്സോഫീസിൽ 500 കോടിയും ആഗോള ബോക്സോഫീസിൽ 1,000 കോടിയും കടന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘പത്താൻ’. തിയേറ്ററിൽ 50 ദിവസം പിന്നിട്ട ചിത്രത്തിൻ്റെ ഒടിടി റിലീസ് തീയതിയെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പത്താന്‍റെ ഒടിടി പ്രീമിയർ 56 ദിവസത്തിന് ശേഷമാണ് ചാർട്ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാർച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. പത്താൻ ആമസോൺ പ്രൈം വീഡിയോയിലാവും റിലീസ് ചെയ്യുക. ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും തകർത്തതുപോലെ ചിത്രം ഒടിടിയിലും റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും, ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നിർമ്മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇതുവരെ നടത്തിയിട്ടില്ല.  ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ 50 ദിവസം പൂർത്തിയാക്കിയത്. പത്താൻ ഇപ്പോഴും ലോകമെമ്പാടുമുള്ള 20 രാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ വിപണികളിൽ 135 സ്ക്രീനുകളിലും. ലോകത്താകമാനം 8,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Read More

വാഷിങ്ടൻ: അന്താരാഷ്ട്ര നിയമം അനുവദിക്കുന്നിടത്തെല്ലാം യുഎസ് വിമാനങ്ങൾ പറക്കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ. റഷ്യ മുൻകരുതലുകളോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവുമായുള്ള ഫോൺ സംസാരത്തിന് ശേഷമാണ് ഓസ്റ്റിൻ ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ സുഖോയ് വിമാനമിടിച്ച് അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ കരിങ്കടലിൽ തകർന്നു വീണിരുന്നു. റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത നടപടി എന്നാണ് സംഭവത്തെ യുഎസ് വിശേഷിപ്പിച്ചത്. എന്നാൽ ഈ മേഖലയിലേക്ക് അമേരിക്ക ശത്രു വിമാനങ്ങൾ അയയ്ക്കുന്നുവെന്നാണ് റഷ്യയുടെ ആരോപണം. അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ പതിവ് ഓപ്പറേഷൻ നടത്തുന്നതിനിടെ എംക്യു -9 ഡ്രോണിനെ റഷ്യൻ വിമാനം തടയുകയും ഇടിക്കുകയും ചെയ്തെന്നാണ് യുഎസിന്റെ ആരോപണം. എന്നാൽ റഷ്യ ഇത് നിഷേധിച്ചു.

Read More

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റം. എല്ലാ വിഷയങ്ങളിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ പ്രവർത്തിക്കില്ലെന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിച്ചത്. എന്തിനാണ് പ്രതിപക്ഷനേതാവ് വൈകാരികമായും പ്രകോപനപരമായും സംസാരിക്കുന്നത് എന്ന ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. ജൂനിയർ എം എൽ എ മാത്യു കുഴൽനാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടുവെന്നും സതീശൻ ചോദിച്ചു. യോഗത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷം സ്വീകരിച്ചത്. യോഗത്തിന് ശേഷം പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സ്പീക്കറുടെ ഡയസിന് കീഴിൽ പ്രതിഷേധം തുടർന്നതോടെ സ്പീക്കർ ചോദ്യോത്തര വേള താൽക്കാലികമായി നിർത്തിവച്ചു. തുടർന്ന് സഭാനടപടികൾ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

Read More