- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സയൻസ് പാർക്കുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്ക് സമീപമാണ് സയൻസ് പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളിലായി നിർമിക്കുന്ന ഓരോ സയൻസ് പാർക്കിനും 200 കോടി രൂപ മുതൽമുടക്കും 10 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണവുമുണ്ടാകും. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം സയൻസ് പാർക്കുകളിലെ പ്രിൻസിപ്പൽ അസോസിയേറ്റ് സർവകലാശാലകൾ യഥാക്രമം കണ്ണൂർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കേരള സർവകലാശാല എന്നിവയായിരിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സയൻസ് പാർക്ക് സ്ഥാപിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി തീരുമാനിച്ചു. സയൻസ് പാർക്കുകൾക്കായി ഭൂമി ഏറ്റെടുക്കാൻ കെ.എസ്.ഐ.ടി.എല്ലിനെ ചുമതലപ്പെടുത്തി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ എക്‌സ് – ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ പി സുധീര്‍ ചെയര്‍മാനായ ഒമ്പത് അംഗ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു. സയൻസ് പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ഒരു റിസോഴ്സ് ടീമിനെ നിയോഗിക്കും. ഇതിനുള്ള…
കൊച്ചി: അന്തരിച്ച മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ പി ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് അന്തരിച്ചത്. സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ്ജലി അർപ്പിക്കാനെത്തി. രാവിലെ എട്ടിന് കൊച്ചിയിലെ വസതിയിൽ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം മൃതദേഹം ഹൈക്കോടതി സെൻട്രൽ പോർട്ടിക്കോയിൽ പൊതുദർശനത്തിന് വെച്ചു. ഇതാദ്യമായാണ് കോടതി പരിസരം ഇത്തരമൊരു അനുമോദനത്തിന് കളമൊരുക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. ഹൈക്കോടതിയിൽ പൊതുദർശനത്തിന് ശേഷമാണ് കുടുംബാംഗങ്ങൾ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറിയതിന്‍റെ രേഖകൾ സൂപ്രണ്ട് ഗണേഷ് മോഹന് നൽകിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരെ ലോകായുക്തയ്ക്ക് നൽകിയ പരാതിയിൽ വിധി പറയാൻ വൈകരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയ്ക്ക് പരാതി സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം. വിചാരണ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്നാണ് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാർ ലോകായുക്ത രജിസ്ട്രാറെ എതിർകക്ഷിയാക്കി ഹർജി ഫയൽ ചെയ്തത്. ഹർജി ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും. 2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറ് മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായിട്ടും വിധി പ്രസ്താവിക്കാൻ ലോകായുക്ത തയ്യാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ലോകായുക്തയിൽ കേസ് പരിഗണിക്കുന്നതിനിടെയാണ് ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. അഴിമതി കണ്ടെത്തിയാൽ പൊതുപ്രവർത്തകർ…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. ആശുപത്രി ക്രമീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണമെന്നും ഐസിയു, വെന്‍റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദം ഉണ്ടോ എന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. ആശുപത്രികളിൽ എത്തുന്ന എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കി: മയക്കുവെടി വയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അരിക്കൊമ്പൻ പെരിയകനാലിലെ ചോല വനത്തിൽ തുടരുകയാണ്. ഇന്നലെ 301 കോളനിക്ക് സമീപം എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയകനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്. ദൗത്യം വിലയിരുത്താൻ വനംമന്ത്രി എ കെ ശശീന്ദ്രൻ 25ന് ചിന്നക്കനാലിലെത്തും. ഇപ്പോൾ അരിക്കൊമ്പൻ നിൽക്കുന്ന പെരിയകനാലിലെ ചോലക്കാട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് 301 കോളനിയും സിമന്‍റ് പാലവും. ഇതിനിടയിലാണ് ആനയിറങ്കൽ അണക്കെട്ട്. എസ്റ്റേറ്റിലെ തേയിലത്തോട്ടങ്ങളിലും ചോലക്കാട്ടിലും തുടരുന്ന ആന ഞായറാഴ്ചയോടെ ഇറങ്ങി വെരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി താഴെയെത്തിക്കേണ്ടി വരും. ദൗത്യം വിലയിരുത്താൻ ചിന്നക്കനാലിലേക്ക് എത്തുന്ന വനംമന്ത്രി ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ദൗത്യം വിജയിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. ആനപ്രേമികൾ കേസ് നൽകിയാൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും ദൗത്യം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികൾ…
സമുദ്രാതിർത്തി കടന്ന് മീൻ പിടിച്ചെന്നാരോപണം; 12 ഇന്ത്യക്കാരെ ശ്രീലങ്കൻ നാവികസേന പിടികൂടി
രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ച് മീൻ പിടിച്ചെന്നാരോപിച്ച് 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. പുതുക്കോട്ടൈ, ജഗതപട്ടണം, കോട്ടപട്ടണം എന്നിവിടങ്ങളിൽ നിന്ന് കടലിൽ പോയവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബോട്ടുകളും സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 30 നോട്ടിക്കൽ മൈൽ അകലെയുള്ള നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്നു തൊഴിലാളികൾ. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ശ്രീലങ്കൻ സേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശ്രീലങ്കയിലെ കനകേശന്തുറൈ നാവിക ക്യാമ്പിലേക്ക് ചോദ്യം ചെയ്യലിനായി ഇവരെ കൊണ്ടുപോയി.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു നഴ്സിംഗ് അസിസ്റ്റന്‍റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവർക്കെതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കുക, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരാതി പിൻവലിക്കാൻ ജീവനക്കാർ ഇരയെ സമ്മർദ്ദത്തിലാക്കിയ സംഭവത്തിന് പിന്നിൽ പ്രതി ശശീന്ദ്രന്‍റെ രാഷ്ട്രീയ സ്വാധീനമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നിന്ന് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിതനായ ശശീന്ദ്രൻ പിന്നീട് സ്ഥിരം ജീവനക്കാരനാവുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശസ്ത്രക്രിയ വിഭാഗത്തിലെ നഴ്സുമാർ ഉൾപ്പെടെയുള്ളവർ ശശീന്ദ്രനെതിരെ പൊലീസിന് മൊഴി നൽകിയിരുന്നു. രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിക്കുകയായിരുന്നു അറ്റൻഡർ എന്ന നിലയിൽ ശശീന്ദ്രന്‍റെ ജോലി. സംഭവ ദിവസം പ്രതി വനിതാ വാർഡിലുണ്ടായിരുന്നു. രോഗിയുടെ വസ്ത്രങ്ങൾ…
കൊല്ലം: കായംകുളം നഗരസഭയിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. കഴിഞ്ഞ ദിവസം ബജറ്റിനോട് അനുബന്ധിച്ച് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മുനിസിപ്പൽ ജീവനക്കാർ, കൗൺസിലർമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ മീൻകറിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടർന്ന് നഗരസഭയിലെ പകുതിയിലധികം ജീവനക്കാരും എത്താതെ അവധിയിൽ പോയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ആശുപത്രി വളപ്പിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആശുപത്രി കോമ്പൗണ്ടിന് സമീപം പരിപാടികൾ നടത്തുമ്പോൾ ഉച്ചത്തിലുള്ള ശബ്ദമോ കരിമരുന്ന് പ്രയോഗമോ പാടില്ല. രോഗി സൗഹൃദമായിരിക്കണം. രോഗികൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ ഒരു തരത്തിലും ശല്യപ്പെടുത്തുന്ന രീതിയിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ പാടില്ല. ആശുപത്രികളിലെ പൊതുവായ അന്തരീക്ഷം രോഗിസൗഹൃദമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കണം. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയും ആശുപത്രിയിൽ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്റ്റിന്‍റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തി. 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തത് മന്ത്രിയെ ചൊടിപ്പിച്ചു. ആവശ്യപ്പെട്ട് 20 മിനിറ്റ് കഴിഞ്ഞിട്ടും പഞ്ചിങ് റജിസ്റ്റര്‍ ലഭിക്കാത്തതും മന്ത്രിയെ ക്ഷുഭിതനാക്കി. സ്പാർക്കുമായി ഓഫിസിലെ പഞ്ചിങ് ബന്ധപ്പെടുത്താത്ത കാര്യം മേലധികാരികളെ അറിയിക്കാത്തത് ഗൗരവകരമാണെന്ന് മന്ത്രി പറഞ്ഞു. ഓഫീസ് പർച്ചേസിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനും മന്ത്രി ഉത്തരവിട്ടു. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും തെറ്റായ പ്രവണതകൾ പൂർണ്ണമായും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൃത്യസമയത്ത് ഓഫീസുകളിൽ എത്തുന്നതും ജോലി ചെയ്യുന്നതും ഒരു പ്രധാന ഉത്തരവാദിത്തമാണ്. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. തെറ്റായ പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനാണ് തീരുമാനമെന്നും പരിശോധനയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.