Author: News Desk

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിലാണ് നടപടി. കേസിൽ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. ഫോൺ ചോർത്തലിൽ സിബിഐയുടെ അപേക്ഷ അംഗീകരിച്ച ഡൽഹി ലഫ്.ഗവർണർ വി.കെ.സക്സേന, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അനുമതിക്കായി നൽകുകയായിരുന്നു. ഡൽഹി സർക്കാർ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റിന്‍റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സിസോദിയയ്ക്കെതിരെ കേസെടുക്കാനാണു സിബിഐ ശുപാർശ ചെയ്തിരുന്നത്. രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങൾ എഫ്ബിയു രഹസ്യമായി ശേഖരിച്ചെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. യൂണിറ്റ് രൂപീകരണത്തിന് മേൽനോട്ടം വഹിച്ച സിസോദിയയ്ക്കെതിരെ കേസെടുക്കണമെന്നാണ് സി.ബി.ഐ ഗവർണറോട് ശുപാർശ ചെയ്തത്. 2016ൽ രൂപീകരിച്ച എഫ്ബിയു രാഷ്ട്രീയ എതിരാളികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ രഹസ്യമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. എഫ്ബിയുവിന്‍റെ പ്രവർത്തനത്തിനായി സർക്കാർ ഒരു കോടി രൂപ തുടക്കത്തിൽ അനുവദിച്ചിരുന്നു.

Read More

കണ്ണൂർ: പാത്തൻപാറയിൽ ക്വാറിയോട് ചേർന്നുള്ള ഒന്നര ഏക്കറോളം സ്ഥലത്ത് വിള്ളൽ രൂപപ്പെട്ടു. മലയും കൂറ്റൻ പാറക്കഷണങ്ങളും ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഉത്തരാഖണ്ഡിലെ ജോഷിമഠായി കേരളത്തിലെ പാത്തൻപാറ മാറുമോ എന്നതാണ് പ്രദേശവാസികളുടെ ആശങ്ക. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ഇത്തരമൊരു ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് എങ്ങനെ അനുമതി ലഭിച്ചു എന്ന ചോദ്യവും നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. 2008ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. ക്വാറിക്ക് മുകളിൽ ഒരു കിലോമീറ്ററോളം നീളത്തിലും അഞ്ച് മീറ്റർ ആഴത്തിലുമാണ് വിള്ളൽ വീണിരിക്കുന്നത്. വിള്ളൽ രൂപപ്പെട്ടതോടെ അര ഏക്കറോളം സ്ഥലത്തെ മണ്ണും പാറക്കഷണങ്ങളും ക്വാറിയിലേക്ക് പതിച്ചു. മഴക്കാലത്ത് നീർച്ചാലിൽ വെള്ളം നിറഞ്ഞ് മല ഒന്നാകെ താഴേക്ക് വീഴുമോ എന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. കരുവഞ്ചാൽ, വെള്ളാട് തുടങ്ങിയ പ്രദേശങ്ങളിലായി ആയിരത്തോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ക്വാറിക്ക് ചുറ്റുമുണ്ടായ വിള്ളലുകൾ ഈ കുടംബങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങൾക്കും ഭീഷണിയുയർത്തുകയാണ്.

Read More

കൊച്ചി: ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയായിരുന്നു. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. തസ്കരലഹള, ഡ്രാമ, ഗൃഹനാഥൻ തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സുബിയുടെ വിയോഗത്തിൽ സുഹൃത്തും നടനുമായ ടിനി ടോം അനുശോചനം രേഖപ്പെടുത്തി. സുബിക്ക് രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നുവെന്നും അവര്‍ ഏറെ സന്തോഷവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

റിയാദ്: സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികൾ. തലസ്ഥാനമായ റിയാദിലെ ദിരിയയിലാണ് പ്രധാന പരിപാടികൾ നടക്കുക. ആധുനിക സൗദി അറേബ്യയുടെ തുടക്കം കുറിച്ചത് ദിരിയയിലാണ്. കഴിഞ്ഞ ശേഷം മുതലാണ് സൗദിയുടെ സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങിയത്. 300 വർഷങ്ങൾക്ക് മുമ്പ്, 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്‍റെ നേതൃത്വത്തിലാണ് റിയാദിലെ ദിരിയ തലസ്ഥാനമാക്കി ആദ്യത്തെ സൗദി രാജ്യം രൂപീകരിച്ചത്. സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാ പ്രവിശ്യകളിലും ആഘോഷങ്ങൾ നടക്കും.  സ്ഥാപക ദിനമായ നാളെ അവധി ദിവസമാണ്. പൊതുമേഖലാ ജീവനക്കാർക്കും സ്കൂളുകൾക്കും 23നും അവധി നൽകിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലകളിലൂടെ സൗദി അറേബ്യയുടെ ചരിത്രം രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും. 22 മുതൽ 27 വരെ റിയാദിലെ പ്രിൻസസ് നൂറ സർവകലാശാലയിലെ കോൺഫറൻസ് സെന്ററിൽ നാടകങ്ങൾ അരങ്ങേറും. കരിമരുന്ന് പ്രയോഗങ്ങളും, വ്യോമാഭ്യാസം എന്നിവയും ഉണ്ടാകും.

Read More

ന്യൂയോര്‍ക്ക്: നാഷണൽ ജിയോഗ്രാഫിക് മാഗസിൻ്റെ ‘പിക്ചർ ഓഫ് ദി ഇയർ’ പുരസ്കാരം സ്വന്തമാക്കി അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ വംശജനായ സോഫ്റ്റ് വെയർ എൻജിനീയർ കാർത്തിക് സുബ്രഹ്മണ്യം. ‘പരുന്തുകളുടെ നൃത്തം’ എന്ന ഫോട്ടോയാണ് കാര്‍ത്തിക്കിനെ ബഹുമതിക്ക് അര്‍ഹനാക്കിയത്. അയ്യായിരത്തോളം മത്സരാർത്ഥികളിൽ നിന്നാണ് കാർത്തികിനെ വിജയിയായി തിരഞ്ഞെടുത്തത്. നാഷണൽ ജിയോഗ്രാഫിക് മാസികയുടെ മെയ് ലക്കത്തിൽ കാർത്തിക്കിൻ്റെ ചിത്രങ്ങളും ഉൾപ്പെടുത്തും. അലാസ്കയിലെ ചിൽകാറ്റ് ബാൾഡ് ഈഗിൾ സാങ്ച്വറിയിലെ പരുന്തുകൾ തമ്മിലുള്ള പോരാണ് കാർത്തിക് പകർത്തിയത്. നവംബറിൽ ധാരാളം പരുന്തുകൾ സാൽമൺ മീനുകളെ കഴിക്കാൻ ഇവിടെ എത്തുന്നു. 2020 ലെ കോവിഡ് -19 ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്.

Read More

കേപ്ടൗൺ: വനിതാ ടി 20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. കേപ്ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച വൈകിട്ട് 6.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ തോൽപിച്ച് ഗ്രൂപ്പ് ബി ചാംപ്യന്മാരായതോടെയാണ് ഇന്ത്യ–ഓസീസ് സെമി ഫൈനലിന് അരങ്ങൊരുങ്ങിയത്. ഗ്രൂപ്പ് ബി ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാർ നേരിടും. പാക്കിസ്ഥാനെ 114 റൺസിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന ഗ്രൂപ്പ് മത്സരം ആഘോഷമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. നാറ്റ് സിവർ (40 പന്തിൽ 81), ഡാനി വ്യാറ്റ് (33 പന്തിൽ 59) എന്നിവർ അർധസെഞ്ചുറി നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുത്തു.

Read More

കൊച്ചി: റോഡിന് കുറുകെ പൊട്ടിവീണ കേബിൾ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് പരിക്ക്. തൃശൂർ കോർപ്പറേഷൻ മുൻ സെക്രട്ടറിയും അഭിഭാഷകനുമായ മുണ്ടൻവേലി വെട്ടുകാട് വീട്ടിൽ പി.ജെ. കുര്യനാണ് അകടത്തിൽ പെട്ടത്. വീഴ്ചയിൽ കഴുത്തിനു പരിക്കേൽക്കുകയും ഇടത് കാൽ ഒടിയുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടെ രവിപുരത്താണ് സംഭവം. കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിനിയായ മകളെ സൗത്ത് റെയിൽവേ സ്റ്റേഷനിൽ വിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. രവിപുരം എച്ച്.ഡി.എഫ്.സിക്ക് സമീപം റോഡിനു കുറുകെ ഉണ്ടായിരുന്ന കേബിളാണ് അപകടകാരണമായത്. അതിരാവിലെ ആയതിനാൽ വെളിച്ചം കുറവായിരുന്നു. കേബിൾ കഴുത്തിൽ കുടുങ്ങിയ കുര്യൻ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിലാണ് ഇടത് കാൽ ഒടിഞ്ഞത്. മറ്റ് യാത്രക്കാരാണ് കുര്യനെ ആശുപത്രിയിലെത്തിച്ചത്. സ്കാനിങ്ങിനു വിധേയമാക്കി. കോർപ്പറേഷൻ അധികൃതർ സ്ഥലത്തെത്തി കേബിൾ നീക്കം ചെയ്തു.

Read More

ആൻഫീൽഡ് : യുവേഫ ചാമ്പ്യന്‍സ് ലീ​ഗ് പ്രീക്വാർട്ടർ ആദ്യ പാദ പോരിൽ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മഡ്രിഡ്. ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ റയൽ 5-2 നാണ് വിജയിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ തോൽപ്പിച്ചാണ് റയൽ കിരീടം നേടിയത്. പകരം വീട്ടാനിറങ്ങിയ ലിവർപൂൾ 14 മിനിറ്റിനുള്ളിൽ രണ്ട് ഗോളിന്‍റെ ലീഡ് നേടി. ഡാർവിൻ ന്യൂനെസ്, മുഹമ്മദ് സലാഹ് എന്നിവരാണ് ഗോളുകൾ നേടിയത്. 21-ാം മിനിറ്റിൽ വിനീഷ്യസിലൂടെ റയൽ ഒരു ​ഗോൾ മടക്കി. 36-ാം മിനിറ്റിൽ വിനീഷ്യസിലൂടെ ലിവർപൂൾ വീണ്ടും ഗോളടിച്ചു. ഇതോടെ ഇരുവരും തുല്യ സ്കോറിലെത്തി. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനകം എഡർ മിലിറ്റാവോയിലൂടെ റയൽ ലീഡ് നേടി. 55-ാം മിനിറ്റിലും 67-ാം മിനിറ്റിലും കരീം ബെൻസെമ നേടിയ ഗോളിലൂടെ ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിൽ റയലിന് അവിശ്വസനീയമായ വിജയം സാധ്യമായി.

Read More

മലപ്പുറം: ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച രാത്രി പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് രാജി. ഹക്കീം ഫൈസി രാജിവയ്ക്കുമെന്ന് ചർച്ചകൾക്ക് ശേഷം സാദിഖലി തങ്ങളും വ്യക്തമാക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനഭാരവാഹികളുടെ യോഗം നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ ഹക്കീമിനൊപ്പം വാഫി കോളേജിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇത് സമസ്തയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതെ തുടർന്ന് സാദിഖലിയും കടുത്ത സമ്മർദ്ദത്തിലായി. പിന്നാലെയാണ് ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയതും രാജി തീരുമാനത്തിലെത്തിയതും.

Read More

ഒറ്റപ്പാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ഒറ്റപ്പാലം വാണിയംകുളത്തെ ഫുട്ബോൾ ആരാധകർ. ക്ലബിലെ അൾജീരിയൻ താരം റിയാദ് മെഹ്റാസിന് ജന്മദിനാശംസകൾ നേർന്ന് മാഞ്ചസ്റ്റർ സിറ്റി പങ്കുവച്ചത് വാണിയംകുളത്ത് നടന്ന ഫുട്ബോൾ മത്സരത്തിന്‍റെ ചിത്രമാണ്. വാണിയംകുളം ചോറോട്ടൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് നടന്ന വാണിയംകുളം ഫുട്ബോൾ ലീഗെന്ന സെവൻസ് മത്സരത്തിന്‍റെ ചിത്രമാണ് പങ്കുവച്ചത്. റിയാദ് മെഹ്റസ് ഈ ഗ്രൗണ്ടിൽ പന്തടിക്കുന്നതുപോലെ എഡിറ്റ് ചെയ്ത ചിത്രമാണത്. യൂറോപ്യൻ ഫുട്ബോളിന്‍റെ മാതൃകയിൽ വാണിയംകുളത്തെ ഏതാനും ചെറുപ്പക്കാർ സംഘടിപ്പിച്ചതാണ് വാണിയംകുളം ഫുട്ബോൾ ലീഗ് എന്ന സെവൻസ് ടൂർണമെന്‍റ്. 2021 ഏപ്രില്‍ 18-ന് ഈ ടൂര്‍ണമെന്റിലെ എസ്.ആര്‍.വി. ഫുട്ബോള്‍ ക്ലബ്ബും ബറ്റാലിയന്‍ വെള്ളിയാടും തമ്മില്‍ നടന്ന മത്സരത്തിൻ്റെ ചിത്രമാണ് സിറ്റി ഇന്‍സ്റ്റഗ്രാമില്‍ ആശംസയ്ക്കായി ഉപയോഗിച്ചത്.

Read More