Author: News Desk

കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇ.ഡി വാദിച്ചു. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും ഇ.ഡി തന്നെ കുടുക്കിയതാണെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം. കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകുന്ന കാര്യത്തിൽ തീരുമാനമായില്ല. ശിവശങ്കറിനെ ഇഡി നേരത്തെ ഒമ്പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: 2047 ഓടെ രാജ്യത്ത് അരിവാൾ രോഗം ഉൻമൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രോഗ നിർമ്മാർജ്ജന യജ്ഞം നടപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രം. പരിശോധനയുടെ അഭാവവും അവബോധമില്ലായ്മയുമാണ് രോഗവ്യാപനത്തിൻ്റെ പ്രധാന കാരണം. പരിശോധന വിപുലീകരിക്കാനും രോഗം നേരത്തെ കണ്ടെത്തുന്നതിന് ശരിയായ ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പൊതുബജറ്റിലെ നിർദ്ദേശമനുസരിച്ച് ആദിവാസി മേഖലകളിലെ അരിവാൾ ബാധിത പ്രദേശങ്ങളിൽ 40 വയസ്സ് വരെ പ്രായമുള്ള ഏഴ് കോടി പേരെ പരിശോധിക്കും. പൂർണ്ണമായ സ്ഥിരീകരണത്തിനായി ഇലക്‌ട്രോ ഫോസസ്, സോളിബിലിറ്റി ടെസ്റ്റ് എന്നിവയും നടത്തും.

Read More

ഉത്തര കൊറിയ: ഹോളിവുഡ് സിനിമകളും സീരീസുകളും കാണുന്ന കുട്ടികൾക്കും അതിനനുവദിക്കുന്ന രക്ഷിതാക്കൾക്കുമെതിരെ കർശന നടപടിയെടുക്കാൻ ഉത്തര കൊറിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ചിത്രങ്ങൾ കാണുന്നവർക്കെതിരെയും നടപടിയുണ്ടാകും. വിദേശ സിനിമകൾക്ക് വിലക്കേർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്‍റെ ഈ നീക്കം. ഹോളിവുഡ് സിനിമകൾ കാണുന്ന കുട്ടികളുടെ രക്ഷിതാക്കൾ 6 മാസം ലേബർ ക്യാമ്പുകളിൽ കഴിയേണ്ടി വരുമെന്നാണ് റിപ്പോർട്ട്. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ സിനിമകൾ കാണുന്ന കുട്ടികൾക്ക് അഞ്ച് വർഷം വരെ തടവ് ലഭിക്കും. നേരത്തെ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് ശക്തമായ താക്കീത് നൽകിയിരുന്നു. വിദേശ സിനിമകൾ രാജ്യത്തേക്ക് കടത്തുന്നവർ കർശന നടപടികളും നേരിടേണ്ടിവരും.

Read More

തിരുവനന്തപുരം: നാളെ മുതൽ റേഷൻ കടകളുടെ സമയത്തിൽ മാറ്റം. റേഷൻ കടകൾ രാവിലെ 8 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയിട്ടുണ്ട്. സാങ്കേതിക തകരാർ മൂലം വിതരണം പലയിടത്തും തടസ്സപെട്ടിരുന്നു. പിന്നാലെയാണ് സമയം നീട്ടി നൽകിയത്.

Read More

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ വിഷയത്തിൽ കെ.എസ്.യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പരസ്യ പ്രതിഷേധം ശക്തമാക്കി. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ലെന്നും സാമ്പത്തികാടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും അലോഷ്യസ് പറഞ്ഞു. വിദ്യാർത്ഥികളുടെ കൺസെഷൻ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ കെ.എസ്.ആർ.ടി.സി മേധാവിയുടെ ഓഫീസ് ഉപരോധിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകർന്നു. എട്ട് കെ.എസ്.യു പ്രവർത്തകരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നും പരിശോധിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ മലപ്പുറത്ത് പുരോഗമിക്കുന്നതിനിടെ തിരൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.എസ്.ആർ.ടി.സി വിദ്യാർത്ഥി കൺസെഷൻ ഇളവ് സംബന്ധിച്ച നിയന്ത്രണം പാർട്ടി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Read More

ഗുരുഗ്രാം: മാർച്ച് 1 മുതൽ 4 വരെ ഗുരുഗ്രാമിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കായി കൊണ്ടുവന്ന പൂച്ചട്ടികൾ മോഷണം പോയി. മോഷണം നടത്തിയ രണ്ട് പേരുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചിരുന്ന രണ്ട് പേരാണ് ചെടികൾ മോഷ്ടിച്ചത്. ഇവർ പൂച്ചട്ടികൾ വാഹനത്തിൽ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചത്. ജി 20 ഉച്ചകോടിയുടെ പോസ്റ്റർ സ്ഥാപിച്ച സ്ഥലത്തിന് സമീപം സൂക്ഷിച്ചിരുന്ന പൂച്ചട്ടികളാണ് ഇവർ മോഷ്ടിച്ചത്. മാധ്യമപ്രവർത്തകനായ രാജ് വർമ്മയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കിയ കാർ ഡ്രൈവർ പട്ടാപ്പകൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ഗുരുഗ്രാം പോലീസ് ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമ്മീഷണറെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തതോടെ ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. മോഷ്ടാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ…

Read More

മലപ്പുറം: കോട്ടയ്ക്കലിൽ നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞ് വീണ സംഭവത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. പൂർണമായും മണ്ണിനടിയിൽ കുടുങ്ങിയ അലി അക്ബറിനെ മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. നേരത്തെ രക്ഷപ്പെടുത്തിയ മറ്റൊരു തൊഴിലാളിയായ അഹദ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞതിനെ തുടർന്ന് തൊഴിലാളികളായ അലി അക്ബർ, അഹദ് എന്നിവർ മണ്ണിനടിയിൽ കുടുങ്ങുകയായിരുന്നു. അലി അക്ബർ പൂർണ്ണമായും മണ്ണിനടിയിൽ കുടുങ്ങിയിരുന്നു. അഹദിന്‍റെ മുഖം മാത്രമാണ് പുറത്ത് കണ്ടത്. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ പുറത്തെടുത്തത്. ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Read More

തിരുവനന്തപുരം: സംഘപരിവാറിനെതിരായ സാകിയ ജഫ്രിയുടെ പോരാട്ടങ്ങൾക്കൊപ്പം മതേതര ഇന്ത്യ ഒന്നിക്കണമെന്ന ആഹ്വാനമാണ് എഹ്സാൻ ജഫ്രിയുടെ ഓർമ്മകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാകിയയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിനത്തിൽ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുൻ കോൺഗ്രസ് എംപി എഹ്സാൻ ജഫ്രിയുടെ ഓർമദിവസമാണിന്ന്. ഗുജറാത്ത് വംശഹത്യയിൽ ആ ജീവൻ പൊലിഞ്ഞിട്ട് രണ്ട് ദശാബ്ദം കഴിഞ്ഞിരിക്കുന്നു. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിക്ക് നേരെ സംഘപരിവാർ കലാപകാരികൾ ആക്രമണം നടത്തിയപ്പോൾ കോളനി നിവാസികൾ എഹ്സാൻ ജഫ്രിയുടെ വീട്ടിലാണ് അഭയം തേടിയത്. ജീവൻ രക്ഷിക്കാൻ ഓടിയെത്തിയവരെ രക്ഷപ്പെടുത്താൻ ജഫ്രി അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഭരണകൂടം മുഖം തിരിക്കുകയായിരുന്നു. തുടർന്ന് സംഘപരിവാർ നടത്തിയ തീവയ്പ്പിൽ ജഫ്രിയുൾപ്പെടെ 69 പേർ ഇല്ലാതാവുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

Read More

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.സിസ്സ തോമസിനെ മാറ്റി സർക്കാർ ഉത്തരവ്. കെ.ടി.യു മുൻ വി.സി എം.എസ് രാജശ്രീയാണ് പകരം ചുമതലയേൽക്കുക. സ്ഥാന മാറ്റം വി.സി എന്ന നിലയിലുള്ള സിസ്സയുടെ പദവിയെ ബാധിക്കില്ലെന്നും പിന്നീട് സിസ്സയ്ക്ക് പുതിയ തസ്തിക നൽകുമെന്നുമാണ് സർക്കാരിൻ്റെ വിശദീകരണം. നേരത്തെ കെ.ടി.യു വി.സി ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ സിസ തോമസിന് വി.സിയുടെ താൽക്കാലിക ചുമതല നൽകാൻ ഗവർണർ ഉത്തരവിട്ടിരുന്നു.

Read More

മൂന്നാർ: കളക്ടറുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് മൂന്നാർ സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിൽ ഹൈഡൽ പാർക്കിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു. ദേവികുളം സബ് കളക്ടർ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിർമാണം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഹൈഡൽ പാർക്കിന് എൻഒസി നൽകാനാവില്ലെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് നിർമ്മാണം പുരോഗമിക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് നിർമ്മാണത്തിന് അനുമതി തേടി അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തള്ളിയതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. സി.പി.ഐയാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് ആരോപണം. എന്നാൽ ഇതിനെതിരെ സി.പി.ഐയും കോൺഗ്രസും രംഗത്തെത്തി. ജലാശയത്തിലെ അതിസുരക്ഷാമേഖലയിലെ യന്ത്രത്തിന്‍റെ സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പഴയ മൂന്നാറിലെ മുതലപ്പുഴയാറിന് സമീപമാണ് നിലവിൽ ഹൈഡൽ പാർക്കിന്‍റെ നിർമ്മാണം നടക്കുന്നത്.

Read More