Author: News Desk

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റി വിചാരണ സ്റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് അടച്ചിട്ട കോടതിമുറിയിലാണ് രഹസ്യ വിചാരണ നടക്കുക. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാനാണ് അതിജീവിതയുടെ ആവശ്യപ്രകാരം രഹസ്യവാദം കേൾക്കാൻ തീരുമാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ കൈമാറാൻ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. കേസിലെ പ്രതിയായ നടൻ ദിലീപിന്‍റെ ആരോപണങ്ങളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന പ്രോസിക്യൂഷന്‍റെയും അതിജീവിതയുടെയും ഹർജി സെഷൻസ് ജഡ്ജി ഹണി എം വർഗീസ് ഇന്ന് പരിഗണിക്കും. മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

Read More

ന്യൂഡൽഹി: രാഷ്ട്രീയം ഇത്രയും വൃത്തികെട്ട രീതിയിലേക്ക് മാറുമെന്ന് അറിയാമായിരുന്നെങ്കിൽ താൻ നേരത്തെ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കുടുംബാംഗങ്ങൾക്കെതിരായ അന്വേഷണം ചൂണ്ടിക്കാണിച്ചായിരുന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം. ‘എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും എതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് നേരിടേണ്ടി വന്നത്. ഇന്നത്തെ രാഷ്ട്രീയം ഇത്ര വൃത്തികെട്ടതായിരിക്കുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു’, മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്‍റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും സർക്കാർ ഭൂമി അനധികൃതമായി കൈയേറിയതായി ആരെങ്കിലും കണ്ടെത്തിയാൽ, ആ വ്യക്തിക്ക് ബുൾഡോസർ ഉപയോഗിച്ച് ആ സ്വത്ത് പൊളിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും മമത പറഞ്ഞു. തന്‍റെ കുടുംബാംഗങ്ങളുടെ സ്വത്തുക്കളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയോട് പ്രതികരിക്കുകയായിരുന്നു മമത.

Read More

ഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനുള്ള ചർച്ചകൾക്കായി നീക്കങ്ങൾ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇതിന്‍റെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവരുമായി കെസിആർ കൂടിക്കാഴ്ച നടത്തി. പട്നയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. എൻഡിഎ സഖ്യം വിട്ടതിന് ശേഷം ഇതാദ്യമായാണ് കെസിആർ നിതീഷിനെ കാണുന്നത്. ബി.ജെ.പി മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് റാവു പറഞ്ഞു. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒന്നിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. ബി.ജെ.പിയെ പുറത്താക്കിയാൽ മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ കഴിയൂവെന്നും കെ.സി.ആർ പറഞ്ഞു. ബിജെപിയുമായി അകന്ന നിതീഷ് കുമാർ 2024 ൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന് ചർച്ചകൾ ശക്തമാണ്. ഇതിനിടയിലാണ് കെസിആറിൽ നിർണായക യോഗം ചേർന്നത്.

Read More

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങൾ രൂപമാറ്റം വരുത്തി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രൂപമാറ്റം വരുത്തുന്നതിന് പുറമെ, വാഹന നിയമങ്ങൾ, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവ ലംഘിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ സമ്പ്രദായങ്ങൾ നടക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ ഉറപ്പ് വരുത്തണം. കുട്ടികളുടെ സുരക്ഷയ്ക്കായി മാതാപിതാക്കൾ അവരുടെ വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കണമെന്നും എംവിഡി പറഞ്ഞു.

Read More

കോഴിക്കോട്: കാരന്തൂർ മർകസ് ഉപാധ്യക്ഷനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയിദ് സെയ്നുൽ ബാഫഖി തങ്ങൾ(87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണു മരണം. തിരൂർ നടുവിലങ്ങാടിയിലെ വസതിയിൽ നാളെ രാവിലെ 9 വരെ പൊതുദർശനമുണ്ടാകും. തുടർന്ന് 11 മണി മുതൽ കൊയിലാണ്ടിയിൽ പൊതുദർശനം. ഉച്ചയ്ക്ക് രണ്ടിന് വലിയകത്ത് മഖാമിൽ ഖബറടക്കം നടക്കും. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും ഷരീഫ ഖദീജ ബീവിയുടെയും മകനായി 1941 മാർച്ച് 10 ന് ജനിച്ചു. 30 വർഷം മലേഷ്യയിൽ സേവനമനുഷ്ഠിച്ച തങ്ങൾ മലയാളികൾക്ക് മാത്രമല്ല, സ്വദേശികൾക്കും അഭയകേന്ദ്രമായി മാറിയിരുന്നു. മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാദിർ മുഹമ്മദ് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നു. 90ലധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കും. ഇതുമായി ബന്ധപ്പെട്ട് പാസാക്കിയ നിയമം പിൻവലിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പി.എസ്.സിക്ക് പകരം പുതിയ സംവിധാനത്തിലൂടെയാകും നിയമനം. അപേക്ഷ പരിഗണിക്കാൻ ഓരോ വർഷവും ഇന്റർവ്യൂ ബോർഡിനെ വയ്ക്കുന്നത് പരിഗണിക്കും. ഇതിനുള്ള ബിൽ വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഇത് വ്യാഴാഴ്ച സഭയിൽ അജണ്ടയ്ക്ക് പുറത്തുള്ള ബില്ലായി അവതരിപ്പിക്കും. രാവിലെ നിയമസഭയിൽ പാർട്ടി നേതാക്കളുടെ യോഗം ചേരും. ഈ യോഗം ബിൽ അവതരിപ്പിക്കാൻ അനുമതി നൽകും. നിലവിലുള്ള ബിൽ റദ്ദാക്കാനാണ് പുതിയ ബിൽ. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ വലിയ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പിൻവാങ്ങൽ.

Read More

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 13.5 ശതമാനം ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, റിസർവ് ബാങ്ക് പ്രവചിച്ച വളർച്ച കൈവരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 16.2 ശതമാനം വളർച്ചയാണ് ആർബിഐ പ്രവചിച്ചിരുന്നത്. ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം ആഭ്യന്തര ഉൽപാദനം (റിയൽ ജിഡിപി) 36.85 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. 2021-22 കാലയളവിൽ ജിഡിപി 32.46 ലക്ഷം കോടി രൂപയായിരുന്നു.

Read More

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക് 13.5 ശതമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ജിഡിപി 4.1 ശതമാനമായിരുന്നു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന വളർച്ചാ നിരക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. ഏപ്രിൽ, ജൂൺ മാസങ്ങളിൽ സാമ്പത്തിക വളർച്ചാ നിരക്ക് ഏറ്റവും ഉയർന്ന നിലയിലായിരുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച സമ്മർദ്ദത്തിൽ നിന്ന് സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വീണ്ടെടുത്ത ഒരു പാദമായിരുന്നു അത്. ഈ മാസങ്ങളിൽ ഇത് 20.1 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ജിഡിപി നിരക്കുകൾ ത്രൈമാസാടിസ്ഥാനത്തിൽ ലഭ്യമായിത്തുടങ്ങിയ 2012-ന് ശേഷമുള്ള കാലയളവിലെ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കാണിത്. ഈ വർഷം ജൂലൈ വരെ ധനക്കമ്മി 20.5 ശതമാനമായിരുന്നു. നികുതിയുൾപ്പെടെയുള്ള സർക്കാരിന്റെ വരുമാനം 7.85 ട്രില്യണ്‍ രൂപയാണ്. നികുകിയുടെ മാത്രം വരുമാനം 6.66 ട്രില്യൺ രൂപയാണ്. 11.26 ട്രില്യൺ രൂപയാണ് കേന്ദ്രസർക്കാരിന്റെ ആകെ ചെലവ്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം സമരം പരിഹരിക്കാനുള്ള ആശ്വാസനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 335 കുടുംബങ്ങൾക്ക് സർക്കാർ വാടകവീടുകൾ നൽകും. പ്രതിമാസം 5,500 രൂപ വാടകയായി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുട്ടത്തറയിൽ കണ്ടെത്തിയ ഭൂമിയിൽ ഫ്ലാറ്റ് നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഫ്ലാറ്റിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി ടെണ്ടർ വിളിക്കും. പുനരധിവാസ പാക്കേജ് എത്രയും വേഗം നടപ്പാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read More

തിരുവനന്തപുരം: പ്രിയ വർഗീസിന്‍റെ നിയമനം നിയമവിരുദ്ധവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് കൂടുതൽ വ്യക്തമാകുകയാണെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ച് പ്രിയ വർഗീസിന്‍റെ ഗവേഷണ കാലയളവിനെ അധ്യാപനാനുഭവമായി കണക്കാക്കാൻ കണ്ണൂർ സർവകലാശാല അധികൃതർ തയ്യാറായി. അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More