Author: News Desk

ന്യൂഡല്‍ഹി: മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാൻ കോടതി ഉത്തരവില്ല. പരാതിക്കാരന്റെ വാദം കേട്ട ശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കേസ് സെപ്റ്റംബർ 14ലേക്ക് മാറ്റിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കേസെടുക്കേണ്ട വകുപ്പുകൾ ഏതൊക്കെയെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ കേസ് എടുക്കണമെന്നോ ഹർജിക്കാരന്‍റെ മറ്റേതെങ്കിലും വാദം അംഗീകരിക്കുന്നെന്നോ കോടതി പറഞ്ഞിട്ടില്ല. കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി റോസ് അവന്യൂ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. ജലീലിനെതിരെ സുപ്രീം കോടതി അഭിഭാഷകൻ ജി.എസ്.മണിയാണ് പരാതി നൽകിയിരുന്നത്.

Read More

ഭുവനേശ്വര്‍: ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ നർലയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. ഒരു ട്രാൻസ് വുമണിന്‍റെ വിവാഹമായിരുന്നു അത്. ട്രാൻസ്ജെൻഡർ വിവാഹങ്ങൾ ഇന്ന് അസാധാരണമല്ല. എന്നാൽ, ട്രാൻസ്ജെൻഡറുകൾ പലപ്പോഴും സ്വന്തം കമ്മ്യൂണിറ്റിയിലുള്ളവരെയാണ് വിവാഹം കഴിക്കുന്നത്. മറിച്ചും സംഭവിക്കാറുണ്ട്. എന്നാൽ ഇത് മാത്രമല്ല നർലയിലെ വിവാഹത്തെ വേറിട്ടുനിർത്തുന്നത്. 32 കാരനായ ഒരാൾ തന്‍റെ ഭാര്യയുടെ സമ്മതത്തോടെയാണ് ട്രാൻസ് വുമണിനെ വിവാഹം കഴിച്ചത്. മാത്രമല്ല, ഭർത്താവിനൊപ്പം ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കാൻ ഭാര്യ ട്രാൻസ് വുമണിനെ ക്ഷണിക്കുകയും ചെയ്തു. രണ്ട് വയസുള്ള മകന്‍റെ പിതാവാണ് കഴിഞ്ഞ ദിവസം ട്രാൻസ് വുമണിനെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം, റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിൽ ഭിക്ഷ യാചിക്കുന്നതിനിടെയാണ് ഇയാൾ ട്രാൻസ് വുമണിനെ കണ്ടുമുട്ടിയത്. ആദ്യ കാഴ്ചയിൽ തന്നെ അവരുമായി പ്രണയത്തിലാവുകയായിരുന്നു.

Read More

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി ശിവഗിരി സന്ദർശിച്ചു. രാവിലെ 6.30നായിരുന്നു സന്ദർശനം. ശ്രീനാരായണ ഗുരുദേവ സമാധിയിലും ശാരദ മഠത്തിലും പ്രാർത്ഥന നടത്തിയ രാഹുലിന് സ്വാമിമാർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഗുരുദേവന്‍റെ പുസ്തകങ്ങളും സമ്മാനിച്ചു. ക്ഷണിക്കപ്പെടാതെ രാഹുൽ വന്നതിൽ സന്തോഷമുണ്ടെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവർ ശിവഗിരി സന്ദർശിച്ചിട്ടുണ്ടെങ്കിലും രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്. ഇതിൽ രാഷ്ട്രീയമില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലൂടെയാണ്. നാവായിക്കുളത്ത് നിന്ന് ആരംഭിക്കുന്ന പദയാത്രയുടെ ആദ്യഘട്ടം ചാത്തന്നൂരിൽ സമാപിക്കും. ഉച്ചകഴിഞ്ഞ് രാഹുൽ വിദ്യാർത്ഥികളുമായി സംവദിക്കും. രണ്ടാം ഘട്ട യാത്ര വൈകിട്ട് ചാത്തന്നൂരിൽ നിന്ന് ആരംഭിച്ച് കൊല്ലം പള്ളിമുക്കിൽ സമാപിക്കും.

Read More

ചെന്നൈ: താൻ ജനിച്ചത് മുസ്ലിമായാണെന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. അതേസമയം, മുസ്ലീമിനെ പോലെ താൻ ഹിന്ദുമതവും പിന്തുടരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുസ്ലിമായാണ് ജനിച്ചത്. ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് താൻ വളർന്നതെന്നും, പരമ്പരാഗത മുസ്ലീം കുടുംബത്തിൽപ്പെട്ടവളായിരുന്നു താനെന്നും ഖുശ്ബു പറഞ്ഞു. അതേസമയം വിനായക ചതുർത്ഥിയും ദീപാവലിയും വളരെ ആവേശത്തോടെ തങ്ങൾ ആഘോഷിച്ചിരുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. ഗണേശ ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള തന്റെ ഹിന്ദു ദൈവം എന്നും അദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത് എന്നും ഖുശ്ബു പറഞ്ഞു. ഇന്ന് തന്റെ വീട്ടില്‍ ധാരാളം ഗണേശ വിഗ്രഹങ്ങള്‍ ഉണ്ട്. അതേസമയം താന്‍ മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല എന്നും ഖുശ്ബു വ്യക്തമാക്കി.

Read More

കാഞ്ഞങ്ങാട്: നറുക്കെടുപ്പിന് അഞ്ചുനാള്‍ ബാക്കിയിരിക്കേ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് 89.06 ശതമാനവും വിറ്റു. ആകെ 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 53,76,000 ടിക്കറ്റുകളും വിറ്റഴിഞ്ഞു. ടിക്കറ്റ് വിൽപ്പനയിലൂടെ 215.04 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. ചൊവ്വാഴ്ച മാത്രം 2,70,115 ടിക്കറ്റുകളാണ് വിറ്റുപോയത്. ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനയിലൂടെ കഴിഞ്ഞ വർഷം 124.5 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അന്ന് 300 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ബാക്കിയുള്ള ടിക്കറ്റുകൾ ഇത്തവണ വിറ്റുപോയാൽ സർക്കാർ ഖജനാവിലെത്തുന്ന ആകെ തുക 240 കോടി രൂപയാണ്. ഇത്തവണ ടിക്കറ്റിന് 500 രൂപയായിരുന്നിട്ടും ഡിമാൻഡ് കുറഞ്ഞില്ല, പ്രതീക്ഷിച്ചതിലും കൂടുതൽ ടിക്കറ്റുകൾ വിറ്റു.

Read More

കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരി നടത്തിയ പരാമർശത്തിനെതിരെ വിമർശനം. പ്രതിപക്ഷ നേതാവ് കൂടിയായ സുവേന്ദു അധികാരി “എന്‍റെ ശരീരത്തിൽ തൊടരുത്, നിങ്ങൾ ഒരു സ്ത്രീയാണ്, ഞാൻ ഒരു പുരുഷനാണ്” എന്ന് ആക്രോശിക്കുന്നതാണ് വിവാദമായത്. സംഭവത്തിന്‍റെ വീഡിയോ തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. സുവേന്ദു അധികാരി തന്നെ കസ്റ്റഡിയിൽ എടുക്കാനെത്തിയ ഉദ്യോഗസ്ഥയോട് താൻ നിയമം അനുസരിക്കുന്ന പൗരനാണെന്ന് പറഞ്ഞു. തന്നോട് സംസാരിക്കാൻ പുരുഷ പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കണമെന്നും സുവേന്ദു ആവശ്യപ്പെട്ടു. തുടർന്ന് സൗത്ത് ഡിസിപി ആകാശ് മഗരിയയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ജയിൽ വാനിൽ കൊണ്ടുപോയി. സുവേന്ദു അധികാരിക്ക് പുറമെ രാഹുൽ സിൻഹ, ലോക്കറ്റ് ചാറ്റർജി എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കളെയും പ്രതിഷേധ മാർച്ചിനിടെ കൊൽക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുകാന്ത മജുംദാറും അറസ്റ്റിലായി. കസ്റ്റഡിയിലെടുത്ത നേതാക്കളെ ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

Read More

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടെ നടൻ ഹിന്ദു വിശ്വാസത്തെ അപമാനിച്ചുവെന്നാണ് ആരോപണം. വർഷങ്ങൾക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് പരിപാടിയിൽ താരം നടത്തിയ പരാമർശമാണ് സംഘപരിവാർ പ്രൊഫൈലുകൾ വിവാദമാക്കിയിരിക്കുന്നത്. കൈയ്യിൽ ചരട് കെട്ടുന്നത് മോശമാണെന്നും ശബരിമലയിലെ ശരംകുത്തിയാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. പരാമർശം ഹൈന്ദവ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നതാണ്. അതിനാൽ ഐപിസി 295 എ പ്രകാരം സുരാജിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.

Read More

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സംസ്ഥാനത്ത് 507 ഹോട്ട്സ്പോട്ടുകൾ ആരോഗ്യവകുപ്പ് കണ്ടെത്തി. നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകൾ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഉള്ളത്. പട്ടിക ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപന വകുപ്പിന് കൈമാറി. കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായകടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്പോട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. 4841 കേസുകൾ റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട്ടിലെ കുറുക്കംമൂലയും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിലുണ്ട്. ആരോഗ്യവകുപ്പ് നൽകിയ പട്ടിക പ്രകാരം പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകളുള്ളത്, 64 ഹോട്ട്സ്പോട്ടുകൾ. തൃശൂരിൽ 58, എറണാകുളം 53, ആലപ്പുഴയിൽ 39 എന്നിങ്ങനെയാണ് ഹോട്ട് സ്പോട്ടുകൾ. വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതം ഹോട്ട്സ്പോട്ടുകളും ഇടുക്കി, തുരുവന്തപുരം ജില്ലകളിൽ 31 വീതം ഹോട്ട്സ്പോട്ടുകളുമാണുള്ളത്.

Read More

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി ജനബോധ യാത്ര ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ ആരംഭിക്കും. കേരള ലത്തീൻ ബിഷപ്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന യാത്രയിൽ വിവിധ പരിസ്ഥിതി, മത്സ്യത്തൊഴിലാളി സംഘടനകൾ പങ്കെടുക്കും. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പൂർണ്ണമായും നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സംസ്ഥാന വ്യാപകമായി നടക്കുന്ന വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് ജനബോധന യാത്ര സംഘടിപ്പിക്കുന്നത്. കേരള ലത്തീൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിന്‍റെയും തീരദേശ വികസന ഏജൻസി ഫോർ ലിബറേഷന്‍റെയും നേതൃത്വത്തിൽ ഇന്ന് എറണാകുളം മൂലമ്പള്ളിയിൽ യാത്ര ആരംഭിക്കും. നടപ്പാകാത്ത സർക്കാർ വാ​ഗ്ദാനത്തിന്റെ പ്രതീകമായതുകൊണ്ടാണ് യാത്ര തുടങ്ങാൻ മൂലമ്പള്ളി തെരഞ്ഞെടുത്തതെന്ന് സമരസമിതി ജനറൽ കൺവീനർ മോൺസിഞ്ഞോർ യൂജിൻ പേരേര പറഞ്ഞു. കെസിബിസി ഉൾപ്പെടെയുള്ള സഭകൾ യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക, ശാസ്ത്രീയ പഠനം നടത്തുക, സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങളിൽ ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ…

Read More

കൊച്ചി: രാസലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ അറസ്റ്റിലായ നൈജീരിയ സ്വദേശി യുകാമ ഇമ്മാനുവേല ഒമിഡുവിനെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്യും. ഓഗസ്റ്റ് 21ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 36 കോടി രൂപ വിലമതിക്കുന്ന 18 കിലോ രാസലഹരി പിടികൂടിയ കേസിലാണ് ഇവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കസ്റ്റംസിന് വിട്ട് നൽകാതെ ഡൽഹിയിൽ നിന്ന് തന്നെ പ്രതിയെ ജാമ്യത്തിൽ ഇറക്കാൻ മയക്കുമരുന്ന് റാക്കറ്റിന്‍റെ കണ്ണികൾ ചരടുവലിച്ചിരുന്നു. ഈ നീക്കങ്ങളെ അതിജീവിച്ചാണ് കസ്റ്റംസ് അതീവ സുരക്ഷയോടെ യുകാമയെ കൊച്ചിയിലെത്തിച്ചത്. നെടുമ്പാശേരിയിൽ മയക്കുമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി മുരളീധരൻ നായരുടെ മൊഴികളാണ് നൈജീരിയൻ യുവതിയിലേക്ക് അന്വേഷണം നയിച്ചത്.

Read More