Author: News Desk

ദുബായ്: ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലാണ് ബുധനാഴ്ച വൈകുന്നേരം തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കനത്ത പുക ദൂരെ നിന്ന് പോലും കാണാമായിരുന്നു. സിവിൽ ഡിഫൻസും പോലീസും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

Read More

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബ്രഹ്മപുരത്തെ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടിയന്തര സാഹചര്യം നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠ്യേതര വിഷയത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് ക്രമീകരിച്ച് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മുൻവർഷത്തെ അപേക്ഷിച്ച് ഗ്രേസ് മാർക്ക് ശാസ്ത്രീയമായി നടപ്പാക്കുമെന്ന് പറഞ്ഞ മന്ത്രി ബ്രഹ്മപുരത്തെ വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ കളക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പരീക്ഷാ ഹാളിൽ കുടിവെള്ളം ക്രമീകരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ കുടിവെള്ളം കരുതണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് മലബാറിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. അധ്യാപകരുടെ ഡ്യൂട്ടി ആശങ്കകൾക്കും മന്ത്രി മറുപടി നൽകി. എല്ലാ വശങ്ങളും ചർച്ച ചെയ്താണ് തീയതി തീരുമാനിച്ചതെന്നും എല്ലാവരേയും തൃപ്തിപ്പെടുത്തി പരീക്ഷാ ഷെഡ്യൂൾ തീരുമാനിക്കാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Read More

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനുള്ള നിർണായക പോരാട്ടത്തിന് ഇന്ത്യ. ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുത്തു. നിർണായക ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ട്. കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച പേസ് ബൗളർ മുഹമ്മദ് ഷമി തിരിച്ചെത്തി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തി. ഇൻഡോറിലെ തോൽവിയോടെ ബോർഡർ ഗവാസ്കർ പരമ്പരയിലെ സമഗ്രമായ വിജയത്തിന്‍റെ വാതിൽ അടഞ്ഞ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള അവസാന അവസരമാണിത്. ഇതിൽ പരാജയപ്പെട്ടാൽ ശ്രീലങ്ക-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മത്സര ഫലത്തിനനുസരിച്ചാവും ഇന്ത്യയുടെ ഫൈനൽ സാധ്യത. ഇംഗ്ലണ്ടിലെ ഓവലിൽ ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.

Read More

ആലപ്പുഴ: കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫീസർ എം ജിഷമോളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ലഭിച്ച 7 കള്ളനോട്ടുകൾ മറ്റൊരാൾ ബാങ്കിന് കൈമാറിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ തുടരുകയാണ്. കള്ളനോട്ടിന്‍റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പോലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിന് നൽകിയത്. നോട്ടുകൾ പിടിച്ചപ്പോൾ കൃഷി ഓഫീസറായ ജിഷമോൾ നൽകിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അതേസമയം, ഇത് കള്ളനോട്ടാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോൾ. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ശ്രമിച്ചതിനും മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിൽ ക്രമക്കേട് നടത്തിയതിനും ഇവർക്കെതിരെ നേരത്തെ ആരോപണം ഉയർന്നിരുന്നു. കള്ളനോട്ട് കേസിൽ ഇവരുടെ പങ്ക് പോലീസ് അന്വേഷിച്ച്‌ വരികയാണ്.  കായംകുളത്തെ ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ…

Read More

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോന്‍റ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ നടത്തിയ പരിശോധനയിലും ബയോമൈനിംഗ് ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയിരുന്നു. കരാറിലൂടെ കമ്പനിക്ക് 11 കോടി രൂപ ലഭിച്ചെങ്കിലും 25% ബയോമൈനിം​ഗ് മാത്രമാണ് പൂർത്തിയാക്കിയത്. സമയബന്ധിതമായി മാലിന്യങ്ങൾ സംസ്കരിച്ചില്ല, മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്തില്ല, ബയോമൈനിംഗ് ശരിയായ രീതിയിലല്ല, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല, എന്നിവയാണ് കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.

Read More

പുന്നല: പത്തനംതിട്ടയിൽ യുവതി ആശുപത്രിയിൽ പോകാതെ ഭർത്താവിനെ കൂട്ടിരുത്തി വീട്ടിൽ പ്രസവിച്ച സംഭവത്തില്‍ ഇന്ന് തുടര്‍നടപടി ഉണ്ടായേക്കും. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അനീഷ് ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിശദമായ റിപ്പോർട്ട് നൽകി. യുവതിയുടെ സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പോകാൻ ഭയപ്പെട്ടിരുന്നതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. ആദ്യത്തെ മൂന്ന് മാസം മാത്രമാണ് ആശുപത്രിയിൽ പോയത്. പിന്നീട് വീട്ടിൽ പ്രസവിച്ചവരെ കുറിച്ച് കൂടുതൽ അറിയാൻ യുവതി ശ്രമിച്ചു. തുടർന്ന് യുവതി സ്വയം പ്രസവം നടത്തുകയായിരുന്നെന്നും താൻ സാക്ഷിയാവുക മാത്രമാണ് ചെയ്തതെന്നും ഭർത്താവ് പറഞ്ഞു. പത്തനംതിട്ട പുന്നലയ്ക്കടുത്തുള്ള വീട്ടിലാണ് യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പ്രസവത്തെക്കുറിച്ച് ഭാര്യാഭർത്താക്കൻമാർക്ക് മാത്രമേ അറിയാമായിരുന്നുള്ളു. കൊട്ടാരക്കരയിലെ വീട്ടിൽ നിന്ന് ഒരാഴ്ച മുമ്പാണ് യുവതി ഭർതൃവീട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും കുഴപ്പമില്ലെന്ന് മാത്രമാണ് മറുപടി നൽകിയതെന്നും ഭർതൃപിതാവ് പറഞ്ഞു.

Read More

ഡൽഹി: മെറ്റ പ്ലാറ്റ്ഫോമിന്‍റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാമിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം പറഞ്ഞു. ഇൻസ്റ്റാഗ്രാം ലോകമെമ്പാടും പണിമുടക്കിയതായാണ് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായതായി പരാതിപ്പെട്ടത് 46,000 ത്തിലധികം ആളുകളാണ്. സംഭവത്തിൽ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിശോധിച്ച് വരികയാണെന്ന് ഡൗൺ ഡിറ്റക്ടർ പറഞ്ഞു. യുകെയിൽ നിന്ന് ഇൻസ്റ്റാഗ്രാമിനെതിരെ രണ്ടായിരത്തിലധികം പരാതികളും ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പരാതികളും നൽകിയിട്ടുണ്ട്. വിഷയത്തിൽ മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേർ ആണ് മരണവാർത്ത അറിയിച്ചത്. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും ഹാസ്യനടനുമായിരുന്നു സതീഷ് കൗശിക്. രണ്ട് ദിവസം മുമ്പ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ സതീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വളരെ വേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്ന് അനുപം ഖേർ ട്വീറ്റ് ചെയ്തു. തന്‍റെ ഉറ്റസുഹൃത്ത് ജീവിച്ചിരിപ്പില്ലെന്ന് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 45 വർഷം നീണ്ട സൗഹൃദമാണ് അവസാനിച്ചത്. താങ്കളില്ലാതെ എന്‍റെ ജീവിതം പഴയതുപോലെയാകില്ലെന്നും അദ്ദേഹം കുറിച്ചു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Read More

കോട്ടയം: ചങ്ങനാശ്ശേരിക്കടുത്ത് തുരുത്തിയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ആന ഇടഞ്ഞു. മണിക്കൂറുകളോളം ആന വാഹനത്തിൽ തന്നെ തുടർന്നു. പിന്നീട് പുറത്തിറങ്ങി ലോറി കുത്തി മറിച്ചിട്ടു. കെ.എസ്.ഇ.ബി ലൈനുകൾ താഴേക്ക് വലിച്ചിടാൻ തുടങ്ങിയതോടെ എലിഫന്റ് സ്ക്വാഡിന്‍റെ നേതൃത്വത്തിൽ മയക്കുവെടി വെയ്ക്കുകയായിരുന്നു. വാഴപ്പള്ളി മഹാദേവൻ എന്ന ആനയാണ് ഉത്സവത്തിന് കൊണ്ടുപോയി തിരികെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. വാഹനങ്ങൾ ഇട റോഡുകളിലൂടെ തിരിച്ചുവിട്ടു.

Read More

തിരുവനന്തപുരം: ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും രൂക്ഷമാകുന്ന സാഹചര്യവും യോഗം ചർച്ച ചെയ്തേക്കും. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കും. വൈകിട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം.

Read More