Author: News Desk

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 40 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഡോദരയിലെ സാൽവി പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട് മതവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പള്ളിയുടെ ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് പോസ്റ്റിൽ പതാക സ്ഥാപിക്കാൻ ഒരുങ്ങിയതാണ് സംഘർഷങ്ങളുടെ തുടക്കം. പോസ്റ്റിന് സമീപം ക്ഷേത്രമുണ്ടെന്ന് ചൂണ്ടിക്കാണ്ടി മറുവിഭാഗം എതിർപ്പുമായെത്തി. വാക്കുതർക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും നയിച്ചു. കൂടുതൽ ആളുകൾ തടിച്ചുകൂടിയതോടെ സ്ഥിതി കൂടുതൽ വഷളായി. നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പൊലീസ് എത്തി അക്രമികളെ പിരിച്ചുവിട്ടു. ഇരുവിഭാഗത്തിന്‍റെയും പരാതിയിൽ 40 ലധികം പേരെ അറസ്റ്റ് ചെയ്തു. വഡോദരയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ഖേദ ജില്ലയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ സംഭവം നടന്നു.

Read More

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ പ്രശ്നത്തിന് നായയെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. നായയെ കൊല്ലുന്നത് നിയമപരമായി നേരിടുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. “പട്ടിയെ കൊന്നുകളയുക എന്നത് ഒരു പരിഹാരമല്ല. അങ്ങനെ ചിലരുണ്ട്. ഷെല്‍ട്ടര്‍ തുടങ്ങാന്‍ പാടില്ല, വാക്‌സിനേഷന് സഹകരിക്കില്ല, ഒന്നിനും സഹകരിക്കില്ല. പട്ടിയെ തല്ലിക്കൊല്ലുക, തല്ലിക്കൊന്ന് കെട്ടിത്തൂക്കുക ഇങ്ങനെയുള്ള ക്രൂരമായിട്ടുള്ള കൃത്യങ്ങള്‍ ചെയ്യുന്നവരുണ്ട്. അതൊക്കെ കര്‍ശനമായി, നിയമപരമായി നേരിടും. അതല്ല പരിഹാരം. അങ്ങനെയല്ല ഈ പ്രശ്നം പരിഹരിക്കാനാവുക. പ്രശ്നപരിഹാരം ശാസ്ത്രീയമായി മാത്രമേ സാധ്യമാകൂ. നാം അതിനോട് സഹകരിക്കണം.” രാജേഷ് പറഞ്ഞു.

Read More

ബാഴ്‌സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്ന് ആരംഭിക്കും. ബാഴ്സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയ ടീമുകൾക്ക് മത്സരമുണ്ട്. അവസാന മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് തോറ്റ ബാഴ്സലോണ ഇന്ന് ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ നേരിടും. രാത്രി 12.30ന് ഇന്‍ററിന്റെ ഗ്രൗണ്ടിലാണ് മത്സരം. റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടുകളിലേക്കാണ് ബാഴ്സ ഉറ്റുനോക്കുന്നത്. അർജന്‍റീനിയൻ സ്ട്രൈക്കർ ലൗട്ടാറോ മാർട്ടിനസിന്‍റെ പരിക്ക് ഇന്ററിന് തിരിച്ചടിയായേക്കും. ബാഴ്സയെ പോലെ ഒരു കളി തോറ്റതിനാൽ ഇന്‍ററിനും ഈ മത്സരം നിർണായകമാണ്. രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയിൽ ഒന്നാമതുള്ള ബയേൺ വിക്ടോറിയ പ്ലാസനെ നേരിടും. ഇന്‍ററിനോടും ബാഴ്സയോടും തോറ്റ വിക്ടോറിയയ്ക്ക് ബയേണിനെ തടഞ്ഞ് നിർത്തുക എളുപ്പമാകില്ല. 

Read More

ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളം രണ്ട് വെള്ളി മെഡലുകൾ കൂടി നേടി. 87 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ആൻ മരിയ വെള്ളി നേടിയത്. പുരുഷൻമാരുടെ ഖോ-ഖോ ഇനത്തിലും കേരളം വെള്ളി മെഡൽ നേടി. ഫൈനലിൽ മഹാരാഷ്ട്രയോട് തോറ്റു. സ്കോർ 30-26. വനിതകളുടെ ഫൈവ് ഓണ്‍ ഫൈവ് ബാസ്കറ്റ്ബോളിൽ കേരളം സെമിയിൽ കടന്നു. 95-54 എന്ന സ്കോറിനാണ് തമിഴ്നാടിനെ തോൽപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ കേരളം മഹാരാഷ്ട്രയെ നേരിടും.

Read More

ന്യൂഡല്‍ഹി: ഇന്ന് രാവിലെ വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ കൊവിഡ് വാക്സിനുകളുടെ എണ്ണം 218.80 കോടി (2,18,80,50,600) കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 3,44,525 ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 12-14 പ്രായപരിധിയിലുള്ളവർക്കുള്ള കൊവിഡ് -19 വാക്സിനേഷൻ 2022 മാർച്ച് 16 മുതലാണ് ആരംഭിച്ചത്. ഇതുവരെ 4.10 കോടിയിലധികം (4,10,44,847) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 18 നും 59 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് -19 മുൻകരുതൽ ഡോസ് 2022 ഏപ്രിൽ 10 മുതൽ ആരംഭിച്ചു. നിലവിൽ 34,598 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് മൊത്തം കേസുകളുടെ 0.08 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3,481 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,36,152 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. …

Read More

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘ഗോഡ്ഫാദർ’ തെലുങ്ക് സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫറിന്‍റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം. ലൂസിഫറിന്‍റെ റീമേക്കിനെ കുറിച്ച് ചിരഞ്ജീവിയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലൂസിഫറിൽ ഞാൻ പൂർണ്ണമായും തൃപ്തനല്ലായിരുന്നു. വിരസമായ നിമിഷങ്ങളില്ലാത്ത വിധത്തിൽ ഞങ്ങൾ അത് പരിഷ്കരിച്ചു. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുക. എന്തായാലും ഈ സിനിമ നിങ്ങളെ എല്ലാവരെയും തൃപ്തിപ്പെടുത്തുമെന്ന് ചിരഞ്ജീവി പറഞ്ഞു. ചിരഞ്ജീവിയുടെ കരിയറിലെ 153-ാമത്തെ ചിത്രമായ ഗോഡ്ഫാദർ നാളെ പ്രദർശനത്തിനെത്തും. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സുരേഷ് സെൽവരാജനാണ് കലാസംവിധാനം.

Read More

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഇടുക്കി എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബാണ് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴം കവർന്നത്. ബുധനാഴ്ച അർദ്ധരാത്രി കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്‍റെ നമ്പർ ഉൾപ്പെടെ വ്യക്തമായത് പ്രതിയെ കണ്ടെത്താൻ സഹായിച്ചു. മാമ്പഴം ബോക്സിൽ നിന്ന് പുറത്തെടുത്ത് സ്കൂട്ടറിൽ ഇടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിശപ്പ് മൂലമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തത്.

Read More

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനമായ ഫോൺ പേ അതിന്‍റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഫോൺ പേയുടെ വരവ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിംഗ് (ഐപിഒ) നടത്താൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കുള്ള മാറ്റം മൂന്ന് ഘട്ടങ്ങളിലായാണ് ഫോൺ പേ പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷം, സിംഗപ്പൂരിലെ എല്ലാ സബ്സിഡിയറികളേയും ഫോൺ പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ കൊണ്ടുവന്നു. ഇൻഷുറൻസ് ബ്രോക്കിംഗ്, വെൽത്ത് ബ്രോക്കിംഗ് സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രണ്ടാമതായി, ഫോൺ പേ ജീവനക്കാർക്കായി ഒരു പുതിയ സ്റ്റോക്ക് ഉടമസ്ഥാവകാശ പദ്ധതി അവതരിപ്പിച്ചു. ഇതിലൂടെ, ജീവനക്കാരുടെ നിലവിലുള്ള സ്റ്റോക്ക് ഉടമസ്ഥത പ്ലാനുമായി പുതിയതിനെ സംയോജിപ്പിച്ചു. മൂന്നാമതായി, ഓട്ടോമാറ്റിക് ഓവർസീസ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് റൂൾസ് പ്രകാരം ഫോൺ പേ അടുത്തിടെ ഏറ്റെടുത്ത ഇന്ഡസ് ഒഎസ് ആപ്പ് സ്റ്റോറിന്‍റെ ഉടമസ്ഥാവകാശം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റി.

Read More

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്യൂകുറോ മനാബെ, ക്ലൗസ് ഹസ്സൽമാൻ, ഗിയോർജിയോ പാരിസി എന്നിവർക്കാണ് കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ പെബുവിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നാളെയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

Read More