Author: News Desk

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും മത്സരം ശക്തിപ്പെടുത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് തരൂർ ഇക്കാര്യം അറിയിച്ചത്. “ഡൽഹി കേന്ദ്രീകരിച്ചുള്ള ചില മാധ്യമങ്ങളിൽ ഞാൻ ഇന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കുമെന്ന വാർത്തകൾ കണ്ടിരുന്നു. വെല്ലുവിളികളിൽ പിന്നോട്ട് പോകില്ല, ഇതുവരെ അതുണ്ടായിട്ടില്ല. ഇനിയുണ്ടാവുകയുമില്ല”, തരൂർ പറഞ്ഞു. ഇതൊരു പോരാട്ടമാണ്. പാർട്ടിക്കുള്ളിൽ തന്നെയുള്ള സൗഹൃദപരമായ പോരാട്ടം. അവസാനം വരെയുള്ള പോരാട്ടം. ഈ കർത്തവ്യം തീരുന്നത് വരെ താൻ ഇവിടെ തന്നെ കാണുമെന്നും ശശി തരൂർ വ്യക്തമാക്കി.

Read More

ദോഹ: ഹമദ് തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്-2) സർക്കുലർ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു. ഹമദ് തുറമുഖത്തെ പുതിയ കപ്പൽ സർവീസിന്‍റെ നടത്തിപ്പ് ചുമതല അലാദിൻ എക്സ്പ്രസിനായിരിക്കുമെന്ന് ക്യു ടെർമിനൽസ് അറിയിച്ചു. ഖത്തറിനെ ഇന്ത്യ, ബഹ്റൈൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർക്കുലർ ഷിപ്പ് സർവീസ്. ഗുജറാത്തിലെ മുന്ദ്ര അദാനി ടെർമിനലിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസിലേയ്ക്ക് പോകുന്ന കപ്പൽ അവിടെ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ, ഖത്തറിലെ ഹമദ്, യുഎഇയിലെ ജബൽ അലി എന്നീ തുറമുഖങ്ങൾ വഴി വീണ്ടും മുന്ദ്ര തുറമുഖത്ത് എത്തും. ഖത്തറും ഇന്ത്യയുൾപ്പെടെയുള്ള നാല് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ പുതിയ കപ്പൽ സർവീസ് സഹായിക്കും. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയുമായി ബന്ധിപ്പിച്ചുള്ള ഷിപ്പിംഗ് സർവീസുകൾ ആരംഭിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് ഗൾഫ്-ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആദ്യ സർവീസായ ഗൾഫ്-ഇന്ത്യ എക്സ്പ്രസ്…

Read More

ഐഎസ്ആർഒയുടെ ചന്ദ്രയാൻ -2 ചന്ദ്രനിൽ വലിയ അളവിൽ സോഡിയം ഉണ്ടെന്ന് കണ്ടെത്തി. ചന്ദ്രയാൻ -2 ഓർബിറ്ററിന്‍റെ എക്സ്-റേ സ്പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് കണ്ടെത്തൽ. ഇതാദ്യമായാണ് ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നതെന്ന് ഐഎസ്ആർഒ പറഞ്ഞു. നേരത്തെ, ചന്ദ്രയാൻ -1 ന്‍റെ എക്സ്-റേ-ഫ്ലൂറസെൻസ് സ്പെക്ട്രോമീറ്റർ ചന്ദ്രനിൽ സോഡിയത്തിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇത് കൂടുതൽ അളവ് കണ്ടെത്തുന്നതിനുള്ള സാധ്യത തുറന്നിട്ടിരുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച ‘ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിൽ’ ആണ് സോഡിയം നിക്ഷേപങ്ങൾ കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചത്. യുആർ റാവു സാറ്റലൈറ്റ് സെന്‍ററിൽ നിർമ്മിച്ച ‘ക്ലാസ്’ ചന്ദ്രനിലെ സോഡിയം നിക്ഷേപങ്ങളുടെ സാന്നിധ്യത്തിന്‍റെ വ്യക്തമായ തെളിവുകൾ നൽകുന്നു. ഈ മേഖലയിലെ തുടർപഠനങ്ങൾക്ക് ഈ കണ്ടെത്തൽ സഹായകമാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

Read More

കോഴിക്കോട്: മതിയായ ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകർ. മതിയായ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കലാ-കായിക മേളകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് പ്രധാനാധ്യാപകരുടെ സംഘടനയുടെ തീരുമാനം. 2016ലാണ് സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് വില നിശ്ചയിച്ചത്. 150 വിദ്യാർത്ഥികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിന് ഒരു വിദ്യാർത്ഥിക്ക് 8 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുക ഉപയോഗിച്ച്, ഉച്ചഭക്ഷണം മാത്രമല്ല, പാൽ, മുട്ട എന്നിവയും ആഴ്ചയിൽ രണ്ട് തവണ കുട്ടികൾക്ക് നൽകണം. ഇതിന്‍റെ എല്ലാ ഉത്തരവാദിത്തവും സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പച്ചക്കറികളുടെയും ഗ്യാസിന്‍റെയും വില പലമടങ്ങ് വർദ്ധിച്ചിട്ടുണ്ടെങ്കിലും ഉച്ചഭക്ഷണത്തിന് മാത്രം സർക്കാർ നൽകുന്ന തുകയിൽ മാറ്റമുണ്ടായിട്ടില്ല. കുട്ടികൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അധ്യാപകര്‍.

Read More

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് (എഫ്എംസിജി) കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിലിവർ സോപ്പുകളുടെയും ഡിറ്റർജന്‍റുകളുടെയും വില കുറച്ചു. മുൻനിരയിലുള്ള സോപ്പുകളുടെ വില രണ്ട് മുതൽ പത്തൊൻപത് ശതമാനം വരെ കുറച്ചതായി കമ്പനിയുടെ വിതരണക്കാർ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷമാണ് ഹിന്ദുസ്ഥാൻ യൂണിലിവർ വില കുറയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ വർഷങ്ങളിൽ അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നതിനെ തുടർന്നാണ് കമ്പനി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചത്. അസംസ്കൃത വസ്തുക്കളുടെ വില ജൂണിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. അടുത്തിടെയാണ് അസംസ്കൃത വസ്തുക്കളുടെ വില കുറയാൻ തുടങ്ങിയത്.  കഴിഞ്ഞ നാല് പാദങ്ങളിൽ, എഫ്എംസിജി കമ്പനികൾ 8 മുതൽ 15 ശതമാനം വരെ വില വർദ്ധിപ്പിച്ചതായി വിശകലന വിദഗ്ധർ പറയുന്നു. 

Read More

യു.എ.ഇ. ദിർഹവുമായി ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82 രൂപ 37 പൈസ എന്ന നിരക്കിലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യൻ രൂപ മാത്രമല്ല, മറ്റ് കറൻസികളും ഡോളറിനെതിരെ ഇടിഞ്ഞു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലാണ് യൂറോ എത്തിയത്. ഒമാൻ റിയാലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1,000 രൂപയ്ക്ക് 4.689 റിയാലാണ് വിനിമയ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീതി എണ്ണയുടെയും കറൻസിയുടെയും വിലയെ ബാധിച്ചു. ഇതേ രീതിയിൽ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. മൂല്യത്തകർച്ച മുതലെടുത്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായതായി ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കി. ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് എണ്ണവില ഉയർന്നത്.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം മടക്കി. നേരത്തെ അംഗീകരിച്ച രൂപരേഖയിലെ മാറ്റമാണ് തിരിച്ചയക്കാൻ കാരണം. നേരത്തെ, കരമാർഗ്ഗമുള്ള റെയിൽപാതയ്ക്ക് അനുമതി നൽകിയിരുന്നു. ഇത് തുരങ്ക പാതയാക്കിയുള്ള രൂപരേഖയാണ് തിരിച്ചയച്ചത്. പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടാണ് പരിസ്ഥിതി മന്ത്രാലയം തിരിച്ചയത്. സെപ്റ്റംബറിൽ ചേർന്ന വിദഗ്ധ സമിതിയാണ് തുരങ്കത്തിനെതിരെ നിലപാടെടുത്തത്. പദ്ധതി പ്രദേശത്ത് നിന്ന് ബാലരാമപുരം വരെ 10.7 കിലോമീറ്ററാണ് നിർദ്ദിഷ്ട തുരങ്കപാത. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുമെന്ന് വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു. തുടക്കത്തിൽ, കരമാർഗ്ഗമുള്ള റെയിൽവേ ലൈനിന് അനുമതി തേടിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഭൂമിക്കടിയിലൂടെയുള്ളതാക്കി മാറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 28ന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫ്രഷ് ലൈം സോഡാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിർമ്മൽ സഹദേവാണ്. ചിത്രത്തിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. കാഞ്ഞിരംകാട് എന്ന സ്ഥലത്താണ് സിനിമയുടെ കഥ നടക്കുന്നത്. നിഗൂഢതയും ഹൊറർ പശ്ചാത്തലവും നിറഞ്ഞതാണ് ട്രെയിലർ. മന്ത്രവാദവും, കുരുതികളങ്ങളുമുള്ള ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, ഗിജു ഗോൺ, തൻവി റാം, സ്ഫടികം ജോർജ്, രാഹുൽ മാധവ്, ശിവജിത്ത്, ശ്രുതി മേനോൻ, ശൈലജ കൊട്ടാരക്കര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. നിർമ്മൽ സഹദേവും ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്റെ രചന, ഛായാഗ്രഹണം എബ്രഹാം ജോസഫും, സംഗീതം ജേക്സ് ബിജോയിയും നിർവഹിക്കുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 9 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. 

Read More

ന്യൂഡല്‍ഹി: പ്രകൃതി വാതകങ്ങളുടെ വില വർദ്ധിച്ചതിന് പിന്നാലെ ഡൽഹിയിൽ സിഎൻജി, പിഎൻജി എന്നിവയുടെ വില കുത്തനെ വർദ്ധിപ്പിച്ചു. രണ്ട് വാതകങ്ങളുടെയും വില 3 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ സിഎൻജിയുടെ വില കിലോഗ്രാമിന് 75.61 രൂപയിൽ നിന്ന് 78.61 രൂപയായി ഉയർന്നതായി പ്രകൃതി വാതക വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് അറിയിച്ചു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ക്യുബിക് മീറ്ററിന് 50.59 രൂപയായിരുന്ന പിഎൻജിയുടെ വില 53.59 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം മെയ് 21ന് സിഎൻജിയുടെ വില രണ്ട് രൂപ വർദ്ധിപ്പിച്ചിരുന്നു. 2021 ഏപ്രിൽ മുതൽ സിഎൻജി വിലയിൽ 80 ശതമാനം വർദ്ധനവുണ്ടായി. ഇത് 14-ാമത്തെ വില വർദ്ധനവാണ്. പിഎൻജി നിരക്കിൽ 91 ശതമാനം വർദ്ധനവുണ്ടായി. 2021 ഓഗസ്റ്റിന് ശേഷം 10 തവണയാണ് പിഎൻജി നിരക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി വാതകങ്ങളുടെ വില 40 ശതമാനം വരെ സർക്കാർ വർദ്ധിപ്പിച്ചതാണ് സിഎൻജി, പിഎൻജി എന്നിവയുടെ വില വർദ്ധനവിന് കാരണമായത്. നോയിഡ,…

Read More