Author: News Desk

തൃശൂർ: ബ്രഹ്മപുരം തീപിടിത്തം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും കേന്ദ്രസഹായം തേടാത്ത സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രൻ. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനം ഒരു മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. എന്നാൽ സംസ്ഥാനം കേന്ദ്രസഹായം ആവശ്യപ്പെടുന്നില്ല. ഇത്രയും വലിയ ദുരന്തം ഉണ്ടായിട്ടും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രസഹായം ആവശ്യപ്പെടാത്തതെന്ന് പിണറായി വ്യക്തമാക്കണം. അഴിമതിയിൽ തുടരന്വേഷണം ഉണ്ടാകുമെന്ന് പിണറായിക്ക് ഭയമുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു. അഭിമാന പ്രശ്‍നം കൊണ്ടാണോ അതോ വിഷയം ദേശീയ തലത്തിൽ ശ്രദ്ധ നേടുമെന്നതിനാലാണോ കേന്ദ്രത്തിന്‍റെ സഹായം തേടാത്തത്. ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. സർക്കാർ അടിയന്തരമായി കേന്ദ്രസഹായം തേടണം. പല സത്യങ്ങളും പുറത്തുവരാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും സുരേന്ദ്രൻ ആരോപിച്ചു.

Read More

ആലപ്പുഴ: ആലപ്പുഴയിൽ കൃഷി ഓഫീസർ എം ജിഷമോൾ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. ഹൈവേ മോഷണവുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് വാളയാറിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേർക്ക് ആലപ്പുഴയിലെ കള്ളനോട്ട് ഇടപാടുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. അറസ്റ്റിലായവരിൽ ഒരാൾ കേസിലെ പ്രധാന കണ്ണിയായ കളരിയാശാനാണെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ ജിഷമോൾക്ക് കള്ളനോട്ട് നൽകിയത് ഇയാളാണെന്നായിരുന്നു മൊഴി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ആലപ്പുഴയിൽ നിന്നുള്ള പോലീസ് സംഘം പാലക്കാട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ചോദ്യം ചെയ്യലിനായി ആലപ്പുഴയിലേക്ക് എത്തിക്കാനാണ് തീരുമാനം.

Read More

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വീട് സന്ദർശിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വാർത്ത സഞ്ജു തന്നെയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തമിഴ് സൂപ്പർസ്റ്റാറിന്‍റെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലേക്ക് പോയതെന്ന് സഞ്ജു സാംസൺ പ്രതികരിച്ചു. ഏഴാം വയസ് തൊട്ട് താനൊരു സൂപ്പർ രജനി ആരാധകനായിരുന്നു. ഒരു ദിവസം രജനി സാറിനെ വീട്ടിൽ പോയി കാണുമെന്ന് തന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. 21 വർഷങ്ങൾക്ക് ശേഷമാണ് ആ ദിനം വന്നെത്തിയതെന്നും സഞ്ജു പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു ഇപ്പോൾ. സഞ്ജു സാംസണാണ് രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ. ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പിന്നീട് പരിക്ക് കാരണം അദ്ദേഹം ടീമിൽ നിന്ന് പുറത്തായിരുന്നു. പരിക്ക് ഭേദമായെങ്കിലും സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല.

Read More

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (14-03-2023) മുതൽ 16-03-2023 വരെ 1.9 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതായും അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശപ്രകാരം ജനങ്ങൾ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുക. ബോട്ടുകൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് കൂട്ടിയിടിക്കാനുള്ള സാധ്യത ഒഴിവാക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിലെ വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Read More

ഡോൾബി : മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ അവാർഡ് നേടി രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു” എന്ന ഗാനം. ‘നാട്ടു നാട്ടു’വിലൂടെ വീണ്ടും സംഗീത വിഭാഗത്തിലെ ഓസ്കാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്. എംഎം കീരവാണിയാണ് സംഗീതം. വരികൾ രചിച്ചത് ചന്ദ്രബോസ്. കാല ഭൈരവയും രാഹുൽ സിപ്ലിഗാഞ്ചും ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഗോൾഡൻ ഗ്ലോബ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നാട്ടു നാട്ടു സ്വന്തമാക്കി കഴിഞ്ഞിരുന്നു.

Read More

സ്പെയിൻ : സ്പെയിനിൽ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്സലോണയ്ക്കും സെവിയ്യയ്ക്കും ജയം. ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്ലെറ്റിക്ക് ബിൽബാവോയെ തകർത്തപ്പോൾ അൽമെറിയോനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സെവിയ്യയും പരാജയപ്പെടുത്തി. ബിൽബാവോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റാഫിനിയ നേടിയ ഏക ഗോളാണ് ബാഴ്സയെ വിജയത്തിലേക്ക് നയിച്ചത്. ഹോം ഗ്രൗണ്ടിൽ പിറകിൽ നിന്ന് തിരിച്ചടിച്ചാണ് സെവിയ്യ മത്സരത്തിൽ വിജയിച്ചത്. സെർജിയോ അക്കിയേമെയിലൂടെ അൽമെറിയ ആദ്യം ലീഡ് നേടിയിരുന്നു. ലൂക്കാസ് ഓക്കാംപോസ്,എറിക് ലമേല എന്നിവരാണ് സെവിയ്യയ്ക്കായി ഗോളുകൾ നേടിയത്. ഇറ്റലിയിൽ നടന്ന സെരി എ മത്സരത്തിൽ യുവന്‍റസ്, സാംപ്ദോറിയയെ 2-4 ന് പരാജയപ്പെടുത്തി. യുവന്‍റസിന്‍റെ അഡ്രിയാൻ റാബിയോട്ട് രണ്ട് ഗോളുകൾ നേടി. യുവന്‍റസിനായി ഗ്ലെയ്സൻ ബ്രെമർ,മത്യാസ് സൂളെ എന്നിവരും ഗോൾ നേടി. സാംപ്ഡോറിയയ്ക്കായി തോമോസാ ആ​ഗ്വേല, ഫിലിപ്പ് ദുറിസിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്.

Read More

അമേരിക്ക: അമേരിക്കയിലെ സാൻ ഡിയേഗോ തീരത്തുണ്ടായ ബോട്ടപകടത്തിൽ എട്ട് മരണം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ബോട്ടുകൾ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഏഴ് പേരെ കാണാതായി. ബോട്ടുകളിലെ മറ്റ് യാത്രക്കാർ നീന്തി സാൻ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് അധികൃതർ സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്. രണ്ട് ബോട്ടുകളിലുമായി 23 പേരാണ് ഉണ്ടായിരുന്നത്.

Read More

കോട്ടയം: മാന്നാനത്ത് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ യുവാവിനെ ടവറിൽ നിന്ന് താഴെയിറക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇടുക്കി മാമലക്കണ്ടം സ്വദേശി ഷിബു മാന്നാനം ഷോപ്പുംപടിയിലെ മൊബൈൽ ടവറിന് മുകളിൽ കയറിയത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തടിച്ചുകൂടിയെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് ഷിബു വൈകിട്ട് അഞ്ച് മണി വരെ ടവറിന് മുകളിൽ തന്നെ തുടരുകയായിരുന്നു. ഒടുവിൽ ടവറിന് മുകളിൽ കയറാൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീരുമാനിച്ചതോടെ ഷിബു സ്വയം താഴെ ഇറങ്ങുകയായിരുന്നു. ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിബു മദ്യലഹരിയിലായിരുന്നെന്നാണ് പോലീസ് നിഗമനം. മരംവെട്ട് ജോലിക്കായി മാമലക്കണ്ടത്ത് നിന്ന് മാന്നാനത്ത് എത്തിയതായിരുന്നു ഷിബു.

Read More

ഡോൾബി : 95ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ തിളങ്ങി ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യ ചരിത്രം കുറിച്ചത്. ദ് എലിഫന്റ് വിസ്പറേഴ്സിനാണു പുരസ്കാരം. തമിഴ്‌നാട്ടിലെ മുതുമല ദേശീയ ഉദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററി ആണിത്. ലൊസാഞ്ചസിലെ ഡോൾബി തിയറ്റർസ് മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഗില്ലെർമോ ഡെൽ ടോറോ സംവിധാനം ചെയ്ത പിനോക്കിയോ ആണ് മികച്ച അനിമേഷൻ ചിത്രം.

Read More

കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്‍റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കൊച്ചിയിൽ മാത്രമല്ല, മറ്റെവിടെയും ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സർക്കാർ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ബ്രഹ്മപുരത്തിന്‍റെ ഇന്നത്തെ സായാഹ്ന കാഴ്ച. തീയും പുകയും പൂർണമായും അണച്ചു. കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം, ഫയർഫോഴ്സ്, കോർപ്പറേഷൻ അധികൃതർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, പോലീസ് തുടങ്ങി ഈ ദുഷ്കരമായ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും. കൊച്ചിയിൽ മാത്രമല്ല, കേരളത്തിൽ മറ്റൊരിടത്തും മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാനുള്ള കർമ്മ പദ്ധതി എല്ലാവരുടെയും പിന്തുണയോടെ ഈ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി കുറിച്ചു.

Read More