തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി മൂന്നംഗ പാനൽ ഗവർണർക്ക് സമർപ്പിച്ച് സർക്കാർ. ഡിജിറ്റൽ വി.സി സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി.ഇ.ടിയിലെ പ്രൊഫസർ അബ്ദുൾ നസീർ എന്നിവരാണ് സർക്കാർ സമർപ്പിച്ച പട്ടികയിലുള്ളത്. അടുത്ത ദിവസം സിസ തോമസ് വിരമിക്കാനിരിക്കെയാണ് ഈ നീക്കം. കെ.ടി.യുവിന്റെ താൽക്കാലിക വി.സി നിയമനത്തിൽ സർക്കാരിന് വഴങ്ങിയ ഗവർണർ താൽപ്പര്യമുള്ളവരുടെ പേരുകൾ നൽകാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കെ.ടി.യു വി.സി നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ വലിയ തർക്കം നടന്നിരുന്നു. ഡിജിറ്റൽ വി.സി സജി ഗോപിനാഥ് ഉൾപ്പടെ സർക്കാർ നിർദ്ദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിന് ചുമതല നൽകിയത്. സിസയുടെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് രാജ്ഭവൻ കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു.