തിരുവനന്തപുരം: സ്കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന തിങ്കളാഴ്ച മുതല്‍ വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകളുടെ ടൈംടേബിളില്‍ മാറ്റം വരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. പാഠഭാഗങ്ങള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മേല്‍നോട്ടം വേണമെന്നും വകുപ്പിന് കീഴിലുള്ള സ്വയംഭരണ/ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.
സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.അതേസമയം ഫെബ്രുവരി 21ന് മുഴുവന്‍ കുട്ടികളും സ്കൂളുകളില്‍ എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്കൂളുകളില്‍ വൃത്തിയാക്കലും അണുനശീകരണവും നടക്കും. സ്കൂളുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്‍ക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിദ്യാര്‍ത്ഥി – യുവജന – തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും കത്തയച്ചിരുന്നു.
മന്ത്രിയുടെ അഭ്യര്‍ത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകള്‍ സ്കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ഈ സംഘടനകളും സ്കൂള്‍ വൃത്തിയാക്കലിന്റെ ഭാഗമാകും.