മനാമ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. ഹിസ് മജസ്റ്റി കിംഗ് ഹമദ് ഇന്നലെ യൂസഫലിയെ സഫ്രിയ പാലസിൽ സ്വീകരിച്ചു.
ബഹ്റൈന്റെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള യൂസഫലിയുടെ ശ്രമങ്ങളെയും സംഭാവനകളെയും രാജാവ് പ്രശംസിച്ചു. ലുലു ഗ്രൂപ്പ് സ്ഥാപിതമായതുമുതൽ കൈവരിച്ച വിജയങ്ങളെയും ബഹ്റൈനിലും വിദേശത്തും സ്ഥിരമായി വളരുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
എംഎ യൂസഫലിക്കാണ് ആദ്യമായി ബഹ്റൈൻ ഗോൾഡൻ റസിഡൻസി വിസ ലഭിച്ചത്. ഹമദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നു. ഈ പുതിയ സ്ഥിരം താമസ സംരംഭം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്റൈനിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നും യൂസഫലി പറഞ്ഞു.