കുവൈറ്റ് സിറ്റി: ഒമിക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരാൻ കുവൈത്ത് പൗരന്മാർക്ക് നിർദേശം നൽകി. ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ കുവൈറ്റ് വിദേശ കാര്യ മന്ത്രാലയമാണ് അവരുടെ പൗരന്മാരോട് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചത്. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങൾ ലോക്ഡൗണിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും യാത്രകൾ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ചു ക്രമീകരിക്കണമെന്നും എംബസികൾ അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന കുവൈത്തികളോട് യാത്ര മാറ്റിവെക്കാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടനിലുള്ള കുവൈത്തികളോടും സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
