ദില്ലി: രാജ്യത്തിന്റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇനി ഓർമ. ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാർ സ്ക്വയറിൽ നടന്നു.
വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
മക്കളായ കൃതികയും, തരിണിയും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവർ ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും അവസാനയാത്രാമൊഴിയേകാനെത്തിയത് കണ്ണീർക്കാഴ്ചയായി.
ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സൈന്യം സംയുക്തസൈനികമേധാവിയ്ക്ക് 17 ഗൺസല്യൂട്ടുകളോടെ അന്ത്യാഭിവാദ്യം നൽകിയത്.