തിരുവനന്തപുരം: സർക്കാർ വകുപ്പുകളിൽ നിന്നു സർക്കാർ അറിയാതെ ഒരു കടലാസ് പോലും പുറത്തേക്കു പോകരുതെന്നും ജീവനക്കാർ കർശന ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു സിഎജി റിപ്പോർട്ടുകളുടെ ഉള്ളടക്കം അവ നിയമസഭയിൽ സമർപ്പിക്കുന്നതിനു മുൻപേ ചോർന്നതിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ആർ.രാജശേഖരൻ നായർ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് ഉത്തരവ്. ഡിജിറ്റൽ രേഖകൾ കൈകാര്യം ചെയ്യുമ്പോൾ സൈബർ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ പാലിക്കണം.
സുരക്ഷിതമായി സൂക്ഷിക്കേണ്ട രേഖകൾ കൈകാര്യം ചെയ്യുന്നവരെ 3 വർഷത്തിൽ കൂടുതൽ ഒരു വകുപ്പിൽ ജോലി ചെയ്യാൻ അനുവദിക്കരുത്. ഫയലുകൾ ചോർത്തി നൽകുന്നവർക്കെതിരെ കേരള സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.