മനാമ: ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ ഇന്ന് നടന്ന ഒരു യോഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐസിആർഎഫിന്റെ പുതിയ ടീമിന്റെ ചെയർമാനായി ഡോ. ബാബു രാമചന്ദ്രനെ നിയമിച്ചു. ഐസിആർഎഫിന്റെ ചെയർമാനായി മൂന്നുവർഷത്തെ കാലാവധി പൂർത്തിയാക്കിയ അരുൾദാസ് തോമസിനു പകരം ഡോ. ബാബു ചുമതലയേൽക്കും.
പുതിയ എക്സിക്യൂട്ടീവ് ടീമിൽ വൈസ് ചെയർമാനായി അഡ്വ. വി കെ തോമസ്, ജനറൽ സെക്രട്ടറിയായി പങ്കജ് നല്ലൂർ, ട്രഷററായി മണി ലക്ഷ്മണമൂർത്തി, ജോയിന്റ് സെക്രട്ടറിമാരായി നിഷ രംഗരാജൻ, അനീഷ് ശ്രീധരൻ, ജോയിന്റ് ട്രഷററായി രാകേഷ് ശർമ്മ എന്നിവർ ചുമതലയേൽക്കും.
അരുൾദാസ് തോമസ് പുതിയ ടീമിനൊപ്പം എക്സ്- ഒഫീഷ്യയോ / ഉപദേഷ്ടാവായി തുടരും. ഭഗവാൻ അസർപോട്ടയും ഉപദേഷ്ടാവായി തുടരും. സുരേഷ് ബാബു, മുരളി നോമുല, സുൽഫിക്കർ അലി, പങ്കജ് മാലിക്, ജവാദ് പാഷ, രമൺ പ്രീത് എന്നിവരാണ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ. നിലവിലെ ഐസിആർഎഫ് ഫുൾ ടീം അംഗങ്ങളും പ്രാദേശിക ഫോറം അംഗങ്ങളും സന്നദ്ധപ്രവർത്തകരും മാറ്റങ്ങൾ ഇല്ലാതെ തുടർന്ന് എക്സിക്യൂട്ടീവ് ടീമിനെ പിന്തുണയ്ക്കും.
അരുൾദാസ് തോമസിന്റെ അധ്യക്ഷതയിൽ ഐസിആർഎഫ് ഏറ്റെടുത്ത മഹത്തായ പ്രവർത്തനങ്ങളെ ചടങ്ങിൽ അംബാസഡർ പ്രത്യേകിച്ചും അഭിനന്ദിച്ചു. ഡോ. ബാബുവിനെയും പുതിയ ടീമിനെയും സ്വാഗതം ചെയ്ത് അഭിനന്ദനം അറിയിച്ചു .
ബഹ്റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ പൊതു ക്ഷേമത്തിനായി ബഹ്റൈൻ രാജ്യത്തിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന 1999-ൽ സ്ഥാപിതമായ ഒരു സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഒരു കൈ സഹായം നൽകുക എന്നതാണ് ഐ.സി.ആർ.എഫ് ന്റെ ദൗത്യം. നിയമസഹായം, അടിയന്തിര സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സർവീസസ്, മെഡിക്കൽ സഹായം, കൗൺസിലിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വിവിധ പ്രാദേശിക ഉപസമിതികളുമായി, പ്രകൃതി ദുരന്തം, വെള്ളപ്പൊക്കം മുതലായ അടിയന്തിര സാഹചര്യങ്ങളിൽ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ഐ.സി.ആർ.എഫ് ന്റെ ടീം തയ്യാറാണ്.

ഐ.സി.ആർ.എഫ് കമ്മ്യൂണിറ്റി വെൽഫെയർ സർവീസസ് അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇതുവരെ ഐ.സി.ആർ.എഫ് 130 -ൽ അധികം മെഡിക്കൽ ക്യാമ്പുകൾ നടത്തിയിട്ടുണ്ട്, അത് 40,000 -ലധികം തൊഴിലാളികൾക്കു പ്രയോജനം ചെയ്തു. ഐസിആർഎഫിന്റെ കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങളിൽ സൽമാനിയ മോർച്ചറി സന്ദർശനം, ജയിൽ സന്ദർശനം, തടങ്കൽ കേന്ദ്രം സന്ദർശനം, ഇമിഗ്രേഷൻ ഡയറക്ടറേറ്റ് സന്ദർശനം തുടങ്ങിയവ ഉൾപ്പെടുന്നു.
കോവിഡ് -19 പാൻഡെമിക് സമയത്ത്, ഐ.സി.ആർ.എഫ് ഭക്ഷണ കിറ്റുകൾ, എയർ ടിക്കറ്റുകൾ, പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകൾ, ആൻറി ബാക്ടീരിയൽ സോപ്പുകൾ, ബോധവൽക്കരണ ഫ്ലയറുകൾ തുടങ്ങിയവ നൽകിക്കൊണ്ട് സമൂഹത്തിലേക്ക് എത്തി. ഇത് 50,000-ൽ പരം ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനം ചെയ്തു. ഇവ ഇപ്പോഴും തുടർന്നു കൊണ്ട് ഇരിക്കുന്നു.
ഐസിആർഎഫിന്റെ ഏറ്റവും പ്രധാന ലക്ഷ്യം ബഹ്റൈനിൽ മരണപ്പെട്ട പാവപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകുന്ന കുടുംബ സഹായ നിധി പരിപാലിക്കുകയാണ് . സ്കൂൾ കുട്ടികൾക്കായുള്ള സ്പെക്ട്ര പോലുള്ള വാർഷിക ഡ്രോയിംഗ്, പെയിന്റിംഗ് മത്സര പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടും കൂടാതെ ഉദാരമായ സംഭാവനകൾ സ്വീകരിച്ചും ഐ.സി.ആർ.എഫ് അതിന്റെ ഫണ്ട് ശേഖരിക്കുന്നു. ഇതുവരെ ഞങ്ങൾ 500 -ലധികം കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകിയിട്ടുണ്ട് – ഏകദേശം 5 കോടിയിലധികം രൂപ.
