ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 52 രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.വിദേശ രാഷ്ട്രങ്ങൾ നേരിട്ടും, സ്വകാര്യ സന്നദ്ധ സംഘടനകൾ മുഖേനയും , വിദേശത്തെ ഇന്ത്യൻ സമൂഹവും, ബഹുരാഷ്ട്ര കമ്പനികളുമെല്ലാം ദുരന്തത്തെ അതിജീവിക്കാൻ ഭാരതത്തിന് സഹായം നൽകി മുന്നോട്ട് വന്നു. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം , ആഭ്യന്തര മന്ത്രാലയം, തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും നിതി ആയോഗ് പോലുള്ള ഗവണ്മെന്റ് ഏജൻസികളുടെയും പ്രതിനിധികളുൾപ്പെടുന്ന അത്തർ മന്ത്രാലയ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് സംഭാവനകൾ സ്വീകരിച്ചത്.
27116 ഓക്സിജൻ സിലണ്ടറുകൾ, 29327 ഓക്സിജൻ കോൺസെന്ററേറ്ററുകൾ, 48 ഓക്സിജൻ പി.എസ്.എ പ്ലാന്റുകൾ 19375 വെന്റിലേറ്ററുകൾ എന്നിവ വിദേശത്ത് നിന്ന് ലഭിച്ച ഉപകരണങ്ങളിൽ ഉൾപ്പെടുന്നു. ഫവിപിറാവിർ, റെംഡിസിവിർ, ടൊസിലിസുമാബ് തുടങ്ങിയ മരുന്നുകളും മാസ്ക് ,കൊവിഡ് ദ്രുത പരിശോധനാ കിറ്റുകളും കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ സഹായമായി ലഭിച്ചെന്ന് ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിൻ 1 ന്റെ 31.5 ലക്ഷം ഡോസും, സ്പുട്നിക് വാക്സിൻ 2 ന്റെ 4.5 ലക്ഷം ഡോസും ഇന്ത്യ ഇറക്കുമതി ചെയ്തെന്നും മന്ത്രി വ്യക്തമാക്കി.