നാഗ്പ്പൂർ: വിമാനാത്രക്കിടെ ഏഴുവയസ്സുകാരി പെൺകുട്ടി മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ലക്നൗവിൽ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന വിമാനത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഗോ എയർ വിമാനത്തിൽ അച്ഛനൊപ്പം യാത്രചെയ്ത പെൺകുട്ടിയാണ് മരണപ്പെട്ടത്. നാഗ്പ്പൂരിൽ അടിയന്തിരമായി ഇറക്കിയ വിമാനത്തിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉത്തർപ്രദേശ് സ്വദേശിനി ആയുഷി പുൻവാസി പ്രജാപതി എന്ന പെൺകുട്ടിയാണ് മരണപ്പെട്ടത്.വിമാനം ഉയരത്തിലായിരിക്കേയുണ്ടായ സമ്മർദ്ദം കുട്ടിയുടെ രോഗാവസ്ഥ വർദ്ധിപ്പിച്ചതാണെന്ന നിഗമനത്തിലാണ് വിമാന കമ്പനി അധികൃതർ. പെൺകുട്ടിക്ക് രക്തക്കുറവുണ്ടായിരുന്നു. 8 മുതൽ 10 വരെ ഹീമോഗ്ലോബിൻ അളവിന് താഴെയുള്ളവരെ വിമാനയാത്ര ചെയ്യാൻ അനുവദിക്കാറില്ല. 2.5 ജി.എം.സി ഹിമോഗ്ലോബിൻ മാത്രമാണ് ആയുഷിക്കുണ്ടായിരുന്നത്. ഇത്തരക്കാരെ വിമാന യാത്ര ചെയ്യുന്നത് അപകടമാണ്. ഇത്തരം വിവരങ്ങൾ അച്ഛൻ മറച്ചുവച്ചിരുന്നുവെന്നും വിമാന കമ്പനി അറിയിച്ചു. മൃതദേഹവുമായി നാട്ടിലേക്കുള്ള യാത്രയടക്കം എല്ലാ സംവിധാനങ്ങളും വിമാന കമ്പനി അധികൃതർ ഒരുക്കി നൽകി.