കവരത്തി: ലക്ഷദ്വീപിൽ പതിനാലു പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ദ്വീപിൽ കഴിഞ്ഞ ദിവസം ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ആദ്യ രോഗബാധിതനുമായി സമ്പർക്കം പുലർത്തിയതിൽ 14 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ജനുവരി നാലിന് കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെത്തിയാൾക്കാണ് കഴിഞ്ഞ ദിവസം കൊറോണ പോസിറ്റീവായത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 31 പേരാണ് ഇയാളുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇതിൽ 14 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയ 56 പേരെയും കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയതോടെ ലക്ഷദ്വീപ് ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. അണുനശീകരണ പ്രവർത്തനങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.