മനാമ: കോവിഡ് -19 വാക്സിൻ സ്വീകരിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന പൗരന്മാരുടെയും താമസക്കാരുടെയും ഉയർന്ന നിരക്ക് കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ടെത്തി വാക്സിൻ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചു. എല്ലാ മുൻകരുതലും, സുരക്ഷാ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം.
Healthalert.gov.bh എന്ന വെബ്സൈറ്റ് സന്ദർശിച്ച് പൗരന്മാർക്കും താമസക്കാർക്കും വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് തുടരാം. രജിസ്റ്റർ ചെയ്യുന്നവരെ അവരുടെ ഇഷ്ടപ്പെട്ട ആരോഗ്യ കേന്ദ്രവും അവർ സൗജന്യമായി സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വാക്സിനും തിരഞ്ഞെടുക്കാൻ ഓൺലൈൻ പോർട്ടലിലൂടെ ഇപ്പോൾ സാധിക്കും.
സ്വയം സുരക്ഷക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷാ ഉറപ്പു വരുത്തുന്നതിനുമായി വാക്സിനേഷൻ സ്വീകരിക്കുന്നതിന് എല്ലാ പൗരന്മാരും താമസക്കാരും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് -19 നെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതിന് ശരീരത്തിൻറെ പ്രതിരോധശേഷി ഉത്തേജിപ്പിച്ചാണ് പ്രതിരോധ കുത്തിവയ്പ്പുകൾ പ്രവർത്തിക്കുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും വിശകലനം ചെയ്യുകയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരത്തെത്തുടർന്നുമാണ് എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സർക്കാർ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകി തുടങ്ങിയത്.