മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സ്വദേശികളും വിദേശികളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. https://healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു.
18 വയസ്സിനുമേല്‍ പ്രായമുള്ള എല്ലാവർക്കും വാക്സിന് ലഭിക്കും. കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിന്റെ മേൽനോട്ടത്തിൽ രാജ്യത്തെ 27 ഹെൽത്ത് സെന്ററുകള്‍ വഴിയായിരിക്കും വാക്സിനേഷൻ നൽകുന്നത്. ലോകാരോഗ്യസംഘടന അംഗീകരിച്ച അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്ടെക്കും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഫെയ്സര്‍ ബയോ എന്‍ടെക് വാക്സിനാണ് ബഹറിൻ വിതരണം ചെയ്യുന്നത്.