കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ് രജിസറ്റർ ചെയ്ത കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ കസ്റ്റംസ് കേസിലും സ്വപ്നയ്ക്കു ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ റിമാൻഡിൽ തുടരേണ്ടി വരും. ഇതുകൂടാതെ കോഫെപോസ നിയമപ്രകാരം ഒരുവർഷം കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അനുമതിയും കസ്റ്റംസ് നേടിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എൻ.ഐയഎ കേസിൽ ജാമ്യം ലഭിച്ചാലും സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകില്ല.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കള്ളപ്പണം വെളുപ്പിച്ചതിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ 60 ദിവസം പൂർത്തിയായ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്വപ്നയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഈ വാദം അംഗീകരിച്ചാണ് കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്.